Wednesday, December 23, 2009

ഇവിടെയായിരുന്നു ആ പള്ളിക്കുളം


ഓരോ തവണത്തെ ലീവിന് നാട്ടില്‍ പോകുമ്പോഴും നൂറായിരം കണക്കുകൂട്ടലുകളുണ്ടാവും.. “ടൂര്‍ പോവണം, ചാലിയാറില്‍ മുങ്ങികുളിക്കണം, തട്ടുകടയിലെ നെയ്ചോറും കോഴിപൊരിച്ചതും, ബോട്ടിയും കപ്പയുമൊക്കെ തിന്നണം, പറങ്ങോടന്‍പാ‍റയുടെ മുകളില്‍ കയറി പോക്കുവെയിലേറ്റ് ഇളംകാറ്റത്ത് കണ്ണടച്ച് മലര്‍ന്ന് കിടക്കണം, രാത്രിയില്‍ കൂട്ടുകാരുമൊത്ത് തോട്ടുവരമ്പത്തോ ചീനിമരത്തിന്റെ ചുവട്ടിലോ സൊറ പറഞ്ഞിരിക്കണം, റസീസിനെയും ബാബുട്ടനെയും കൂട്ടി ബൈക്കില്‍ പാട്ടും പാടി നിലമ്പൂരിലേക്ക് സെക്കന്റ് ഷോക്കു പോവണം, നാട്ടിലെ അറിയാവുന്ന വയസ്സന്മാരെയൊക്കെ പോയിക്കാണണം“,,,,, അങ്ങനെ ഒരുപാട്. ഇതില്‍ മിക്കതും ഒരിക്കലും നടക്കാറില്ലെന്ന് തിരിച്ചറീയുന്നത് മടക്കയാത്രെയില്‍ വെച്ചാണ്.. പിന്നെ കുറെകാലം സങ്കടപ്പെട്ട്, ഓര്‍ത്ത് കിടന്ന് ആടുത്ത വെക്കേഷനിലേക്ക് മാറ്റി വെക്കും..

ഇപ്രാവശ്യം പെരുന്നാള്‍ അവധിയടക്കം പത്ത് ദിവസമേ ഉണ്ടായിരുന്നുള്ളൂ എന്നത് ആശ്വാസം. എന്നിട്ടും പള്ളിക്കടുത്തുണ്ടായിരുന്ന പള്ളിക്കുളം മൈതാനം മണ്ണിട്ട് തൂര്‍ത്ത് കിടക്കുന്നത് മനസ്സില്‍ നിന്നും മായുന്നില്ല.
അതെങ്ങനെ! ബാല്യത്തിന്റെ കളിക്കുട്ടുകാരിയാണ് അവള്‍. അവിടെതുടങ്ങി അവിടെതന്നെയവസാനിച്ച ഇനിയും അവസാനിക്കാത്ത ഒരുപാട് കഥകളുണ്ട് ഓര്‍മയില്‍.. എത്ര മറന്നാലും എങ്ങോട്ടകന്നലും മാഞ്ഞുപോകാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍,...

