അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയില്‍ നിന്നും സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഇടിയും മിന്നലും അല്പം ഭയപ്പെടുത്തുമ്പോള്‍ ഓര്‍മ്മയില്‍ രണ്ട് വര്‍ഷം മുമ്പുള്ള ഇതേ മൈതാനമായിരുന്നു. ഒരുപാട് പന്തുകളുണ്ടാവും. ക്രിക്കറ്റും ഫുട്ബാളുമായി കുറെ കൂട്ടങ്ങളും, പരക്കം പായുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും സ്വന്തം ടീമംഗങ്ങളെയും, പന്തും കണ്ടെത്തുന്നത് വളരെ പാടായിരുന്നു. ഗോള്‍ പോസ്റ്റിനടുത്ത് ചുരുങ്ങിയത് പത്ത് ഗോള്‍ കീപ്പര്‍മാരെങ്കിലും കാണും. നാല് പോസ്റ്റുള്ളത് നാല് ക്രിക്കറ്റ് സ്റ്റമ്പുകളും, പോരാഞ്ഞിട്ട് അവിടെയുമിവിടെയുമായി മടലിന്റെ മൊരടുമായി കുറെ പേര്..
സ്കൂള്‍ കടന്നാല്‍ മൂന്നാമത്തെ വീടാണ് ഷാഹിദിന്റെത്. ഇന്റര്‍ വെല്ലിന് ഉപ്പും മുളകൂം കൂട്ടി മാങ്ങ തിന്നാന്‍ അവിടെ പോവും, പച്ച പുളിയും ഒരുപാടുണ്ടായിരുന്നു. നാവ് തൊലി പോവുന്നതാണ് കണക്ക്, അതു കഴിഞ്ഞ് കുറെകാലത്തേക്ക് എല്ലാറ്റിനും അവധി.
കോളേജ് ജീവിതത്തിന് പക്ഷെ മറ്റെന്തൊക്കെയോ സുഖമുള്ളപോലെ. ഞങ്ങള്‍ അവസാന പ്രീ ഡിഗ്രി ബാചായത് കൊണ്ട് ഇനി അടുത്ത വര്‍ഷവും ജൂനിയര്‍ ഞങ്ങള്‍ തന്നെ..
മഴ തോര്‍ന്നപ്പോള്‍ ഇറങ്ങി നടന്നു..ഷാഹിദിന്റെ ഉപ്പ സിറ്റൌട്ടിലിരിക്കുന്നു, കാലുകള്‍ പെട്ടെന്ന് പതുക്കെയായി,
“ഇതാര് റിയസോ.. ഷാഹിദ് ഇവിടില്ലല്ലൊ.. എന്തെ ഇപ്പൊ പ്രത്യേകിച്ച്??
ഞാനൊന്നു ചിരിച്ചു, പേടിയും ബഹുമാനവും കാരണം ശബ്ദം പൊങ്ങിയില്ല..
“എന്‍ട്രന്‍സാണ് .. മറ്റെന്നാളെ. ഷാഹിദിന്റെ എന്‍ സി ആര് ടി ബുക്കിന് വന്നതാ,, അവന് മെഡിക്കല്‍ എഴുത്ണ് ല്ലല്ലോ”..
“അത്പ്പോ.. അവനെവിടാണാവോ വെച്ചിട്ടുണ്ടാവ്വാ,, ആ വാ നമമക്ക് നോക്കാ”..ഞാന്‍ കൂടെ നടന്നു,
മുമ്പ് എസ് എസ് എല്‍ സിക്ക് നാട്ടില്‍ രണ്ടാം സ്ഥാനം കിട്ടിയതിന് അവാര്‍ഡ് നല്കാന് ഇദ്ദേഹമായിരുന്നു വന്നിരുന്നത്, ഉപ്പയെ അടുത്തറിയുന്നത് കൊണ്ട് പ്രസംഗത്തില്‍ ഉപ്പയെ പ്രശംസിച്ചു, അതു കേട്ട് സദാസ്സിലിരുന്ന് ഉപ്പ കണ്ണ് നിറക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് എന്നെ അടുത്ത് വിളിച്ച് പറഞ്ഞു, “ ഞാനും കുറെ കഷ്ടപെട്ടാണ് ഇവിടെയെത്തിയത്, ഒരുപാട് ജോലി ചെയ്തിട്ടുണ്ട്,, അവസാനമാണ് കോളേജ് പ്രിന്‍സിപ്പലായത്”..
