Wednesday, February 9, 2011

കൂട്ടാന്‍ചട്ടി

സ്കൂളില്‍ പഠിക്കുന്നകാലം. ഉച്ചക്ക് ചെറുപയറും ചോറും കഴിച്ച് അഞ്ചാം പിരീഡ് ക്ലാസിലിരിക്കുമ്പോള്‍ കണ്ണുകളില്‍ കിനിഞ്ഞിറങ്ങുന്ന ഉറക്കിനോട് യുദ്ധം ചെയ്ത് വേണം സരോജിനി ടീച്ചറുടെ സാമൂഹ്യപാഠം കേട്ടിരിക്കാന്‍. എന്നിട്ടും ഇടക്കൊക്കെ സ്നേഹം കൊണ്ട് സ്റ്റാന്റപ് എന്ന് ആജ്ഞാപിക്കും.

ഏഴാം പിരീഡ് മൊയ്തീന്‍കുട്ടി മാഷ് വന്ന് ഇംഗ്ലീഷ് സെക്കന്റിലെ 'ഇമ്പ് ആന്റ് ദ പെസെന്റ്, പഠിപ്പിക്കുമ്പോഴേക്കും വിശന്നു തുടങ്ങും. പിന്നെ വീട്ടിലെത്തുന്ന ചിന്തയായി. ചോറും പൊരിച്ച മീനും, താളിപ്പിലെ എണ്ണയില്‍ വെന്ത വെളുത്തുള്ളി, ചൂടുള്ള, മധുരം കുറഞ്ഞ കട്ടന്‍ ചായ, വാഴയ്ക്ക ഉപ്പേരി..! മിക്ക ദിവസങ്ങളിലും ഉമ്മ ചോറു വിളമ്പുന്നത് കൂട്ടാന്‍ചട്ടിയിലാണ്. അവസാനം കഴിക്കുന്ന ആള്‍ക്കുള്ളതാണ് 'കൂട്ടാന്‍ചട്ടി വടിക്കല്‍'. താത്തമാരും ഏട്ടനും കളിയാക്കുമെങ്കിലും ആ ചട്ടിയില്‍ ചോറ് കുഴച്ച് തിന്നുമ്പോള്‍ വല്ലാത്തൊരു രുചിയുണ്ട്. വക്കിലൊക്കെ പറ്റിപ്പിടിച്ച് കരിഞ്ഞ മസാലയുടെ രുചി. കരിയുന്തോറും അതിന് രുചിയേറുമെന്നാണ് എന്റെ കണ്‍ടെത്തല്‍.

ഇന്നലെയീ ഊഷരഭൂവില്‍ പെയ്ത മഴക്കൊപ്പം, നാട്ടുകാരുമായി കൂട്ടുകൂടിയിരിക്കുമ്പോള്‍ കൂട്ടാന്‍ചട്ടിയുടെ മണം തികട്ടി വരുന്നു. ഏറനാടന്‍ ചരിതത്തിന്റെ ജീവനുറങ്ങുന്ന എടവണ്ണയുടെ വശ്യമായ ചാലിയാറിന്റെ തീരം വിട്ട് അന്നം തേടി ഐക്യ അറേബ്യയുടെ മണല്പരപ്പില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നര്‍ ഒന്നിച്ചിരുന്ന് കഥകള്‍ പങ്കുവെക്കുമ്പോള്‍ അനുഗ്രഹവര്‍ഷമായി മഴ പെയ്യുന്നു..!വെയിലേറ്റ് വാടിയവര്‍, ഏസി വെളുപ്പിച്ചവര്‍, ഇരുത്തം വീര്‍പ്പിച്ച വയറുള്ളവര്‍.. തുടങ്ങി ഒരേനാടിന്റെ വിവിധങ്ങളായ മക്കള്‍...

