Tuesday, November 23, 2010

ഒലിവ്‌ മരങ്ങള്‍ക്കിടയില്‍

യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡ്‌ അടിച്ചുതകര്‍ത്തിട്ട്‌ അഷ്‌റഫിന്‌ ഹരം കിട്ടുന്നില്ല. ഗോളടിച്ചാല്‍ ഒച്ച വെക്കാന്‍ അമീനും അബ്ദുല്ലയും ചിലപ്പോഴൊക്കെ അവരുടെ പിതാവ്‌ മഹ്‌മൂദും ഉണ്ടാവാറുണ്ടായിരുന്നു. അരോചകമായിത്തോന്നിയപ്പോള്‍ ടി.വി. ഓഫാക്കി.
ഖിസൈസിലെ പള്ളിയില്‍ കുസൃതി കാണിച്ചുനടന്ന രണ്ട്‌ പയ്യന്മാരെ ശ്രദ്ധിച്ചത്‌ അഷ്‌റഫിനുള്ളിലെ ഉപ്പയാവാന്‍ കൊതിക്കുന്ന മനസ്സിന്റെ ഉള്‍ത്തുടിപ്പ്‌ കൊണ്ടാവാം. മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ എന്നും പള്ളിയില്‍ കണ്ടുമുട്ടുമ്പോള്‍ സലാം പറഞ്ഞ്‌ അടുത്തുവരും, അഷ്‌റഫെന്നല്ല, കാണുന്നവര്‍ക്കെല്ലാം 'സലാം' കിട്ടും. പ്രായമായ അറബികള്‍ സ്‌നേഹത്തോടെ കൈപിടിച്ച്‌ കുലുക്കി സലാം മടക്കുന്നത്‌ കാണാം. പിന്നെ ആ കവിളുകളില്‍ മുത്തം നല്‍കും.
'അവരെത്ര ഭാഗ്യവാന്മാരാണ്‌.' അഷ്‌റഫ്‌ മനസ്സിലോര്‍ക്കും. ഫലസ്‌തീനെക്കുറിച്ച്‌ വായിക്കാനും കേള്‍ക്കാം അഷ്‌റഫിന്‌ ഇഷ്ടമാണ്‌. ആ തെരുവുകളില്‍ ചിതറിക്കിടക്കുന്ന ബാല്യങ്ങള്‍ ചാനലുകളില്‍ കാണുമ്പോള്‍ അഷ്‌റഫ്‌ കണ്ണീരൊഴുക്കും. തനിക്കായിട്ടൊന്നും ചെയ്യാനായില്ലെങ്കിലും, മനസ്സുരുകി പ്രാര്‍ത്ഥിക്കും.
അമീനും അബ്ദുല്ലയും ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്‌. ഫലസ്‌തീനില്‍ പോകുമ്പോള്‍ ഭയങ്കര ആവേശത്തിലായിരുന്നു രണ്ടാളും.
അവരോട്‌ സംസാരിക്കുമ്പോള്‍ കരുതിക്കൂട്ടിത്തന്നെ അഷ്‌റഫ്‌ ഫലസ്‌തീനിലെ നാട്ടറിവുകള്‍ തേടും. ആ കൊച്ചുവാക്കുകളിലും പോരാളിയുടെ തീക്ഷ്‌ണതയായിരുന്നു. അമേരിക്കയും ഇസ്രായേലും അവര്‍ക്കെന്നപോലെ അഷ്‌റഫിനും ശത്രുക്കളായി. നന്നായി ഇംഗ്ലീഷ്‌ അറിയാമെങ്കിലും അറബിയിലാണ്‌ അമീന്‍ അധികവും സംസാരിക്കാറ്‌.
കോളിംഗ്‌ ബെല്ലടിച്ചപ്പോള്‍ അഷ്‌റഫ്‌ എഴുന്നേറ്റ്‌ചെന്നു. പുതുതായി തുറന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രൊമോഷന്‍ ബ്രോഷറുമായി ഒരു ബംഗാളിയാണ്‌.
പുറത്തെ കാഴ്‌ചകളില്‍ രസംതേടുകയായിരുന്നു അഷ്‌റഫ്‌. മേശപ്പുറത്തിരിക്കുന്ന ഒലിവ്‌ കുപ്പിയില്‍നിന്നും കുറച്ച് കൊറിക്കാനെടുത്തു. കഴിഞ്ഞതവണ നാട്ടില്‍നിന്നു വരുമ്പോള്‍ മഹ്‌മൂദ്‌ തന്ന സമ്മാനമാണ്‌. അദ്ദേഹത്തിനവിടെ ഒരു പാട്‌ ഒലീവ്‌ തോട്ടങ്ങളുണ്ടത്രെ. ബന്ദുക്കളില്‍പെട്ട ആരോ നോക്കിനടത്തുന്നു.
''മഹ്‌മൂദ്‌..'' അഷ്‌റഫ്‌ അറിയാതെ പറഞ്ഞു. ആ പിതാവിന്റെ വാക്കുകളില്‍നിന്നാണ്‌ അമീനും അബ്ദുല്ലയും ഫലസ്‌തീനെ അറിയുന്നത്‌.
ബാല്‍കെണിയിലൂടെ വീശിയ കാറ്റ്‌ നവംബറിന്റെ വരവറിയിക്കുന്നു. ഇനി തണുപ്പ്‌ തുടങ്ങും, അഷ്‌റഫ്‌ വാതിലടച്ചു.
മഹ്‌മൂദൂം കുടുംബവും ഇപ്പോള്‍ ഒലീവ്‌ ശേഖരിക്കുന്നുണ്ടാവും. ഒലീവ്‌ തോട്ടങ്ങളെക്കുറിച്ച്‌ വര്‍ണ്ണിക്കുമ്പോള്‍ മഹ്‌മൂദ്‌ വികാരാധീതനാവും. തന്റെ മക്കളെപ്പോലെത്തന്നെയാണ്‌ അയാള്‍ക്ക്‌ ഒലീവും. ഒക്‌ടോബര്‍ അവിടം ഒരു ആഘോഷമാണത്രെ. കുടുംബത്തിലെ ആണും പെണ്ണും കുട്ടികളും ചേര്‍ന്ന്‌ ഒലീവ്‌ ശേഖരിക്കുമ്പോള്‍ ആഹ്ലാദംകൊണ്ട്‌ മതിമറക്കും. മഹ്‌മൂദിങ്ങനെ വിവരിക്കുമ്പോള്‍ അഷ്‌റഫ്‌ തന്റെ നാട്ടിലെ കൊയ്‌ത്തും മെതിയും വിവരിച്ചുകൊടുക്കും. ഞാറു നടീലും കൊയ്‌ത്തും നാടിച്ചിയുടെയും കാര്‍ത്യായനിയുടെയും നാടന്‍പാട്ടുകളും ഒരിക്കല്‍ക്കൂടി അഷ്‌റഫിന്‌ കുളിരുപകര്‍ന്നു.
കഴിഞ്ഞ നവംബറില്‍ മഹ്‌മൂദും അഷ്‌റഫും കുടുംബസമേതം ജബല്‍ അഫീത്തില്‍ പോയിരുന്നു. ബാര്‍ബിക്യൂ ഉണ്ടാക്കുന്നത്‌ പഠിച്ചത്‌ അന്നാണ്‌. ചുട്ടകോഴിയുടെ മണം പിടിക്കാന്‍ അഷ്‌റഫ്‌ പാഴ്‌ശ്രമം നടത്തി.
അവരിപ്പോഴും ബാര്‍ബിക്യൂ ഉണ്ടാക്കുന്നുണ്ടാുമോ? ഒലീവ്‌ മരങ്ങള്‍ക്കിടയില്‍ നിവര്‍ത്തിവിരിച്ച്‌ പ്ലാസ്റ്റിക്‌ പായയിലിരുന്ന്‌ അതു പങ്കുവെച്ച്‌ തിന്നുകയാവും. ആ മരങ്ങള്‍ക്കിടയിലൂടെ അമീനും അബ്ദുല്ലയും ഓടിനടക്കുകയാവും. അവരുടെ കുസൃതികള്‍ കണ്ട്‌ ഒലീവ്‌ മരങ്ങള്‍ ആഹ്ലാദിക്കുന്നുണ്ടാവും.
ഇശാ ബാങ്ക്‌ കേട്ട്‌ അഷ്‌റഫ്‌ പുറത്തിറങ്ങി. പള്ളിയിലേക്ക്‌ നടന്നപ്പോള്‍ അമീനും അബ്ദുല്ലയും സലാം പറഞ്ഞ്‌ വന്നെങ്കിലെന്നാശിച്ചു. വഴിവിളക്കുകള്‍ മങ്ങി പ്രകാശിക്കുന്നു. നിരത്തിവെച്ച ഇന്റര്‍ലോക്കുകള്‍ ആ കൊച്ചുപാദങ്ങള്‍ക്കായി കാത്തിരിക്കുന്നു.
റോഡുവക്കത്തെ സലൂണില്‍ അല്‍ജസീറ ചാനല്‍ വാര്‍ത്ത: 'വെസ്‌റ്റ്‌ ബാങ്കില്‍ ഇസ്രായേല്‍ ഷെല്ലാക്രണം'
''പടച്ചവനേ, കാക്കണേ..., ആ മക്കള്‍ക്ക്‌............'' അഷ്‌റഫിന്‌ കണ്ണുനിറഞ്ഞു.
സുന്നത്ത്‌ നമസ്‌കരിച്ചു അഷ്‌റഫ്‌ മുന്‍ സ്വഫിലിരുന്നു. തന്റെ പ്രിയപ്പെട്ട അയല്‍ക്കാര്‍ക്കായി മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