റാക്കില്‍ അലസമായി ചിതറിയിട്ട പുസ്തകങ്ങള്‍ പരതുമ്പോള്‍ അദ്ദേഹം വിയര്‍ക്കുന്നുണ്ടായിരുന്നു,
ഞാന്‍ പരീക്ഷ എഴുതിയാലും ജയിച്ചാലും ഇദ്ദേഹത്തിന് ഒന്നും കിട്ടാനില്ല, എന്നിട്ടും എനിക്കായി ഇയാള്‍ വിയര്‍ക്കുന്നു.. എനിക്ക് ബഹുമാനം തോന്നി,
ചായ കുടിക്കുമ്പോള്‍ ഒരുപാടുപദേശിച്ചു. “ആരാ കൂടെ വരുന്നത്? ഇറങ്ങി നടക്കുമ്പോള്‍ അദ്ദേഹം ചൊദിച്ചു.
“അത്... ഇക്ക ഹോസ്പിറ്റലീന്നു ഡിസ്ചാര്‍ജ്ജ് ആയാല്‍ കൂടെ പോരും.. അല്ലെങ്കി പിന്നെ” ..
ഉം... കൂടുതലൊന്നും ചോദിച്ചില്ല..
ചാലായി ഒഴുകുന്ന മഴവെള്ളത്തില്‍ കാലു വീശി നടന്നക്കുമ്പോള്‍ പുസതകം വെറുതെ മറിച്ചു നോക്കി.. പുതുമണ്ണ് മണക്കുന്നുണ്ടായിരുന്നു,, എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞയുടനെ തന്നെ ഇക്ക ട്യൂഷന് ചേര്‍ത്തിരുന്നു. പിന്നീട് മറ്റൊ രു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോച്ചിങ്ങിന്, പതിനായിരം രൂപയായിരുന്നു ഒരു വര്‍ഷത്തെ ഫീസ്. ഡൊക്ടറാവാന്‍ ഒരുങ്ങിപുറപ്പെട്ട അറുപതു അമൂല്‍ബേബിമാര്‍ക്കിടയില്‍ എനിക്ക് വീര്‍പ്പ് മുട്ടി..പ്രൊഫസര്‍മാരുടെയും ഡോക്റ്റര്‍മാരുടെയും മക്കളിരിക്കുമ്പൊ മീങ്കച്ചവടക്കാരന്റെ മകന് ഒരു ബി എ മാത്രമെ ആകാവൂ എന്ന് തോന്നി.. മാര്‍ക്കല്ല പണമാണ് ഡിഗ്രി തരുന്നതെന്ന് സ്വയം ബോധിപ്പിച്ചു.
രാവിലെ ഏഴ് മണിക്ക് ക്ലാസ്, മിക്കവാറും ദിവസം വീട്ടില്‍ പ്രാതലില്ല, ചിലപ്പൊ പഴഞ്ചോറ് ഉള്ളിയില്‍ വഴറ്റിയത്.. ഇല്ലെങ്കില്‍ റവ, കപ്പ,, അതിനൊക്കെ നേരം വൈകും, യൂസുഫലി സാറിന്റെ ഓര്‍ഗാനിക് കെമിസ്ട്രി പഠിക്കാന്‍ ബൂസ്റ്റും ഹോര്‍ലിക്സുമെല്ലാം വേണ്ടിവരും. ഉച്ചക്ക് ഞാനൊറ്റക്ക് ഒരു മൂലയിലിരുന്ന് തിന്നും, ചാറിന്റെ പുളിച്ച വാസന അവരേല്‍ക്കരുതല്ലൊ.. പിന്നെ പിന്നെ കൂട്ടുകാരൊക്കെയായി. ദിനകും ജോണും അങ്ങനെ എന്നെ മനസ്സിലാക്കിയ കുറച്ച് പേര്..