'കൂട്ടാന്‍ചട്ടി'.! ഈ കൂട്ടായ്മയെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. സ്വയം പരിചയപ്പെടുത്തി, ആദരിച്ചും ആദരിക്കപ്പെട്ടും, പഴങ്കഥകള്‍ കേട്ടും ഗാനവിരുന്ന് ആസ്വദിക്കുന്നവര്‍ പലപ്പോഴും മൗനികളാണെങ്കിലും ഓരോ മുഖത്തുനിന്നും വായിച്ചെടുക്കാവുന്നത് നിരവധി വികാരങ്ങള്‍.. "പ്രവാസിയായ ശേഷം ഇന്നോളം തന്റെ നാട്ടുകാരെ കണ്ടിട്ടില്ലായിരുന്നുവെന്ന് ഒരുത്തന്‍ ഗദ്ഗദത്തോടെ പറയമ്പോള്‍ ആ പ്രവാസിമനസ്സ് ഇന്നോളം ഉള്ളിലൊതുക്കിയ ആഗ്രഹങ്ങളും കൊതിപൂണ്ട ഗ്ര്‌ഹാതുരതയും എങ്ങനെ വാക്കുകള്‍കൊണ്‍ട് വര്‍ണ്ണിക്കാനാവും?. കബീറിന്റെ തുലികപെറ്റ സ്നേഹാക്ഷരങ്ങള്‍ അസ്ലമിന്റെ കണ്ഠം മാധുര്യത്തോടെ ആലപിക്കുമ്പോള്‍ കൈകൊട്ടിയാസ്വദിക്കുന്ന, കാലം വെളുപ്പിച്ച മുടിയഴകും, ഉഷ്ണം കറുപ്പിച്ച മുഖകാന്തിയുമുള്ള കാരണവന്‍മാരുടെ കൗമാരമനസ്സുകളെ ഏത് വാക്കിലൊതുക്കാനാവും?. ഇടക്കുള്ള നറുക്കെടുപ്പിന് ബാപ്പുട്ടി നല്‍കിയ സമ്മാനം ഫ്രൈപാന്‍, ഏറനാടന്‍ ഭാഷയില്‍ "കൂട്ടാന്‍ചട്ടി.!".. "അങ്ങനെ ബഷീര്‍ക്കാക്കും കിട്ടി കൂട്ടാന്‍ ചട്ടി" അന്നൗണ്‍സറുടെ കമന്റ് കേട്ടപ്പോള്‍ പണ്ട് വടിച്ച് മറന്ന് ചട്ടിയുടെയും ഉമ്മയുടെ സ്നേഹത്തിന്റെയും ഓര്‍മ്മകള്‍ ആറേബ്യന്‍ കടലും നീന്തി ഇക്കരെയെത്താതിരിക്കുമോ?

പ്രവാസികള്‍, അവരിന്നലേയോ വര്‍ഷങ്ങള്‍ക്ക് മുമ്പോ എത്തപ്പെട്ടവരാകട്ടെ, കരിയുന്തോറും രുചിയേറുന്നപോലെ, പഴകുംതോറും മാധുര്യമേറുന്ന ഓര്‍മ്മകളാണ് ചാലിയാറിന്റെ തീരം അവര്‍ക്കോരോരുത്തര്‍ക്കും നല്‍കിയിട്ടുള്ളത്. നാടിന്റെ, നാട്ടാരുടെ, ആ മണ്ണിന്റെ മണവും സാന്നിദ്ധ്യവും അവരെത്ര കൊതിച്ചിരിക്കുമെന്ന് പിന്നെ വിവരണത്തിനധീതമല്ലല്ലൊ.. പ്രവാസി സംഘങ്ങള്‍ വിരളമല്ല, ആര്‍ക്കും അന്യവുമല്ല, എങ്കിലും നാടിന്റെ ഉയിരറിയിക്കുന്ന ഈ കൂട്ടായ്മയില്‍, ഔദ്യോഗികമായ സ്വാഗതം ചെയ്യലും വാഴ്തലകളുമില്ലതെ സ്നേഹവായ്പ്പ് മാത്രം കൈമാറി കൂടിയിരുന്ന് പിരിഞ്ഞ് പോവുമ്പോള്‍ മുഴുവന്‍ അന്ത:രാളങ്ങളില്‍ മുഴങ്ങുന്നത് ഒരേവികാരം.. "നമ്മുടെ നാട്, നമ്മള്‍ എടവണ്ണക്കാര്‍, നമ്മുടെ കൂട്ടയ്മ...

ഇരുട്ടിലലിഞ്ഞില്ലാതാവുന്ന ചുവപ്പു പ്രകാശങ്ങളും മന്ത്രിക്കുന്നത് കാതോര്‍ത്താല്‍ കേള്‍ക്കാം..
"ഇനിയും വരാം.. കൂടെയിരിക്കാം... സീതിഹാജിയുടെ, പിടിയുടെ, പെരുല്‍ സാഹിബിന്റെ ഉമ്മര്‍ട്ട്യാക്കാന്റെ,താന്നിക്കലായ്ചാന്റെ, ഹനീഫാന്റെ, ബാവന്റെ .... പറങ്ങോടന്‍ പാറയുടെ, ചാലിയാറിന്റെ, ചെക്കുന്നന്റെ,...... അങ്ങനെയങ്ങനെ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത ഒരായിരം കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കാന്‍....ഇനിയും വരാം..ഈ കൂട്ടാന്‍ ചട്ടി നുണയാന്‍ തീര്‍ച്ചയായും ഇനിയും വരാം...