Monday, September 13, 2010

കാഴ്ചക്കപ്പുറത്ത്


തൂക്കത്തില്‍ അനുവദിച്ച ലഗേജ്‌ അല്‍പ്പം കൂടുതലാണ്‌. രണ്ടാള്‍ക്കും കൂടി അനുവദിച്ചയത്രയേ ഉള്ളൂവെങ്കിലും ഒറ്റക്കൊറ്റക്ക്‌ ബുദ്ധിമുട്ടാണ്‌.


``പാസ്‌പോര്‍ട്ട്‌ രണ്ടുംകൂടി ഒപ്പം കൊടുത്താമതി' ബാപ്പയാണെന്ന്‌ പറഞ്ഞേക്ക്‌'


``അതെങ്ങനെ ഇക്കാ.., ഹിന്ദുവായ എനിക്ക്‌ ബാപ്പ?''അല്‍പം കുസൃതി നിറച്ച്‌ ചോദിച്ചതിന്‌ ഒരു പൊട്ടിച്ചിരി മാത്രം ഉത്തരം നല്‍കി.


``ഇക്കണ്ട സാധനം മീവനും നാട്ട്‌ക്കെത്തണ്ടേ...?, ഇനീപ്പോ, ഇങ്ങനൊരു പോക്കില്ലല്ലോ...''മറുപടി മനപൂര്‍വം പറഞ്ഞില്ല. അലിക്ക പറഞ്ഞ പോലെ ലഗേജ്‌ മുഴുവനും ഒറ്റത്തവണയായി കയറ്റിവിട്ടു. കൗണ്ടറിലെ തിരക്കുകാരണമെന്നോണം അലിക്ക അല്‍പം പിന്നിലായി നിന്നതേയുള്ളൂ. നരച്ച്‌ വെളുത്ത ആ മുഖത്ത്‌ ക്ഷീണത്തിന്റെ വല്ലായ്‌മയില്ല, വര്‍ഷങ്ങള്‍ക്കുശേഷം തമ്മില്‍ കാണാന്‍ പോകുന്ന മകനെയോര്‍ത്താവും.., എങ്കിലും എന്തിനോടൊക്കെയോ വിടപറയുന്നതിന്റെ അങ്കലാപ്പും ഉള്ളിലടക്കില സങ്കടവും ആ മിഴികളില്‍ അല്പമെങ്കിലും നനവ് പടര്‍ത്താതില്ല..


നീണ്ട മുപ്പത് വര്‍ഷം. ഒരര്‍ഥത്തില്‍ അലിക്കയുടെ ജീവിതത്തിന്റെ പാതിയിലേറെയും ഈ മരുക്കാട്ടില്‍ തനിച്ചായിരുന്നു. ഈ നാടിന്റെ വളര്‍ച്ച നേരില്‍ കണ്ട്‌ സ്വയം വളരാന്‍ മറന്ന പാവം. തുടക്കം കുറിച്ച ജോലിയും കമ്പനിയും അവസാനംവരെ മാറാന്‍ ശ്രമിച്ചില്ല എന്നുകേട്ടപ്പോള്‍ സഹതാപമാണ് ആദ്യം തോന്നിയത്. പിന്നെ ഒരു സല്യൂട്ടടിക്കാന്‍ തോന്നി, അത്യാഗ്രഹമില്ലാത്ത ആ വലിയ മനസ്സിനെ. കള്‍ചറല്‍ സെന്റര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍, എവിടെയും കേള്‍ക്കാറുള്ള വെറും വാക്കുകളായിരുന്നില്ല അലിക്കയെ കുറിച്ച് കേട്ടത്. കൂടെയുള്ളോര്‍ക്ക് ചൊരിഞ്ഞ് നല്‍കിയ പവിത്രമായ സ്നേഹത്തിന്റെ പോരിശയായിരുന്നു. മറുപടീയായി അലിക്ക പറഞ്ഞതും അങ്ങനെ ഒരിത്തിരി വാക്കുകള്‍ മാത്രം.സ്നേഹിക്കപ്പെട്ടതിന്റെ കടപ്പാട്.


