നാലു ഭാഗത്തേക്കും പരന്നു കിടക്കുന്ന നെല്പാടങ്ങളും, തെച്ചിക്കാടുകള്‍ നിറഞ്ഞു നില്ക്കുന്ന ചെങ്കാടി കുന്നും പറങ്കി മാവുകള്‍ ഇരുട്ടു നിറച്ച ശീലകുന്നും... ബാല്യത്തിന്റെ നിഷ്കളങ്കമായ അലച്ചിലുകള്‍ക്ക് അതിരില്ലായിരുന്നു. കെട്ടുപന്തും പമ്പരവും, കള്ളിക്കായ ഈര്‍ക്കിലില്‍ കുത്തിയ ഇരുചക്രവണ്ടികളുമായി ഞങ്ങളുടെ പടയോട്ടം കാലത്തിന്റെ മാറ്റമനുസരിച്ചു ഇവിടെയെല്ലാം അരങ്ങേറികൊണ്ടിരുന്നു.. സ്കൂളിലേക്കും തിരിച്ചുമുള്ള കാല്‍നട യാത്രകളാണ്, ഇവയൊക്കെയും സമയത്തിനനുസരിച്ച് തരം തിരിക്കാനുള്ള യോഗ സമയമാക്കിയിരുന്നത്,, വീട്ടിലെ പായാരം പലതിനും പലപ്പോഴും തടസ്സമായിരുന്നെങ്കിലും ഒന്നിനും ഞാന്‍ ഒഴിവു പറയാറില്ലയിരുന്നു,,, കൂട്ടത്തിലുള്ളവര്‍ എന്നെപ്പോലെതന്നെ പായാരക്കാരായത് കൊണ്ട്, ഞങ്ങളുടെ ബഡ്ജറ്റ് എപ്പോഴും അത്തരത്തിലൊക്കെ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം..
ക്ലാസില്‍ രണ്ടാമനായിരുന്ന എനിക്ക് പക്ഷെ പലപ്പോഴും പുസ്തകവും പേനയുമെല്ലാം കടം വങ്ങേണ്ടി വന്നു,, കൂട്ടുകാരനായ ബാബു പലപ്പോഴും ഇവയുടെയൊക്കെ ദാതാവായി,, ഓര്‍ഫനേജില്‍ താമസിക്കുന്ന അവനു ഇക്കാര്യങ്ങളില്‍ പണക്കാരനായത് കണ്ട് എന്റെ പക്വതയെത്തിയിട്ടില്ലാത്ത മനസ്സും ആഗ്രഹിച്ചുപോയി,,,, ഇവനെപ്പോലെയായെങ്കിലെന്ന്,, വീട്ടില്‍ രാത്രിവായനക്കുള്ള മണ്ണെണ്ണ വിളക്കിനു വേണ്ടി കാക്കയോടും പെങ്ങളൊടും അടിപിടി കൂടാത്ത ദിവസങ്ങള്‍ കുറവായിരുന്നു,, ക്ലാസില്‍ പരക്കുന്ന മണ്ണെണ്ണ-ഗന്ധത്തിന് ഉത്തരവാദി ഞാനും എന്റെ പുസ്തകവുമാവുമ്പോള്‍, രാത്രിയിലെ കറണ്ടുകട്ടും വോള്‍ട്ടേജ് കുറവുമായിരുന്നു അവനെപ്പോലെ പലര്‍ക്കും സംസാരവിഷയം..!!
അന്നൊരു രാത്രി സയന്‍സിലെ രാധാമണി ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോഴായിരുന്നു ഉപ്പയുടെ വര്‍ത്തമാനം ശ്രദ്ധിച്ചത്..നാട്ടിലെ പ്രമുഖരിലൊരാള്‍ ഉപ്പയുമായി ചര്‍ച ചെയ്റ്റതാണത്രെ.. ഉമ്മയുടെ പ്രതികരണം അനുകൂലമായിരുന്നില്ല,, മനസ്സില്ലാ മനസ്സോടെ ഉപ്പയും പറയുന്നത് കേട്ടു...