ഫീസ് നല്‍കേണ്ട സമയമാവുമ്പോഴൊക്കെ പേടിയാണ്.. ഇക്കയോട് ചോദിക്കാന്‍ മടി തോന്നി,, വീട്ടിലെ കാര്യങ്ങള്‍ നടത്തുന്നതിനിടക്ക് ഞാന്‍ കൂടി എന്തിന്.. ഒരിക്കല്‍ എവിടുന്നൊക്കെയോ കുറെ പത്തു രൂപ നോട്ടുകള്‍ സംഘടിപ്പിച്ചു തന്നു, അഞ്ഞൂറ് രൂപ.. അതു സാറിന് കൊടുത്തന്ന് ജോണിനെ വിളിച്ച് സാര്‍ സംസാരിക്കുന്നത് കണ്ടു. അവന് പറഞ്ഞിട്ടാവണം പിന്നീട് ഫീസിന് എന്നെ സാറ് നിര്‍ബന്ധിച്ചിട്ടില്ല..
രണ്ടുവര്‍ഷം പോയതറിഞ്ഞിരുന്നില്ല, പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്‍ട്രന്‍സിന് എല്ലാവര്‍ക്കുമൊപ്പം ഞാനും അപേക്ഷ അയച്ചു,
ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഇക്ക കട്ടിലില്‍ ഇരിക്കുന്നു അടുത്തായി ഉമ്മയും.
“സുഖണ്ടോ.. ഇന്നു ഡിസ്ചാര്‍ജ്ജ് ആവ്വോ” ??
“ഉം .. ഡോക്ടര്‍ വരട്ടെ,, ഇല്ലെങ്കി ആരെങ്കിലും കൂടെ പോന്നോളും,” ഇക്ക നിരുത്സാഹപ്പെടുത്തുന്നില്ല, എന്നില്‍ ഇക്കക്ക് വലിയ പ്രതീക്ഷകളാണ്.. തിരികെ മടങ്ങുമ്പോള്‍ എന്‍ട്രന്‍സ് എനിക്ക് പറഞ്ഞതല്ലെന്ന് ഓര്‍ത്ത് സമാധാനിച്ചു,
രാത്രി ഷാഹിദിന്റെ പുസ്തകം കൂടി റഫര്‍ ചെയ്തു, വെറുതെയെന്ന് തോന്നിയെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.. മറ്റെന്നാള്‍ തിരുവനന്തപുരത്തെത്തണമെങില്‍ നാളെ യെങ്കിലും ഇവിടുന്നു പോവണം. കൂട്ടുകാരില്‍ പലരും അവിടേയെത്തി, പലരും ഇന്നു പുറപ്പെടും,, ട്രെയിനില്‍ ബുക്കിങ് ഇല്ലെന്ന് കേട്ടു,, ഇനി ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പോവേണ്ടി വരും, സുഖമായിട്ടില്ലാത്ത ഇക്കയേം കൂട്ടി അതു നടക്കും എന്നു തോന്നുന്നില്ല. ചിന്തകള്‍ ബയോളജിക്കും കെമിസ്ട്രിക്കും മീതെ ഹുങ്കു കാണിച്ചപ്പൊള്‍ പുസ്തകമടച്ചുവെച്ചു കിടന്നു.
ചൊറ്റുപാത്ര വുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഇക്കയും ഉമ്മയും മടങ്ങാന്‍ തയ്യാറായിരിക്കുന്നു,,
“എല്ലാം റെഡിയല്ലെ.. ഇന്ന് പോവണം” .. ഞാനാകെ അന്തിച്ചു നിന്നു..
വീട്ടിലെത്തിയപ്പോള്‍ 12 മണി. ഉമ്മ ഓരോന്നു പിറു പിറുത്തു കൊണ്ടിരുന്നു,, ബാഗ് ശരിയാക്കുമ്പോള്‍ ഉമ്മയും ഉപ്പയും ഇത്തമാരും ഇക്കയെ കൂടുതല്‍ മെനക്കെടുത്തരുതെന്ന് പലവട്ടം ചൊല്ലി തന്നു.
നിലമ്പൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് ട്രെയിനില്‍, അധികം തിരക്കില്ലായിരുന്നു,, ഷോര്ണ്ണൂര് ചെന്നപ്പോള്‍ റെയില്‍വേ സ്റ്റേഷന് നിറയെ ജനങ്ങള്‍.. പൊകറ്റും ബാഗുമെല്ലാം ശ്രദ്ധിക്കാന്‍ ഇക്ക പ്രത്യേകം പറഞ്ഞു തന്നു, ട്രയിന്‍ യാത്ര ആദ്യമായത് കൊണ്ട് ഞാനാകെ ഉല്‍ഖണ്ഢയിലായിരുന്നു.