എമിഗ്രേഷനും കഴിഞ്ഞ്‌ വിമാനത്തിലേക്കുള്ള വിളി കാത്തിരിക്കുമ്പോള്‍ ആ കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു. പലരും ഫോണ്‍ ചെയ്യലിന്റെ തിരിക്കിലാണ്‌. യാത്ര തുടെങ്ങും മുമ്പെ വീട്ടുകാരുമായി, കൂട്ടുകാരുമായി,.. അതല്ലങ്കില്‍ അവസാന വട്ട യാത്രപറച്ചില്‍..എന്നിട്ടും ഇവിടെ നിശബ്ദമാണ്. കാത്തിരിപ്പിന്റെ നിശബ്ദത... ``ഇനി എന്നാ അലിക്കാ..., നേരില്‍?''`


`അറീല മോനേ... ന്നാലും അന്നെ ഞമ്മള്‌ മറക്കൂല്ല, ജ്ജ്‌ച്ച്‌ന്റെ സക്കീറിനെപ്പോല്യല്ലേ...''ഇടറുന്ന വാക്കുകള്‍ക്ക്‌ താങ്ങായിട്ട്‌ വലതു കൈപത്തി എന്റെ കൈകളില്‍ മുറുകെ പിടിച്ചു. സക്കീറിനെ ഓര്‍ക്കുമ്പോള്‍ ആ വൃദ്ധമനസ്സ്‌ അറിയാതെ അണപൊട്ടും. ഇനിയും നല്‍കാന്‍ ബാക്കിയായ പിതൃസ്‌നേഹത്തിന്റെ വറ്റാത്ത ഉറവകളായി അവ കവിളിലൂടെ ചാലിട്ടൊഴുകും. ഞാനാണ്‌ ഭാഗ്യവാന്‍. അല്‍പമെങ്കിലും അതൊക്കെ ആസ്വദിക്കാന്‍ പറ്റിയല്ലോ.


പണ്ട്‌ താമസിക്കാനൊരിടമില്ലാതെ അലയുമ്പോള്‍ സൂപ്പിയുടെ കഫ്തീരിയയില്‍ വെച്ചായിരുന്നു അലിക്കയെ പരിചയപ്പെടുന്നത്‌. വലിയ താടിയും നെറ്റിയിലെ നമസ്‌കാരത്തഴമ്പും കണ്ടപ്പോള്‍ ആദ്യം മുസ്‌ലിമായിട്ടാണ്‌ പരിചയപ്പെടുത്തിയത്‌. പിന്നീട്‌ കാര്യങ്ങളറിഞ്ഞപ്പോള്‍ എന്റെ ചെവിയില്‍ ഒരു പിച്ച്‌ തന്നു:


``ജ്ജെന്താ കര്‌ത്യേത്‌? കുറീം പൂണൂലും നോക്കീട്ടല്ല ഞമ്മള്‌ മറ്റ്‌ള്ളോരെ തോള്‌ല്‌ പുട്‌ച്ച്‌ണത്‌...'' പിന്നീടൊരുപാടു കാലം കൂടെ നടന്നു. താങ്ങായി, തണലായി, ശാസിച്ച്‌, സ്‌നേഹിച്ച്‌...കഴിഞ്ഞ തവണ ലീവിന്‌ നാട്ടിലെത്തിയപ്പോള്‍ അലിക്ക എന്റെ വീട്ടിലും പോയിരുന്നു. അച്ചനോടൊരുപാട്‌ സംസാരിച്ചുവത്രെ. കല്യാണാലോചന തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു. ഫ്‌ളൈറ്റില്‍ അലിക്ക ചിന്തകളുടെ ലോകത്തായിരുന്നു. പലവട്ടം ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നുവെച്ചു. ആ മനസ്സ്‌ ശാന്തമാവില്ല. ``അല്ല, അലിക്കാ, വെശക്ക്‌ണ്‌ണ്ടല്ലോ..., ഈ എയര്‍ അറേബ്യക്കാര്‌ ഒന്നും തരൂല്ല.. എപ്പഴാ വീട്ടിലെത്താ...?


''നീണ്ട മൗനത്തിന്‌ ഞാന്‍തന്നെ വിരാമമിട്ടു.``ആ..., സക്കീറിറങ്ങുന്നത്‌ പത്തുമണിക്കല്ലേ, ഓനേം കൂട്ടീട്ട്‌ പോവണം. മുഖദാവില്‌ കണ്ടിട്ട്‌ പത്തു കൊല്ലായി, അറ്യോ... അനക്ക്‌?'' വേര്‍പാടിന്റെ വേദനയുള്ള വാക്കുകള്‍ക്ക്‌ വാത്സല്യത്തിന്റെ ജീവനുണ്ടായിരുന്നു.


``എന്തിനാന്റെ കുട്ടിനെങ്ങനെ ഉള്ളിലിട്ടത്‌...? ഓനിപ്പോ, ഓളെ മുഹബ്ബത്താണെന്ന്‌ ബെച്ച്‌... ങ്‌ഹാ.. അല്ലാന്റെ വിധി'' ആത്മഗതമായി അലിക്ക നിര്‍ത്തി.


``സാരല്യ ഇക്കാ, നാളെയിപ്പോ കാണാലോ...'' മറ്റെന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന്‌ അറിയില്ലായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഈ ഉപ്പയുടെ മകനൊരു തീവ്രവാദിയാവുന്നത്‌ സങ്കല്‍പിക്കാന്‍ പോലുമാവില്ല. തന്റെ അഞ്ച്‌ മക്കളെക്കുറിച്ച്‌ പറയുമ്പോഴെല്ലാം ആ പിതൃഹൃദയം വാചാലമാവും. കൊച്ചിയിലെ വലിയൊരു റിയല്‍എസ്റ്റേറ്റ്‌ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു സക്കീര്‍. കൂടെ ജോലി ചെയ്‌തിരുന്ന ഹിന്ദു പെണ്‍കുട്ടിയോട്‌ തോന്നിയ ഇഷ്‌ടം, അതായിരുന്നു പിന്നീട്‌ ഇങ്ങനെ അകത്താകാന്‍ ഹേതു. മുമ്പൊരിക്കല്‍ ലീവിന്‌ നാട്ടിലെത്തിയപ്പോള്‍ നേരില്‍ കണ്ടതായിരുന്നു. അന്ന്‌ നന്നേ ചെറിയ പയ്യന്‍. എന്നേക്കാള്‍ അഞ്ച്‌ വയസ്സ്‌ കുറവായിരിക്കും. സംസാരത്തിലും പെരുമാറ്റത്തിലും അലിക്കയുടെ അതേ വിനയവും ആദരവും. രാഷ്‌ട്രീയ ചര്‍ച്ചകളില്‍ അല്‍പം അവേശക്കൂടുതലുണ്ടെന്ന്‌ സംസാരത്തില്‍നിന്നുതന്നെ മനസ്സിലാവും.


``ഞാനവ്‌ടെണ്ടായ്‌ന്യെങ്കി ഇങ്ങന്യൊന്നും ആവൂലായിര്‌ന്ന്‌... പോലീസിന്‌ ന്റെ കൂട്ടി തീവ്രവാദീം ആവൂല''ആ തോളില്‍ തല ചായ്‌ച്ച്‌ കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു. പ്രവാസിയുടെ ദുഃഖങ്ങളാണ്‌ അലിക്കയുടെ വിങ്ങലുകള്‍. എല്ലാമറിയുമ്പോഴും ഒന്നും ചെയ്യാനാവാതെ നിസ്സഹായരാവുന്നവര്‍..., ഒന്നു പൊട്ടിക്കരയാന്‍ പോലും അനുവദിക്കപ്പെട്ടിട്ടില്ലാത്തവര്‍. തന്റെ തണലാവശ്യമുള്ളിടത്ത്‌ അത്‌ നല്‍കാനാവാതെ മറ്റെവിടെയോ തണല്‍ വിരിക്കുന്നവര്‍.... ഒടുവില്‍ നിസ്സഹായതയോടെ വെറും `പോഴന്‍മാരാ'യി അണഞ്ഞുതീരുന്നവര്‍.