“ ആലോയ്ച്ച് നോക്കട്ടെ,, ഇപ്പൊ യതീംകാനയില്, നല്ല സുഖാന്നല്ലെ കേള്‍ക്കണത്,, നമ്മളെ മര്യത്തിന്റെ സാജീം മനാഫുക്കെ എത്രകാലായീ അബ്ടെ..”
ഉപ്പയുടെ പെങ്ങളാണ് മറിയം,, ഭര്‍ത്താവ് മരിച്ചതിനു ശേഷം രണ്ട് മക്കളെയും ഓര്‍ഫനേജില്‍ ആക്കിയിട്ട് അവരും ജോലി നോക്കുന്നു,,, ഏതായാലും കാര്യങ്ങള്‍ എന്റെ ആഗ്രഹത്തിലേക്ക് വരുന്നത് കണ്ടപ്പോല്‍ സമപ്രായക്കാരിയായ പെങ്ങളൊട് ചര്‍ച്ച ചെയ്തു,, ഗേള്‍സ് വിങ്ങ് വിദ്യാര്‍ഥിനികളുടെ കഥ കേട്ട് സങ്കടപ്പെടുന്ന അവള്‍ക്ക് വീട്ടിലിനി എന്തു സംഭവിച്ചാലും യതീംഖാനയിലോട്ട് പോവുന്നത് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.
ഏതായാലും അധികം ദിവസങ്ങളെടുക്കാതെ തന്നെ തീരുമാനമയി.. എന്റെ നിര്‍ബന്ധത്തിനും വീട്ടിലെ പ്രാരാബ്ദത്തിനും വഴങ്ങി ഞാനും പെങ്ങളും അനാഥകളാകാന്‍ വിധിക്കപ്പെട്ടു..
പുതിയൊരെണ്ണമുള്‍പ്പടെ മൂന്നു കൂട്ടം കുപ്പായങ്ങളും സോപ്പും ചകിരിയും ഉമിക്കരിയും പിന്നെ പത്തിരി ചാറ്റിലിട്ട പോലെയെന്നു പലരാലും വിശെഷിപ്പിക്കപ്പെട്ട കുറച്ചു പുസ്തകങ്ങളുമെല്ലാം തകരപ്പെട്ടിയിലാക്കുന്നതിനിടയില്‍ പമ്പരവും ചാട്ടും, സമ്പാദ്യമായ കുറെ ഗോലികളും വീടിന്റെ ഇടച്ചുവരില്‍ കയറ്റി വെച്ചു,, എന്തും സ്വന്തം പേരില്‍ അവകാശപ്പെടുന്ന അനിയന് ഇതും നാളെമുതല്‍ സ്വന്തമാല്ക്കില്ലെന്ന് പറയാനൊക്കില്ലല്ലൊ..!
വീട്ടുകര്ക്കും അയല്‍ പക്കക്കാര്‍ക്കും സലാം ചൊല്ലി പാടവരമ്പത്തോട്ടിറങ്ങുമ്പോള്‍ മനസ്സില്‍ രക്ഷപ്പെടലിന്റെ ആനന്ദത്തിമര്‍പ്പായിരുന്നു,, കൂട്ടുകാരെ വിട്ടു പൊവുന്നതില്‍ കുറ്റബോധമോ സങ്കടമോ തോന്നിയില്ല,, ഇടവഴികളും മണ്‍ചെരുവുകളും കഴിഞ്ഞു ഓട്ടോയില്‍ കയറി വലിയൊരു ആമത്താഴിട്ടു പൂട്ടിയ ആ വലിയ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍ ഉപ്പ ഒരു നിമിഷം നിന്നു,,, എന്റെ കൈകളില്‍ മുറുകുന്ന ഉപ്പയുടെ കൈകളുടെ അര്‍ഥമോ മൌനമായ മനസ്സിന്റെ വേദനയോ എനിക്കു മനസ്സിലായിരുന്നില്ല.. പുതിയൊരു ലോകത്തേക്കുള്ള പാലായനത്തിലായിരുന്നു എന്റെ കുഞ്ഞു മനസ്സ്. അല്ലേലും ആറാമത്തെ മകളും ഏഴാമത്തെ മകനും ഉപ്പയുടെ സ്നേഹം ആശിച്ച പോലെ അനുഭവിച്ചിട്ടില്ല,, മീന്‍ കച്ചോടം കഴിഞ്ഞ് ക്ഷീണിതനായ മുഖവും ദേഷ്യം നിറയുന്ന ചുവന്ന കണ്ണുകളും കൊണ്ട് ഉള്ളിലെ സ്നേഹം പ്രകടമാക്കാന്‍ ഉപ്പാക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല..