ഒരുപാടങ്ങോട്ട് പിന്നോട്ട് നോക്കുമ്പൊള്‍ മനസ്സില്‍ തെളിയുന്നത് വട്ടത്തിലുള്ള രണ്ട് കുളങ്ങളാണ്. ആര്‍ത്ത് പെയ്യുന്ന മഴയില്‍ പൂര്‍ണ്ണത കൈവരിക്കുമ്പോള്‍ അവള്‍ക്ക് നല്ല വശ്യതയാണ്. പിന്നെ അതില്‍ നിന്ന് “പള്ള്യാളി” വഴി പാടത്തൂടെ വന്ന് തോട്ടിലേക്ക് ചേരുന്ന നീര്‍ചാല്‍.. രാവിലെ മദ്രസ്സയിലേക്ക് പോകുമ്പോള്‍ ആ വെള്ളത്തിന് നല്ല തണുപ്പാവും, തോട്ടിലെ വെള്ളത്തിന് ഇളംചൂടും. പാന്റ് മടക്കിക്കയറ്റി, പഴകി നീലകണ്ടു തുടങ്ങിയ ഫിഷര്‍ ചെരുപ്പ് വരമ്പത്ത് വെച്ച് ആ സംഗമത്തിലെ ചൂടും തണുപ്പുമേല്‍ക്കാനിറങ്ങും. കുളിക്കാതെ മദ്രസ്സയിലെത്തുന്നവര്‍ക്ക് അഹ്മദ് കുട്ടി മൌലവിയും റഷീദ് മൌലവിയും നല്‍കുന്ന ശിക്ഷ ആ കുളത്തിലെ തണുത്ത വെള്ളത്തിലെ കുളിയാണ്. വേനലാവുന്തോറൂം വെള്ളം വറ്റിതുടങ്ങും, തീരെ വറ്റാറാവുമ്പോള്‍ എല്ലാരുംകൂടീ മീന്‍പിടീക്കാനിറങ്ങും. ചേറിന്റെ ചുവയുള്ള മീന്‍കറീ ഇന്നും നാവിന്‍ തുമ്പത്തെത്തുന്നു..

കാലം കടന്നപ്പോള്‍ ആ രണ്ട് കുളങ്ങളും തൂര്‍ന്നു.. പഴയൊരു സംസ്കാരത്തിന്റെ അവശശേഷിപ്പ് നിലനിര്‍ത്താന്‍ പൈപ്പ് വെള്ളം തുറന്ന് “വുളു” എടുക്കുന്ന ഞങ്ങളാരും മിനക്കെട്ടതുമില്ല. ക്രമേണ അവിടൊമൊരു മൈതാനമായി. വര്‍ഷകാലത്ത് ഒരാള്‍ താഴ്ചയുള്ള ഒരു തടാകം പോലെ, വെള്ളം ഒലിച്ചുപോകുന്ന ഭാഗത്ത് മാത്രം ചെങ്കല്ലുകൊണ്ടുള്ള കെട്ട് ഉണ്ടായിരുന്നു, മറ്റൊരറ്റത്ത് പള്ളിക്കിണറും അതില്‍ നിന്നെടുത്ത് പരത്തിയിട്ട വെളുത്ത ചവിടിമണ്ണും.. അതിലൂടെ തെളിഞ്ഞൊഴുകുന്ന ഉറവകള്‍.. ചെങ്കുത്തായ ഒരറ്റം നിറയെ തെച്ചിക്കാടുകള്‍,, ചുവന്ന് തുടുത്ത തെച്ചിപ്പഴം വിളമ്പിനില്‍ക്കും. വക്കിലായി ഒരു തൈമാവ്, രണ്ട് തെങ്ങ്, വേര് പുറത്തായ തേക്ക്.. എന്റെ നീന്തലിന് ഹരിശ്രി കുറിച്ചത് ഇവിടുന്നായിരുന്നു,, വാഴപിണ്ടികൊണ്ട് ചെങ്ങാടം കെട്ടാനും അത് തുഴയാന്‍ പഠിച്ചതും,,ആദ്യമൊക്കെ ഒരുപാട് കലക്കവെള്ളം കുടിച്ചാണെങ്കിലും.

മഴയൊഴിഞ്ഞാല്‍ പിന്നെ കളിയാണ്, ഫുട്ബാളും ക്രിക്കറ്റുമെല്ലാം... ക്യാച്ച് ചെയ്യാനറീയാതെ സമീറിന്റെ വഴക്ക് കേട്ടത് ഓര്‍മയിലുണ്ട്, ഷാനവാസിന്റെ ക്യാചെടുക്കാന്‍ നിന്ന സുബൈറിന്റെ മുഖത്ത് ബാറ്റ് വീണത്, മന്‍സൂറിന്റെ പിന്നോട്ടുള്ള ബൌളിങ്ങ്, മുകളിലോട്ട് തുപ്പി ക്യാച്ചെടുക്കുന്നത്, അങ്ങനെ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകള്‍,, ചിലപ്പോഴൊക്കെ ഇവിടം ഈദ്ഗാഹായിരുന്നു. പുത്തനുടുപ്പിട്ട്, മൈലാഞ്ചി ചുവപ്പിച്ച കൈകളുമായി ടാര്‍പോളിന്‍ ഷീറ്റില്‍ പേപ്പറ് വിരിച്ച് ഇരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍, എന്തൊരു രസമായിരുന്നു!