കോഴിക്കോട്ടേക്ക്‌ ടിക്കറ്റെടുക്കാതെ നെടുമ്പാശ്ശേരിയിലേക്ക്‌ ബുക്ക്‌ ചെയ്യുമ്പോള്‍, അലിക്കയുടെ കൂടെയൊരു വിമാനയാത്രയായിരുന്നു മനസ്സില്‍. കൂടെനടക്കുമ്പോള്‍, പഴ്ങ്കഥകളും നര്‍മ്മവും ചേര്‍ത്ത് സരസമാക്കുന്ന അലിക്കയുടെകൂടെയുള്ള ഓരോ യാത്രയും ഹരമായിരുന്നു. ഫ്ലൈറ്റിലെ സിനിമയിലോ സംഗീതത്തിലോ ആസ്വദിക്കന്‍ തോന്നിയില്ല. വാക്കുകള്‍ കുറവാണെങ്കിലും അലിക്കയുടെകൂടെയുള്ള ആകാശയാത്രക്കും അതിന്റെ ഒരു സുഖമുണ്ട്.


എയര്‍പോര്‍ട്ടില്‍നിന്നും പുറത്തിറങ്ങി. ശരീഫ്‌ മാത്രമേ ഇപ്രാവശ്യം വന്നിട്ടുള്ളൂ. സ്വന്തം വണ്ടിയായതുകൊണ്ട്‌ ഡ്രൈവറും അവന്‍ തന്നെ. ലഗേജും പെട്ടിയും പിന്നില്‍വെച്ച്‌ അവന്റെ കൂടെ. രണ്ടാളും മുന്‍സീറ്റിലിരുന്നു. മഞ്ഞുപുതച്ച റോഡുകള്‍ ഞങ്ങളെ സ്വാഗതം ചെയ്‌തു. കടത്തിണ്ണകളില്‍ ഇനിയും ഉറക്കമുണര്‍ന്നിട്ടില്ലാത്ത വരുത്തന്മാര്‍, പുതച്ചും ചാക്ക്‌ വിരിച്ചും അര്‍ധ നഗ്നരായും..... പത്രം വിതരണം ചെയ്യുന്ന കുട്ടികള്‍ സൈക്കിളില്‍ കറങ്ങുന്നു.. കാഴ്‌ചകളിലലിഞ്ഞ്‌ അല്‍പം ഉറങ്ങിപ്പോയി. ഒമ്പത്‌ മണിയായപ്പോഴേക്കും ജയിലിന്‌ മുന്‍പിലെത്തിയിരുന്നു. അടുത്തുകണ്ട പെട്ടിക്കടയില്‍നിന്നും ഓരോ ചായ വാങ്ങി. ക്ഷീണിച്ച്‌ ബെഞ്ചിലിരിക്കുന്ന അലിക്കാക്ക്‌ നീട്ടി. പത്രങ്ങളില്‍ വെറുതെ കണ്ണോടിച്ചു. നാട്ടിലെ പത്രങ്ങളിലെന്നും വെട്ടുംകുത്തും ബലാല്‍സംഗവും നിറയും..., ചോരയുടെ നിറവും മണവുമാണവയ്‌ക്ക്‌.ഗേറ്റിലെ പാറാവ്‌ ഷിഫ്‌റ്റ്‌ മാറുന്നു. ഇടക്ക്‌ പലരും വന്നും പോയുമിരിക്കുന്നു.


പത്തേകാലോടെ ഒരു പോലീസുകാരന്‍ ഗേറ്റ്‌ തുറന്ന്‌ പുറത്തുവന്നു. പിറകിലായി സക്കീറും. അലിക്കയെഴുന്നേറ്റു. ആ മിഴികളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞുതുളുമ്പി. ഇളംവെയിലില്‍ അവ ഏഴു നിറങ്ങളില്‍ തിളങ്ങി. പ്രായം മടക്കുകള്‍ തീര്‍ത്ത ആ കരങ്ങള്‍ മകനെ പുണരാനായി വെമ്പുന്നുണ്ടായിരുന്നു. സക്കീര്‍ ഓടിവന്ന്‌ അലിക്കയെ കെട്ടിപ്പിടിച്ചു. നാലു നയനങ്ങളും ഇരുദിശകളില്‍ കണ്ണീര്‍ വാര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല.


``ജ്ജെങ്ങന്യാ മോനേ ഇതിനുള്ളില്‌...?''


``ഉപ്പാ..., അറീല്ല... എനിക്കോളെ ഒരുപാട്‌ ഇഷ്‌ടായിരുന്നു..., അത്രേ എനിക്കറ്യൂ...''`


`ന്നാലും ന്റെ കുട്ട്യേ....''


``ഉപ്പ പറയാറില്ലേ.., സ്‌നേഹത്തിന്‌ ജാതീം മതോന്നുല്ലാന്ന്‌.., അത്രേ്യ ഞാനും നോക്ക്യൊള്ളൂ...''ഞാനും അറിയാതെ കണ്ണുതുടച്ചു. ശരിയാണ്‌, അലിക്ക തന്ന സ്‌നേഹത്തിനും കാവിയുടെയോ പച്ചയുടെയോ നിറം ചാലിച്ചില്ലായിരുന്നു.


ഉപ്പയേയും മോനേയും ക്വാളിസിന്‌ മുന്‍പിലിരുത്തി ഞാന്‍ പിന്‍സീറ്റിലിരുന്നു. ചെന്നായ്‌ക്കൂട്ടങ്ങളില്‍നിന്ന്‌ രക്ഷപ്പട്ട ആട്ടിന്‍കുട്ടിയെപ്പോലെ, തോളില്‍ ചാഞ്ഞുകിടക്കുന്ന സക്കീറിന്റെ മുടിയിഴകളില്‍ ആ പിതൃവാത്സല്യം തഴുകുന്നുണ്ടായിരുന്നു.


``സാരല്യ, കയിഞ്ഞതൊക്കെ മ്മക്ക്‌ മറക്കാ.., ഇഞ്ഞ്‌ന്റെ കുട്ടിക്ക്‌ ഉപ്പണ്ട്‌...,ഒരുത്തനും ബിട്ട്‌കൊടുക്കൂലാ ന്റെ മോനെ...''പക്വമായ, കരുത്തുറ്റ വാക്കുകള്‍. ഇനിയും വറ്റിയിട്ടില്ലാത്ത, ഉള്ളിലടക്കിയ സ്‌നേഹത്തിന്റെ അണ തുറന്നുവിട്ടപോലെ. എനിക്കിവയെല്ലാം ഇനി നഷ്‌ടമാവുന്നു എന്നോര്‍ക്കുമ്പോള്‍, മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍...പുറത്തെ കാഴ്‌ചകള്‍ നോക്കിയിരുന്നു. പിന്നിട്ട വഴികളിലൊക്കെയും പലനിറത്തിലുള്ള കൊടികള്‍, തോരണങ്ങള്‍, വിപ്ലവ വാക്യങ്ങളെഴുതിയ കടലാസു ചുവരുകള്‍.... പള്ളികള്‍, അമ്പലങ്ങള്‍... കുരിശുതറകള്‍., വേലികെട്ടിയും അല്ലാതെയും...മുന്‍സീറ്റില്‍ സക്കീര്‍ ഉറങ്ങുന്നു. ക്ഷീണം തളര്‍ത്തിയിട്ടില്ലാത്ത അലിക്കയുടെ മടിയില്‍ ചാഞ്ഞ്‌, ആ വാത്സല്യത്തിലലിഞ്ഞ്‌, നിര്‍ഭയനായി...