“ഇനിപ്പൊ ട്രെയിനില്‍ പോകുന്നത് ബുദ്ധിയല്ല. വാ നമ്മക്ക് ബസ്സ് നോക്കാം”..
“ബസ്സില്‍ പോയാല്‍ ശാസംമുട്ട് കൂടൂല്ലെ, ആകെ എടങ്ങേറാകും” ... എനിക്ക് പേടിയായിരുന്നു
“അനക്ക് പരീക്ഷക്ക് എത്തണ്ടെ”.. ഞാനൊന്നും മിണ്ടിയില്ല,
എറണാകുളത്ത് എത്തുന്നതു വരെ സീറ്റ് കിട്ടിയില്ല, എന്നിട്ടും ഇക്ക കൂടുതല്‍ ഉന്മേഷവാനാകുന്നു. ആശുപത്രി കിടക്കയില്‍ നിന്നും എണീറ്റ് പോന്നതാണെന്ന തോന്നലേ ഇല്ല,
എന്നിലുള്ള ഭാവി ഡോക്ടറാവും ഇക്കക്ക് മരുന്ന് നല്‍കുന്നത്, എല്ലാം എനിക്ക് പുതുമയായതിനാല്‍ ഇക്കയുടെ പിന്നാലെ ഞാനും നടന്നു. കോട്ടയം വഴി ബസിന് ടിക്കറ്റ് കിട്ടി, കുറച്ച് സമാധാനമായി. നേരം വെളുക്കുന്നതിന് ഏറെ മുമ്പ് തന്നെ തിരുവനന്തപുരത്തെത്തി, യാത്രക്കിടയില്‍ പ്രധാന ടൌണുകളെല്ലാം ഇക്ക ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പറഞ്ഞു തന്നു, ഒരു പക്ഷെ മറ്റാരെങ്കിലുമായിരുന്നെങ്കില് ഞാനിവിടെ എത്തില്ലായിരുന്നു.
റൂം എല്ലാം ബുക്ക്ഡ് ആയിരുന്നു, ഒരുപാട് അലച്ചിലിനൊടുവില്‍ ഒരു ഓട്ടോകാരന് വഴി റൂം തരപ്പെട്ടു, കുളിച്ച് ഫ്രഷായി പ്രാതലിനിറങ്ങി. കിഴക്കെ കോട്ടയില്‍ നിന്നും തിരുമലയിലേക്ക് ബസ്സ് കയറി. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിനടുത്ത് എത്തുമ്പോള്‍ സമയം 9 മണി. എക്സാം ഹാളില്‍ ഞാനെത്തിയിട്ടും പലരും എത്തിയിരുന്നില്ല..
തലേ ദിവസം വരെ ആശുപത്രിയില്‍ ചുമച്ച് ശ്വാസത്തിനായി ആഞ്ഞു വലിച്ച് കൊണ്ടിരുന്ന ഇക്ക ഇന്ന് എന്നെ കേരളത്തിന്റെ തെക്കെ അറ്റത്ത് എക്സാം ഹാളില്‍ എത്തിച്ചിരിക്കുന്നു,, എനിക്ക് വിഷ്വസിക്കാന്‍ പറ്റിയില്ല..
“ എങ്ങനുണ്ടായിരുന്നു എക്സാം..?
“കുഴപ്പല്ല, ന്നാലും ജയിക്ക്വാ ആവോ..
“സാരല്ല, ഇതല്ലെങ്കി ഇനിണ്ടാവല്ലോ ,, എന്തിനാ പേടിക്കുന്നത്,,
ഇക്കയുടെ വാക്കുകള്‍ മനസ്സില്‍ കൊണ്ടു, ഇത്രയൊക്കെ ബുദ്ധിമുട്ടി ഇവിടെയെത്തിയിട്ടും കുറ്റപ്പെടുത്തലിന്റെ ഒരു വാക്കു പോലും ആ വലിയ ഹ്ര്`ദയത്തില്‍ നിന്നു വന്നില്ല, കുറ്റബോധം തോന്നി..
“ ഇനി ഇവിടെയൊക്കെ ചുറ്റി കണ്ട് രാത്രി മടങ്ങാ..