ബാബുവിന്റെ കത്തിയില്‍ ഞാനാക്ര്`ഷടനായിട്ട് മാസങ്ങളായി,, ഇന്നിതാ ഞാനും അവനെപോലെ ഇവിടുത്തെ വെളുത്ത ട്യൂബിന്റെ വെളിച്ചവും പൈപ്പിന്റെ കീഴിലെ കുളിയും നേരത്തിനുള്ള ഭക്ഷണവും അനുഭവിക്കുകയാണ്.. രാത്രി വായിക്കാന്‍ നല്ല മൂഡായിരുന്നു,, നേരത്തെ എഴുനേറ്റ് കുളിക്കാനായി വരിനില്‍ക്കുമ്പോള്‍ പുതിയ കുട്ടിയെന്ന പരിഗണന എല്ലാവരും തന്നു,, ഷാജിയുടെ കുടുംബക്കാരനെന്ന സല്പേരും കുറച്ചൊന്നുമല്ല അനുഭവിച്ചത്,,, ഞാന്‍ സന്തോഷിക്കുകയായിരുന്നു,, സ്കൂളില്‍ ചെല്ലുമ്പോള്‍ പഴയ കൂട്ടുകാരെത്തും, അവരോടു വീമ്പു പറയും, മണ്ണെണ്ണ വിളക്ക് മാത്രം കണ്ടു വളര്‍ന്ന അവര്‍ക്കും ലൈറ്റും ഫാനും പൈപ്പിമെല്ലാം വലിയകാര്യങ്ങളായിരുന്നു,
മൂന്നാം ദിവസമായപ്പോഴേക്കും എന്റെ പുത്തന്‍ നഷ്ടപ്പെട്ടുകോണ്ടിരുന്നു,, രാവിലെ ക്യൂവില്‍ ഞാന്‍ സാധാരണക്കരനായി മാറി,, സോപും പേനയുമെല്ലാം പലപ്പോഴായി മോഷ്ടിക്കപ്പെട്ടു. തല്ലുകൂടിയിട്ടാണെങ്കിലും കിട്ടുന്ന മീന്‍ കഷ്ണത്തിന്റെ രുചി വരിനിന്നു വാങ്ങുന്ന ബിരിയാണിക്ക് കിട്ടിയില്ല...!! എവിടെ തിരിഞ്ഞാലും നിയമങ്ങള്‍ മാത്രമായി,,, എന്തിനുമേതിനും സമ്മതം കിട്ടേണ്ടി വന്നു,,, രാവിലെ പാട്ടു പാടിയൊന്ന് കക്കൂസിലിരിക്കാന്‍ പോലും സ്വൈര്യമില്ല.. വാതിലില്‍ മുട്ട് കേള്‍ക്കും..