Sunday, August 8, 2010

നിറഞ്ഞും ഒഴിഞ്ഞും

ഇറയറത്തിറ്റി വീഴുന്ന മഴവെള്ളത്തില്‍ കടലാസ് തോണിയിറക്കി കളിക്കുന്ന മോളെ കൗതുകത്തോടെ നോക്കിയിരുന്നു. ചിന്തകളുടെ കലര്‍പ്പില്ലാത്തതിനാലാവാം, ബാല്യത്തിലെ മഴയ്ക്ക് ഇത്ര രസം. ചേമ്പിലകളില്‍, പാടത്ത്, ഇടവഴികളില്‍, പാറപ്പുറത്ത്... അങ്ങനെ ഒരു നൂറോര്‍മ്മകളില്‍ ഇന്നും മഴ പീയ്യുന്നുണ്ട്. ഇന്ന്, എത്ര പെയ്തിട്ടും മനസ്സ് തണുക്കുന്നുമില്ല. ആധിയേറ്റുന്നുവെല്ലാതെ.

ഒന്നു തോര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി. മൂലയില്‍ കൂട്ടിയിട്ട മണല്‍ ഒലിച്ച് തുടങ്ങിയിരിക്കുന്നു. ഇതിപ്പൊ മൂന്നാം തവണയാണ് മണലിറക്കുന്നത്. ആദ്യത്തേത് അനിയനും പിന്നത്തേത് അമ്മാവനും കൊടുത്തു തീര്‍ത്തു. ഇപ്രാവശ്യം മഴയൊഴിഞ്ഞാലെങ്കിലും വീടുപണി തുടങ്ങണം. തറ കെട്ടിയിട്ട് വര്‍ഷം രണ്ടായി. ഓരോ തവണ കരുതിവെക്കുന്ന പണവും മറ്റോരോ ആവശ്യങ്ങള്‍ക്കായി ചെലവാകും, അനിയത്തിയുടെയും അനിയന്റെയും കല്യാണപന്തിയൊരൊക്കിയതും പുതിയ പുരത്തറയിലായിരുന്നു.

രണ്ട് അനിയത്തിമാര്‍ക്ക് ശേഷമാണ്, രണ്ടാം കെട്ടാണെങ്കിലും ഒരുത്തന്റെ മിന്നു കിട്ടിയത്. മൊഴിചൊല്ലപ്പെടുമ്പോള്‍ മൂന്നുമാസം ഗര്‍ഭമായിരുന്നു. ചക്കൊളത്തിക്കൊരു വേലക്കാരിയാവുന്നതിലും നന്ന് ഇങ്ങനെ സ്വയമധ്വാനിച്ച് ജീവിക്കുന്നതെന്നോര്‍ത്ത് പിരിഞ്ഞ് പോന്നു.

ഓര്‍ക്കുമ്പോള്‍ വേദനയെക്കാളേറെ അഭിമാനം തോന്നും. പത്ത് മക്കളില്‍ മൂത്തവള്‍. ഏഴു അനിയത്തിമാരും ഓരോരുത്തന്റെ കൈപിടീച്ചിറങ്ങിയത് മാസാമാസം എനിക്ക് കിട്ടിയ വെതനം കൊണ്ട് തന്നെയായിരുന്നു. അനിയന്‍ പഠിച്ച് വേര്‍പ്പെട്ട് പോവും വരെയ്ക്കും എന്റെ തണലില്‍ തന്നെ.

മാടിക്കൂട്ടിയ മണലിന് നന്നായിട്ടൊന്നു കൂടി തടം കെട്ടി. മഴക്ക് ഊക്ക് കൂടിയപ്പോള്‍ ഇറയത്ത് കയറിയിരുന്നു.
മോന്തിയായപ്പോള്‍ മോള്‍ക്ക് പാഠം പറഞ്ഞ് കൊടുത്തു.

"ആ പിഞ്ഞാണങ്ങളൊക്കെ നെറഞ്ഞു കുട്ട്യേ.." അച്ചിപ്പായ നീര്‍ത്തുന്നതിനിടക്ക് ഉമ്മ ഓര്‍മിപ്പിച്ചു.

പുതിയ വീടിന്റെ പ്ലാനില്‍ ഉമ്മാക്കൊരു മുറിയുണ്‍ട്. ബാത്റും അറ്റാച്ഡ്.പുതിയ വീടോര്‍ത്താണ് ഇപ്രാവശ്യം ഓല കെട്ടി മേയാഞ്ഞത്. മഴയുടെ ആര്‍പ്പ് വല്ലാതെ പേടിപ്പിക്കുന്നുണ്ട്, ഒന്നടങ്ങിയാല്‍ നല്ല രസമാവും, ഒഴുകിയെത്തുന്ന സംഗീതം പോലെ, ബാല്യത്തിന്റെ നല്ല ഓര്‍മ്മകളിലേക്കത് കൂട്ടികൊണ്ട് പോവും.

നിരത്തി വെച്ച പിഞ്ഞാങ്ങള്‍ ചോര്‍ച്ചയേറ്റ്വാങ്ങികൊണ്ടേയിരുന്നു. മോളെ മാറോട്ചേര്‍ത് ഉറങ്ങാന്‍ കിടന്നു. അവളുടെ സ്വപ്നങ്ങളില്‍ ടെറസ്സിട്ട വീടും സ്വിറ്റ്ച്ചിട്ടാല്‍ കത്തുന്ന ലൈറ്റുമെല്ലാമായിരിക്കും. ഒരുവേള കണ്ണ് നിറഞ്ഞു. പടച്ചവനോട് മനസ്സ് നൊന്തു പ്രാര്‍ഥിച്ചു..

പാടവരമ്പത്തൂടി വരുന്ന അനിയത്തിയെ ദൂരെനിന്നു തന്നെ കണ്ടു. ചായകുടിക്കുന്നതിനിടയില്‍ വിശേഷങ്ങള്‍ ചൊതിച്ചറിഞ്ഞു. ആടും കോഴിയുമെല്ലാം സംസാരത്തില്‍വിഷയമായി.