നാട്ടില്‍ ഫുട്ബാളിന്റെ ആദ്യകളം ഇവിടമായിരിക്കണം എന്നാണ് ഓര്‍മ്മ. ഫ്രാന്‍സ്റ്റിനോയുടെയും പിന്നീട് ഫോക്കസിന്റെയും ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെയും ചുണക്കുട്ടന്മാര്‍ പന്ത് തട്ടി തുടങ്ങിയതും ഇവിടുന്നായിരുന്നു,
പിന്നിടെപ്പോഴോ “കുള“ത്തിന് ചുറ്റും കവുങ്ങിന്‍ തൈകള്‍ നട്ടു, അന്നത്തെ പള്ളിക്കമ്മറ്റി ക്ര്`ഷിവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉണ്ണിമൊയ്തീന്‍ കാക്ക.

അന്നുമുതല്‍ കളിയും മുടങ്ങി. തൈകള്‍ക്ക് പേര്‍ച്ചയെത്തുവോളം അദ്ദേഹം കാവലിരിക്കുമായിരുന്നു. ഏതണ്ട് വളര്‍ന്ന് പിടിച്ച്പ്പോള്‍ കളിക്ക് അത്ര നിയന്ത്രണമില്ലാതായി. എന്നിട്ടും നിര്‍ജീവമായിരുന്നു പള്ളിക്കുളം.

ഞാന്‍ വളര്‍ന്നതാണോ അതോ നാട് വളര്‍ന്നതാണോ? അറീയില്ല, വര്‍ഷകാലത്തെ നീരൊഴുക്ക് നിലച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ല, എന്ന് മുതല്‍ക്കാണത് തീരെയില്ലാതായതെന്ന് ഓര്‍ത്തെടുക്കാനാവുന്നുമില്ല. പിന്നോടൊരിക്കലും അവിടെ വെള്ളം നിറഞ്ഞ് കണ്ടിട്ടില്ല, തവളകളുടെ കരച്ചിലോ, പതപോലത്തെ വലിയ മുട്ടകളോ കേട്ടിട്ടും കണ്ടിട്ടുമില്ല. നീര്‍കോലിയും ഇടക്കിടെയെത്തുന്ന കടല്‍കാക്കയും ആ വഴി വരാറില്ല, എന്തിന്, വേനലില്‍ ക്രിക്കറ്റും ഫുട്ബാളും കളിക്കാന്‍ കുട്ടികള്‍ എത്താറില്ല. അറ്റ്ലസ് സൈക്കിളില്‍ ഇടക്കാലിട്ട് പഠിച്ച് തുടങ്ങുന്നവരുമില്ല.! എങ്കിലും ഒരു അവശേഷിപ്പായി പള്ളിക്കുളമെന്ന പേരില്‍ അതവിടെയുണ്ടായിരുന്നു. പ്രഭാതത്തിലെ മഞ്ഞുകണങ്ങളേറ്റ്, മദ്ധ്യാഹ്നത്തില്‍ വരണ്ടുണങ്ങി, വൈകുന്നേരം പതിയെ ഇരുട്ടിലുറങ്ങുന്ന എന്റെ മൈതാനം... പ്രവാസിയായിട്ടും നാട്ടിലെത്തുമ്പോള്‍ അതിലൂടെയൊന്ന് നടക്കതിരുന്നിട്ടില്ല് ഞാന്‍.. ഒപ്പം ആ നല്ല നാളുകളെ ഓര്‍ക്കാതിരിക്കാറുമില്ല.