നാട്ടിലെ ഓരോ പോക്കിരിത്തരങ്ങള് കൂട്ടുകാര്‍ പൊടിപ്പും തുങ്ങലും വെച്ച് വിളമ്പുന്നത് കേട്ടപ്പോള്‍ ഗ്ര്ഹാതുരത്തത്തിന്റെ ഓര്‍മ്മകള്‍ മെല്ലെ തലപ്പൊക്കാന്‍ തുടങ്ങി,, തെങ്ങിന് തോട്ടത്തില്‍ ക്രിക്കറ്റ് കളിച്ചതിന് ചീത്തവിളിച്ച ചെറിയോന് കാക്കയെ കൂവിയാട്ടിയതെല്ലാം കേല്ക്കുമ്പോള് കുരുത്തക്കേട് തിളക്കുന്ന എന്റെ മനസ്സിന് നഷ്ടബോധം തോന്നാതിരിക്കില്ലല്ലൊ..
മനസ്സ് അടങ്ങാതായി,, അപ്പവടി കൊണ്ടുള്ള ഉപ്പയുടെ അടിക്ക് പിത്ര്`വാത്സല്യത്തിന്റെ നോവായിരുന്നു എന്നു ബോധ്യപ്പെട്ടു.. ഓര്‍ഫനേജിലെ വാര്ഡന് തല്ലുമ്പോള്‍ എന്തെന്നില്ലാത്ത അരിശവും അറപ്പും തോന്നുന്നു.. നല്ല കടുപ്പവും മധുരവുമുള്ള ചായയ്ക്ക് ഉമ്മയുടെ ചക്കരചായയുടെ മാധുര്യമില്ല.. രാത്രി എഴുതാനോ വായിക്കാനോ തോന്നുന്നില്ല,, ജനലഴികള്‍ പേടിപ്പെടുത്തുന്നു..ഒരാഴ്ച പിന്നിട്ടതെയുള്ളൂ,, ഓര്‍ഫനേജ് എന്നത് എനിക്കൊരു ജയിലാവാന്‍ തുടങ്ങിയിരുന്നു...
പിറ്റേന്നു മദ്രസ്സയില്‍ നിന്നും കൂട്ടുകാരനാണ് പരഞ്ഞത്,, “ഇന്നലെ അന്റെ പെങ്ങള് ക്ലാസില്‍ നൊലോളിച്ചിരിക്ക്ണ്”
എനിക്ക് കാര്യം പിടികിട്ടിയില്ല,, സ്കൂളിലെ ഇന്റര്‍വെല്ലിന് നേരെ അവളുടെ ക്ലാസിലെത്തി,, അവള് അപ്പോഴും കരയുന്നു,, അയല്പക്കക്കാരുടെ ‘ബോബനും മോളിയും‘ പിരിഞ്ഞിട്ട് ഒരാഴ്ചായായിരിക്കുന്നു,, രാത്രിയിലെ ഉണ്ടാക്കി കഥയോ അടിപിടിയോ ഇപ്പോഴില്ല. അവളുടെ കരഞ്ഞു ചുവന്ന മുഖംകണ്ട് വല്ലാതായി...
“അവിട്യൊക്കെ ഇമ്മെം ബാപ്പെം ഒയ്ച്ചിട്ടോലാ... ഇച്ച് കൂടീ പോണം..” അവളുടെ തേങ്ങല്‍ കൂടി വന്നു.