"ഹും... എല്ലാരും ഓരോ വൈക്ക് പോയപ്പൊ തെരക്കായി, വരാണ്ടായി.. ന്റെ മോക്കെന്നും ദുരിതം തന്ന്യാ...
ഉമ്മയുടെ സ്ഥിരം പരാതിക്ക് കുറവുണ്ടായിരുന്നില്ല.ഇനി കുറെ കണ്ണീര്‍ വര്‍ക്കും

" ന്തെ പ്പം പ്രത്യേകിച്ച്?? വിഷയം മാറ്റാനായി ചോദിച്ചു
"മൂത്ത മോള്‍ക്കൊരാലോചന. അമ്പതും ലക്ഷാണ് പറേണത്. കൂട്ട്യാ കൂട്വാ ആവോ .. അയിനുള്ള പാചിലാ.. അന്റട്ത്ത് വല്ലതും കാണ്വാ??

അല്പനേരത്തെ മൗനം മാത്രം ഉത്തരം നല്‍കി.
"ആ ഒരു മുപ്പത്ണ്ടാവും.. പൊരപ്പണി തൊടങ്ങണംന്ന് കരുതി വെച്ചതാ.. അയിനിപ്പ മഴോജ്ജണം.. ഇനീണ്ടല്ലോ സമയം..ഇപ്പം അന്റെ കാര്യം നടക്കട്ടെ."

നടന്നകലുന്ന അനിയത്തിയെ നോക്കി നിര്വ്ര്തികൊണ്ടു. ചാറി തുടങ്ങിയ മഴ പതിയെ പെരുമഴയായി, കാഴ്ച മറച്ചു. പുരത്തറയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു.. അകത്ത് പിഞ്ഞാണങ്ങള്‍ നിറഞ്ഞും ഒഴിഞ്ഞും കൊണ്ടെയിരുന്നു..

Thursday, July 8, 2010

മഞ്ഞു നനഞ്ഞ വഴികളില്‍

വേര്‍പിരിഞ്ഞിട്ടില്ല, കഴിഞ്ഞ ആറു വര്‍ഷങ്ങളിലല്ലാതെ.. ജോലിക്കായി യൂറോപിലേക്ക് പറക്കാനൊരുങ്ങുമ്പോള്‍ അവനെന്നെ നോക്കി വിതുമ്പിയിരുന്നു.. മുപ്പത് വര്‍ഷം കൂടെ കളിച്ചും ചിരിച്ചും കരഞ്ഞും കിട്ടിയതൊക്കെ പങ്കുവെച്ചും നടന്ന് പെട്ടെന്നൊരുനാള്‍ വേര്‍പിരിഞ്ഞു പോവുമ്പോള്‍ മനസ്സ് അകലാന്‍ മടിച്ചു. ഇടക്കിടെയുള്ള കത്തും ഫോണും. അവനയച്ചു തന്ന ചെക്ക് മാറ്റി അവന്റെ വീടുപണിക്ക് കാര്യസ്ഥനായി. സമയാസമയം കണക്കും ഫോട്ടോയും അയച്ച് കൊടുത്തു.

എയര്‍പോര്‍ട്ടില്‍ തമ്മില്‍ കണ്ട്മുട്ടിയപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ച് കുറെ നേരം മൌനിയായി തോളില്‍ചാഞ്ഞു. വീട്ടിലേക്കുള്ള യാത്രയില്‍, റോഡ് വക്കത്തെ ഇരിപ്പിടത്തില്‍, പൊളിഞ്ഞ് തുടങ്ങിയ പാലത്തിന്റെ കൈവരികളില്‍‍, ചെക്കുന്നന്മലയുടെ മുകളില്‍, അങ്ങനെയങ്ങനെ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുണ്ടായിരുന്നു.

നാളെയാണ് “ഹൌസ് വാമിങ്.” എന്റെ ചെറിയ വീട് നില്‍ക്കുന്ന അഞ്ച് സെന്റ് സ്ഥലത്ത് നിന്നും അധികമല്ലാതെയാണ് അവന്റെ പുതിയ മാളിക. വീട്ടുസാധനങ്ങളില്‍ പലതും പലരുടെയും ഗിഫ്റ്റായി തന്നെ കിട്ടി. അതൊക്കെ ഇറക്കിയതും വേണ്ടത് പോലെ അടുക്കിയതും ഞാനും കൂടി ചേര്‍ന്നായിരുന്നു. അപ്പോഴൊക്കെ “ഞാനെന്ത് നല്‍കണം..” എന്ന ചിന്തയായിരുന്നു. അവനോടുള്ള ബന്ധംവെച്ച് കുറഞ്ഞതൊന്നും നല്‍കാനാവില്ല, കയ്യിലൊന്നുമില്ലാതെ എന്തു നല്‍കാന്‍.?!
വൈകി വീട്ടിലെത്തുമ്പോഴും ദുരഭിമാനം ചങ്കിടിപ്പ് കൂട്ടിയതെ ഉള്ളൂ. ഉറങ്ങാനാവാതെ കട്ടിലിലിരുന്നു.

“ പ്രിയപ്പെട്ട കൂട്ടുകാരന്..

നിന്റെ ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തമാണ് നാളെ, നിന്റെ ഓരോ സന്തോഷത്തിലും കൂടെ നില്‍ക്കാന്‍ കഴിഞ്ഞത് എന്റെഭാഗ്യം.. എന്തു ചെയ്യാന്‍, ഒരുപാട് കാലത്തെ അലച്ചിനിടൊവിലാണ് ഇങ്ങനെ യൊന്ന് തരപ്പെട്ടത്.. നാളെയാണ് ഇന്റര്‍വ്യൂ എന്നറിഞ്ഞത് രാത്രി മാത്രമാണ്.. ഞാന്‍ പോവുന്നു, എന്റെ മനസ്സ് നിന്റെ കൂടെയുണ്ട്. തിരക്കൊഴിയുമ്പോ ഞാന്‍ വിളിക്കാം കൂടുതല്‍ അപ്പൊ പറയാം...എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ..

..
നീന്റെ സ്വന്തം...”
നാലായി മടക്കി, പി എസ് സി അയച്ചൊരു ബ്രൌണ്‍ കവറിലിട്ട് പെങ്ങളെ ഏല്പിച്ചു. ആരും ഉണര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി.
കതക്ചാരി പുറത്തിറങ്ങി.. അലക്ഷ്യമായി നടന്നകന്നു ... മഞ്ഞു നനഞ്ഞ വഴികളില്‍ കരിയിലകള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....

Monday, February 8, 2010

കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.

ഒരാഴ്ചയാവുന്നു, ക്യാമ്പിലോട്ട് താമസം മാറിയിട്ട്. ഇവിടുത്തെ നിശബ്ദത ആര്‍ദ്രമായൊരനുഭൂതി നല്കുന്നുണ്ട്.മരുഭൂമിയുടെ നടുവിലൊരിടത്ത് നിരത്തിവെച്ച കാരവനുകള്‍ക്കുള്ളില്‍ ഉറങ്ങിയും ഉണര്‍ന്നും കുറച്ച് പേര്‍.ദൂരെയായി കാണുന്ന ട്രക്ക് റോഡും അതിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങളും ഒഴിച്ചാല്‍ മറ്റു നാഗരികതകള്‍ ഇവിടെ അന്യമാണ്. കാറ്റിന്റെ കരലാളനയില്‍ മാടിയൊതുക്കപ്പെട്ട മരുഭൂമി മാത്രമാണ് ചുറ്റും. കാവലെന്ന പോലെ അങ്ങിങ്ങായി വളര്‍ന്ന് നില്ക്കുന്ന ചെറുമരങ്ങളും. അപ്പുറത്തെവിടെയോ ഉള്ളതാവണം, ഇടക്ക് ഇതിലെ ഒട്ടക സംഘങ്ങള്‍ പോവുന്നത് കാണാം..അവയുടെ നടത്തത്തിന്, നിസ്സഹായതയുടെയോ അലസതയുടെയോ താളമാണ്.