എനിക്കു താല്പര്യമുണ്ടെങ്കിലും ഇക്കയുടെ സ്ഥിതി എന്നെ വല്ലാതാക്കിയിരുന്നു.പ്രധാന സഥലങ്ങളെല്ലാം ഇക്ക കൂടെ നടന്ന് കാണിച്ചു തന്നു, നിയമസഭ, മെഡിക്കല്‍ കോളേജ്, തുടങ്ങി,,
അവസാനമാണ് പത്മനാഭ സ്വാമീ ക്ഷേത്രത്തിലെത്തിയത്,,
“ ഇവിടെ ജ്ജ് ഒറ്റക്ക് പോയ്ക്കോ ,, ഞാന്‍ കുറെ പ്രാവശ്യം കയറിയതാ...”
ഇക്ക തളര്‍ന്നിരിക്കുന്നു, ചുവന്ന മുഖത്തു നിന്നും എനിക്കത് വായിക്കാന്‍ സാധിച്ചു,,
“വേണ്ട മ്മക്ക് പിന്നെ വരാം...
ഞാനെന്റെ ആഗ്രഹത്തെ അടക്കി പിടിച്ചു പറഞ്ഞു..
‘ഇല്ല.. ഒരു പ്രശ്നൂല്ല,, അതിനുള്ളില്‍ എല്ലാത്തിനും ഗൈഡുണ്ടാവും.. “
ഇക്ക കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊറ്റക്ക് കയറി. ഒന്നാം നില ചുറ്റി കണ്ടു, മുകളില്‍ കയറാന്‍ ആഗ്രഹമുണെണ്ടെങ്കിലും ഇക്കയെ ഓര്‍ത്തപ്പൊള്‍ മതിയാക്കി വെളിയിലിറങ്ങി.
വൈകീട്ട് വഴിക്കടവ് ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയിലൊക്കെയും ഇക്കാക്ക് വേണ്ടി പ്രാര്‍ഥിച്ചു,. ഉറങ്ങിയതറിഞ്ഞില്ല.. ഇടക്ക് ഇക്ക തട്ടി വിളിച്ച് പറഞ്ഞു,,
“ആലപ്പുഴയെത്തി,, നമ്മള് പോന്നപ്പൊ ഇവിടെ കണ്ടിട്ടില്ല” .. ഉറക്ക ചടവില്‍ പുറത്തു നോക്കി... അധികം വലുതല്ലാത്ത ടൌണ്‍.. ബസ്സ് നിര്‍ത്തിയപ്പോള്‍ ഓരോ ചായ കുടിച്ചു.
വീട്ടില്‍ തിരിച്ചെത്തുമ്പോഴും ഇക്കാക്ക് തളര്‍ച്ച കൂടിയിരുന്നില്ല,,, ആശുപത്രി കിടക്കയില്‍ നിന്നും കേരളത്തിന്റെ അങ്ങേയറ്റം വരെയുള്ള യാത്രയില്‍ ഞാന്‍ ഇക്കക്കായിരുന്നോ കൂട്ട്.. അതോ ഓരൊ നാടും വിവരിച്ച്, സ്നേഹിച്ച്, കൂട്ടുകാരനായി, എന്നോടൊപ്പം ഇക്കയായിരുന്നോ കൂട്ട്,, അറിയില്ല,,
* * * * * *
ഇക്ക പറഞ്ഞ പോലെ പിന്നീട് ഇക്കയുടെ കൂടെ ഇങ്ങനൊരു യാത്ര ഉണ്ടായില്ല, പല ആശുപത്രികളിലായി പലവട്ടം ഇക്ക കിടത്തപ്പെട്ടു, ആ ശരീരം കീറിമുറിച്ച്, പലരും പലതും പഠിച്ചു.. നാല് വര്‍ഷത്തോളം... ഒരു പെരുന്നാള്‍ സുദിനം വരെ,, ഇക്ക പോയി.. എന്റെ കൂട്ടു കാരന്, വഴികാട്ടി. ഇക്കയെ എങ്ങനെ വാക്കൂകളില്‍ ഒതുക്കും..
ഡോക്ടറായില്ലെങ്കിലും ഞാനൊരു സ്ഥാനത്തെത്തി,, ഒരു പാട് കഷ്ടപ്പെട്ട് ...ഒരു പട് മുഖങ്ങള്‍ കണ്ടു, പാതി വഴിയില്‍ നഷ്ടപ്പെട്ട ഇക്കക്ക് മുമ്പില്‍ അവരൊന്നും എനിക്ക് വലുതല്ല,, ഈ ഞാന്‍ പോലും..!!