എന്തു പറയണെമെന്നറിയാതെ ഞാനും വല്ലാതായി,, അല്ലേലും ഒരഞ്ചാംക്ലാസ്സുകാരന്‍ എന്തു ചെയ്യാന്‍... കൂടെ നടന്ന് വളപ്പൊട്ട് പെറുക്കലും മാങ്ങാ ഉപ്പുകൂട്ടി തിന്നലുമല്ലെ പഠിച്ചിട്ടുള്ളൂ,,,
പിറ്റേന്ന് വെള്ളിയാഴച്ച,, ബിരിയാണിയാണ്,, ഒന്നിലും ഒരു രസവുമില്ല,, ഉച്ചക്കു വരുമെന്നു പറഞ്ഞ ഉമ്മയെയും താത്തമരെയും കാത്തിരിക്കുകയാണ്.. 4 മണിയായപ്പോഴാണ് അവരെത്തിയത്.. പെങ്ങളുടെ അടുത്തു ആദ്യം പോയതു കാരണം എല്ലാവിവരങ്ങളും അവരുടടുത്തുണ്ട്,, അവരെകണ്ടതും ഞാനോടി ചെന്നു,,, ഉമ്മ ആദ്യമായി എന്റെ മുമ്പില്‍ കണ്ണ് നിറച്ചു,, ഒപ്പം വന്ന താത്തമാര്‍ക്ക് എന്തു പറയണമെന്നു അറിയില്ലായിരുന്നു,,,
“ഞങ്ങള്‍ കുടീക്ക് പോരാ,, ഇബടെ മാണ്ടാ..” കരഞ്ഞാണ് ഞാനത് മുഴുമിപ്പിച്ചത്...ഉപ്പാനോടു പറയാം എന്നു പറഞ്ഞ് അവരൊക്കെ ക്കൂടി സമാധാനിപ്പിച്ചു,,
അന്നു രാത്രി വല്ലാത്തോരു മാനസികാവസ്ഥയായിരുന്നു. ഉപ്പ സമ്മതിക്കുമോഎന്നറീയില്ല,,ഇല്ല സമ്മതിക്കില്ല, കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രതികരണം,, ഓര്‍ഫനേജില്‍ വിരുന്നുപാര്‍ത്തെന്ന ഇരട്ടപ്പേരാവും കളിക്കുമ്പോഴൊക്കെയും...ആകെ കടലിനും ചെകുത്താനും നടുക്ക് പെട്ട പോലെയായി.. പിന്നെ ഇവിടെതന്നെ നില്ക്കാന് മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചു,,വീട്ടിലെ തീരാപരാതികള്‍ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ പാടുപെട്ടു
രാവിലെ മദ്രസ്സയില്‍ ഇരിക്കുമ്പോള്‍ പുറത്ത് ഉപ്പ,,, ഞാനാകെ അല്‍ഭുതപ്പെട്ടു,, ചീത്തപറയാനാണോ അതോ കൊണ്ടു പോവാനോ എന്നറിയില്ല,,, ഭയമായിരുന്നു മനസ്സില്‍...ക്ലാസില്‍ വന്ന മറ്റൊരു ഉസ്താദ് എന്നെ വിളിച്ചിറക്കി കോണ്ടു പോയി... അപ്പോഴേക്കും എല്ലാം തയ്യാറായിരുന്നു,,,
“ജ്ജ് ചെന്ന് പെട്ടിം കിറ്റുമൊക്കെ എടു ത്ത് ബാ”.. ഉപ്പയുടെ വാക്കുകളില്‍ അളവറ്റ വാത്സല്യം തോന്നി..
എല്ലാം എടുത്ത് ക്ലാസില്‍ ചെന്ന് പോവട്ടെ എന്നു പറഞിറങ്ങി,,,
അനാഥന് വീണ്ടും സനാഥനാവുന്നു,, പട്ടിണിക്കും പായാരത്തിനും അപ്പുറത്ത് ഉപ്പയുടെയും ഉമ്മയുടെയും വാത്സല്യം തേടി വീണ്ടും വീട്ടിലേക്ക്,, ചെങ്കാടി കുന്നിന്റെ താഴവാരവും ചേറു കലങ്ങിക്കിടക്കുന്ന വയലുകളൊടും കളിപറയാന്‍,,,
വൈകീട്ട് കെട്ടു പന്തുമായി റാശിദ് കൂക്ക് വിടുമ്പോള്‍ ഞങ്ങളോരൊരുത്തരായി വീടുകളില്‍ നിന്നുമിറങ്ങിയോടി....അതിരുകളില്ലാതെ,, നിയമത്തിന്റെ വന്മതിലുകളില്ലാതെ