ക്യാമ്പിനുള്ളില്‍ മുന്തിയതും അല്ലാത്തതുമായ ആല്‍കഹോളിന്റെ മത്തുപിടീപ്പിക്കുന്ന ഗന്ധമുണ്ട്. ക്ലോറിന്‍ കലര്‍ന്ന വെള്ളം കുടീച്ച് ഇവിടെ അന്തിയുറങ്ങുമ്പോഴും ഇവിടുത്തെ സ്നേഹബന്ധങ്ങള്‍ക്ക് പത്തരമാറ്റ് ശുദ്ധിയെന്ന് പറയാതെ വയ്യ. മുമ്പ് താമസിച്ച റൂമിലെപോലെ ഇരുട്ടത്ത് കയറിവരേണ്ട, മൊബൈല്‍ സൈലന്റ് മോഡിലാക്കേണ്ട, സമയബന്ധിതമായി ബാത്റൂമിരിക്കേണ്ട, എണ്ണം പറഞ്ഞുണ്ടാക്കിയ മീന്‍ കറിയിലെ കഷ്ണങ്ങള്‍ ഉടയാതെ നോകേണ്ട..അങ്ങനെ ഒരുപാട് രക്ഷപ്പെടലുകളും..

പാക്കിസ്താനി, മലയാളി, ഗുജറാത്തി, പഞ്ചാബി, നേപാളി തുടങ്ങി വിവിധങ്ങളിലെ ഒരുമ.എല്ലാവരെയും ഒന്നു നേരില്‍ കാണാവുന്ന വെള്ളിയാഴ്ച്ചകളില്‍ പലരും നാലുകാലിലാവും..

പ്രവാസത്തിന്റെ മറ്റൊരു മുഖം. കുടിച്ചും ഉറങ്ങിയും ആഘോഷിക്കുന്നവര്‍..ഭാര്യയെ വിളിച്ച് തെറിപറയുന്നവര്‍,.. മറ്റാരെയൊക്കെയോ വിളിച്ച് കിന്നരിക്കുന്നവര്‍, വേരറുക്കപ്പെട്ടതിന്റെ വേദന, അല്ലെങ്കില്‍ നിര്‍ബാഗ്യവാനും ഒറ്റപ്പെട്ടവനുമെന്ന അപകര്‍ഷതാ ബോധം.

കമ്പനിയുടെ മാനവവിഭവ ശേഷി നിയന്താവിലൊരാള്‍ എന്നതാവാം, എന്റെമുമ്പില്‍ പലപ്പോഴും പലരുടെയും പ്രാരാബ്ധങ്ങളും ആധികളും വിവരിക്കപ്പെട്ടു.വൈകി കിട്ടുന്ന ശമ്പളത്തിന്റെ അത്യാവശ്യങ്ങള്‍ പലര്‍ക്കും പലതാണ്. പലപ്പോഴും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പാതി മനസ്സോടെയെങ്കിലും എല്ലാം കേല്‍ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.അതവര്‍ക്ക് ആശ്വാസമെകിയോ എന്തോ..?!

പട്ടാണികളുടെ കഥ കേള്‍ക്കുന്നത് സരസവും അതിലുപരി ചിന്തനീയവുമായിരുന്നു.. ഒരുത്തന്റെ 'ഭായി' സ്വയം വെടിയുതിര്‍ത്ത് മരിച്ചുവത്രെ.മറ്റൊരുത്തന്, താലിബാനികളുടെ ആക്രമണത്തില്‍ തന്റെ വീടിന്റെ പകുതിയോളവും ചുറ്റുമതിലും നഷ്ടമായി. പെഷാവറിന്റെ തെരുവുകളില്‍, എ. കെ 47 വഴിവാണിഭം കണക്കെ വില്‍ക്കപ്പെടുന്നു എന്ന് കേട്ടപ്പോള്‍, മഞ്ചേരി ചന്തയും മലപ്പുറം-പാണ്ടിക്കാട് റോഡും മനസ്സിലോടിയെത്തി.
പരസ്പര സഹായത്തിനും പാരവെപ്പിനും മലയാളികള്‍ കേമന്‍മാരാണ്. മൂക്കറ്റം കുടിക്കുന്നതിലും.കൂട്ടുകാരനു ടെര്‍മിനേഷന്‍ കിട്ടുമ്പോള്‍ ആ സങ്കടത്തില്‍ കൂട്ടുചേരാന്‍, കുട്ടി ജനിച്ചതിന്റെ സന്തോഷം പങ്കിടാന്‍,,ഇങ്ങനെയൊക്കെ കാരണങ്ങള്‍..

സാമ്പത്തിക മാന്ദ്യം പിടിമുറുക്കി തുടങ്ങിയപ്പോള്‍, രണ്ട്, മൂന്ന്, നാല്‌ തുടങ്ങി നീണ്ട അവധിയിലായി ശമ്പളവും. നാളെ നാളെയെന്ന് പറഞ്ഞ്, മാറി നടന്നെങ്കിലും ആ ദയനീയ മുഖങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും ഉത്തരം മുട്ടി.മേലാകെ ചൊറി പിടിച്ച ഒരു പഞ്ചാബി, ആശുപത്രിയില്‍ പോവാന്‍ 25 ദിര്‍ഹം ഇല്ലാതെ സഹികെട്ട് അവസാനം രാജികത്ത് നല്കുകയായിരുന്നു. എല്ലാം കണ്ട് മനസ്സ് നൊന്തപ്പോഴും പ്രഫഷണലിസത്തിന്റെ മേലങ്കിയണിഞ്ഞ് ഒന്നും കണ്ടിലെന്ന് നടിച്ചു.

ഒരിക്കല്‍ സമരം പ്രഖ്യാപിക്കപ്പെട്ടു.തലേകെട്ടിനുള്ളില്‍ കളിമണ്ണെന്ന് പരിഹസിക്കപ്പെട്ട പഞ്ചാബികളായിരുന്നു മുന്‍പന്തിയിലെങ്കിലും കടിഞ്ഞാണ്‍ പിടിച്ചത് മലയാളി കുറുക്കന്‍മാര്‍ തന്നെ. മാനേജ്മെന്റിന്റെ കൂടെനില്ക്കുമ്പോഴും തൊഴിലാളികള്‍ക്കൊപ്പമായിരുന്നു എന്റെ മനസ്സ്, നീണ്ട നാലുമാസത്തെ കാത്തിരിപ്പിനൊടുവിലാണ്,അവരിങ്ങനെയൊരു തീരുമാനമെടുത്തത് എന്നതു തന്നെ കാരണം.മേല്‍ പറഞ്ഞതില്‍ നിന്നുമുപരിയായി ഓരൊരുത്തര്‍ക്കും സമര കാരണങ്ങള്‍ നിരവധിയുണ്ട് താനും.