കഴിഞ്ഞതവണയെത്തിയപ്പോള്‍ അതിന്റെ പാതിഭാഗം മണ്ണിട്ട് നിറച്ചിരുന്നു, തെച്ചിക്കടുകള്‍ നിന്നിടത്ത് ഇരുനില കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.. വളര്‍ന്ന്തുടങ്ങിയിരുന്ന തൈമാവ് ഫലം തരും മുമ്പെ ഉണങ്ങിപോയിട്ടുണ്ട്, ഒരറ്റത്തായി ഇന്നു ആ തെങ്ങ് മാത്രം കാണാം... പള്ളിക്കിണറിലെ ജലനിരപ്പ് താഴ്ന്ന് കിടക്കുന്നു, കുളത്തില്‍ മണ്ണിട്ട് പൊക്കിയാതാണാത്രെ കാരണം.. തന്റെ കൂട്ടുകാരിയുടെ മരണത്തിന് സാക്ഷിയാവുമ്പോള്‍ മനസ്സ് നിറഞ്ഞ് ആനന്ദിക്കാന്‍ അതിനാവുന്നുണ്ടാവില്ല..

ചുറ്റുമുണ്ടായിരുന്ന കവുങ്ങിന്‍ തൈകളില്‍ മിക്കതും കായ്ച്ചു തുടങ്ങിയിരിക്കുന്നു, കുളത്തിന്‍ ചുറ്റുമായിരുന്നു അവയെന്ന് പറഞ്ഞാല്‍ വിശ്വസം വരില്ല, ഇവിടെ ഒരാള്‍ക്ക് താഴ്ചയില്‍ ഞങ്ങള്‍ പന്ത് തട്ടിക്കളിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഇതിലെരുപാട് മീനുണ്ടായിരുന്നു എന്ന് മൊഴിഞ്ഞാല്‍, ഇതിലൂടെ ചങ്ങാടം തുഴ്ഞ്ഞിരുന്നു എന്ന് വീമ്പിളക്കിയാല്‍ ഇന്നത്തെ കുട്ടികള്‍ കൂവിയാട്ടും..

പെരുന്നാള്‍ ദിവസം ബലിയര്‍പ്പിക്കപ്പെട്ട കാലികളാണ് അവിടെയിന്ന്, കറുത്തതും വെളുത്തതുമായ നാപ്പതോളം നാക്കാലികള്‍.. അവ നിര്‍ത്താതെ അമറുന്നത് എന്തിനാണാ‍വോ?? ജീവനോടെ കുഴിച്ച് മൂടപ്പെട്ട ആ കുളത്തെയോര്‍ത്താണോ??

കൂട്ടത്തില്‍ ഞാനും ഒന്നിനെ ബലിനല്‍കി, ചുരുങ്ങിയ കാലമെങ്കിലും അവിടെയൊക്കെ കുളിക്കാനും കളിക്കാനും നീന്താനും ഓടാനുമെല്ലം അനുഗ്രഹം തന്ന ദൈവത്തിന്, കുഴിച്ച് മൂടപ്പെട്ട കുളത്തിനെ സാക്ഷിനിര്‍ത്തി, ആ തേങ്ങല്‍ മനസ്സില്‍ അലയടീക്കുന്നുവെങ്കിലും....

പിറ്റേന്ന് വൈകുന്നേരം അവിടം എട്ട് പത്ത് കുട്ടികളെത്തിയിരുന്നു, കയ്യില്‍ മൊബൈലുള്ളവരും അല്ലാത്തവരും, ചിലര്‍ ചുവന്ന സക്കിളില്‍ വട്ടം ചുറ്റുന്നു, മറ്റുചിലര്‍ പന്ത് തട്ടുന്നു..
പോയ്മറഞ്ഞ ആര്‍പ്പുവിളികള്‍ക്ക് കാതോര്‍ത്ത് ആ മനം കുളിര്‍ക്കുന്ന കാഴ്ച്ചയില്‍ ഒരുനിമിഷം ലയിച്ച് പോയി....