ഞാനെത്രയോ ഭാഗ്യവാണല്ലോ. പണമയക്കുന്നത് വൈകിയാലും ആ പേരില്‍ ഇതുവരെ ഒരു ഫോണ്‍ കാളും വന്നിട്ടില്ല. പ്രസവം, കല്യാണം, തുടങ്ങി ഗള്‍ഫുകാരന്റെ തീരാപ്രാരാബ്ധങ്ങളുന്നും ഒരളവു വരെ എന്നെ അലട്ടിയിട്ടില്ല.

വൈകാതെ സമരം ഒത്തുതീര്‍പായി എങ്കിലും പലരും നോട്ടപ്പുള്ളികളാക്കപ്പെട്ടു. പിന്നിലിരുന്ന് കരുക്കള്‍ നീക്കിയ വിരുതന്‍മാര്‍ ഇവിടെയും 'സെയ്ഫ്'. സര്‍ദാര്‍മാര്‍ മണ്ടന്‍മാരെന്ന് ഞാനടക്കമുള്ളവര്‍ ചര്‍ച്ചചെയ്യുമ്പോഴും ആ ധീരതയെ വണങ്ങാതിരിക്കനായില്ല.ഒരാഴ്ച്ചക്കുള്ളില്‍ ശമ്പളമെത്തി. പോയ്മറഞ്ഞ കളിയും ചിരിയും തിരികെയെത്തി. 'പാമ്പുകള്‍' ഇഴഞ്ഞും 'താമരകള്‍' വാടാതെയും നിന്നു..

പിറ്റേ ആഴ്ച്ച അഞ്ച് ടെര്മിനേഷന്‍ നോട്ടീസുമായിട്ടാണ്‌ ഞാന്‍ ക്യാമ്പിലെത്തിയത്.ഓരോരുത്തരെയും പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് പാടുപെട്ടു. "ടീക് ഹെ ഭായ്" എന്ന ഒറ്റ മറുപടിയില്‍ അവസാനിപ്പിച്ച് അവര്‍ മടങ്ങി.
വിസ കാന്‍സലേഷനും സെറ്റല്‍മെന്റും തയ്യാറാവുന്നത് അടുത്തൊരാഴ്ചകൂടി കഴിഞ്ഞാണ്.
ഒരു ശനിയാഴ്ച വൈകുന്നേരത്തെക്ക് ടിക്കറ്റ്. കെട്ടും ഭാണ്ഡവുമായി അഞ്ച് പേരും വണ്ടിയില്‍ കയറി.കൂടെ നിനാവരോട് യാത്ര ചോദിക്കുമ്പോള്‍ ആ മുഖങ്ങളില്‍ ദു:ഖം കനക്കുന്നുണ്ട്. രക്ഷപ്പെടലിന്റെ ഊറ്റമെന്നോണം ഉള്ളുതുറന്ന് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നു.

വിജനമായ മരുഭൂമിയിലൂടെയാണ്‌ യാത്ര. സൂര്യനെ യാത്രയാക്കി ഇരുട്ടിലഭയം തേടുന്ന മണല്‍കുന്നുകള്‍ അവര്‍ക്ക് മംഗളം നേര്‍ന്നു. വിരസമായ യാത്രയില്‍ പുറത്തെ അനന്തതയിലേക്ക് നോക്കിയിരുന്നു. ഈ മരുഭൂമിപോലെ എന്റെ മനസ്സും ശ്യൂന്യമായിരുന്നു.മുന്നോട്ട് പോവുന്തോറും പണിതീര്‍ന്നതും തീരാത്തതുമായ കെട്ടിടങ്ങള്‍ ഞങ്ങളെ സ്വഗതം ​ചെയ്തു. പിന്നെ മൌനമായി യാത്രയാക്കി. ഇടക്ക് 'കോണ്‍' നിരത്തി വെച്ച റോഡുകള്‍. ക്രയിനില്‍ തൂക്കിയിട്ട ഒരുപാട് അംബരചുംബികള്‍.. ഇവിടെയൊക്കെ ഇവരുടെ വിയര്‍പ്പുറ്റിയിട്ടുണ്ടാവും.. ഒരുത്തന്‍ കണ്ണ്‌ തുടക്കുന്നത് കണ്ടു.. തന്റെ 'കൃഷിസ്ഥലങ്ങളോട്' യാത്രപറയുന്നതാവാം
എമിറേറ്റ്സ് റോഡിന്റെ ഓരത്തായി ഒരുകൂട്ടം തൊഴിലാളികള്‍ അവരുടെ ബസ് കാത്തിരിക്കുന്നു. പകല്‍ മുഴുവനുമുള്ള അധ്വാനത്താല്‍ ആ മുഖങ്ങള്‍ വാടിയിട്ടുണ്ട്.
എയര്‍പോര്‍ട്ടിലെ തിരിക്കിനിടയിലും എല്ലാം പെട്ടെന്ന് ശരിയാക്കി. പാസ്പോര്‍ട്ടും ടിക്കറ്റും ഓരോരുത്തര്‍ക്കായി നല്‍കി.

"ഓകെ ഭായ്സാബ്.. ചലോ.." , പ്രഫഷണലിസത്തിന്റെ കാപട്യം ചാലിച്ച് ചുണ്ടുകള്‍ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച് ആ പരുക്കന്‍ കൈകള്‍ പിടീച്ച് കുലുക്കി. അഞ്ചാമന്‍ ഒരുമിനുട്ട് കൂടീ എന്റെ കൈ വിട്ടില്ല.
"ഭായീ... ദില്‍ മെം തോടാ ഇന്‍സാനിയത്ത് രഖോ".. കണ്ണുകള്‍ പുറത്തേക്ക് തള്ളി.. പിന്നെ കണ്ണുകള്‍ പലപ്രാവശ്യം ചിമ്മി തുറന്നു.
"കുച് ബോല്നെകാ നഹി" ഞാന്‍ തിരികെ നടന്നു.എന്നെ മാത്രം നോക്കുന്ന ആ പത്തു കണ്ണുകളില്‍ തീക്ഷണത നഷ്ടപ്പെട്ടിരിക്കുന്നു, അങ്ങ് അമൃതസറിലോ മറ്റോ ഇവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെ തേങ്ങലുകള്‍ എവിടെനിന്നോ കേള്‍ക്കാനാവുന്നു.. പോട്ടെ.ഒരുനാള്‍ ഞാനും ഇങ്ങനെ യാത്രയാക്കപ്പെടുമ്. കൊതിച്ചോ അല്ലാതെയോ..

വണ്ടിയില്‍ കയറി തിരികെ ക്യാമ്പിലേക്ക്... 'ഹിറ്റ് എഫ് എമ്മിലെ ഗാനങ്ങള്‍ക്ക് വെറുതെ ചെവികൊടുത്തിരിക്കുമ്പോള്‍ സ്വയം ചോദിച്ചു...

"എന്നിലെ മനുഷ്യത്വം നഷ്ടമായോ?" അതോ എവിടെയെങ്കിലും പണയപ്പെടുത്തിയോ??