ഒരാഴ്ചയാവുന്നു, ക്യാമ്പിലോട്ട് താമസം മാറിയിട്ട്. ഇവിടുത്തെ നിശബ്ദത ആര്‍ദ്രമായൊരനുഭൂതി നല്‍കുന്നുണ്ട്.മരുഭൂമിയുടെ നടുവിലൊരിടത്ത് നിരത്തിവെച്ച കാരവനുകള്‍ക്കുള്ളില്‍ ഉറങ്ങിയും ഉണര്‍ന്നും കുറച്ച് പേര്.ദൂരെയായി കാണുന്ന ട്രക്ക് റോഡും അതിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങളും ഒഴിച്ചാല്‍ മറ്റു നാഗരികതകള്‍ ഇവിടെ അന്യമാണ്. കാറ്റിന്റെ കരലാളനയില്‍ മാടിയൊതുക്കപ്പെട്ട മരുഭൂമി മാത്രമാണ് ചുറ്റും. കാവലെന്ന പോലെ അങ്ങിങ്ങായി വളര്‍ന്ന് നില്ക്കുന്ന ചെറുമരങ്ങളും. അപ്പുറത്തെവിടെയോ ഉള്ളതാവണം, ഇടക്ക് ഇതിലെ ഒട്ടക സംഘങ്ങള്‍ പോവുന്നത് കാണാം..അവയുടെ നടത്തത്തിന്, നിസ്സഹായതയുടെയോ അലസതയുടെയോ താളമാണ്.
ക്യാമ്പിനുള്ളില്‍ മുന്തിയതും അല്ലാത്തതുമായ ആല്കഹോളിന്റെ മത്തുപിടീപ്പിക്കുന്ന ഗന്ധമുണ്ട്. ക്ലോറിന്‍ കലര്‍ന്ന വെള്ളം കുടീച്ച് ഇവിടെ അന്തിയുറങ്ങുമ്പോഴും ഇവിടുത്തെ സ്നേഹബന്ധങ്ങള്‍ക്ക് പത്തരമാറ്റ് ശുദ്ധിയെന്ന് പറയാതെ വയ്യ. മുമ്പ് താമസിച്ച റൂമിലെപോലെ ഇരുട്ടത്ത് കയറിവരേണ്ട, മൊബൈല്‍ സൈലന്റ് മോഡിലാക്കേണ്ട, സമയബന്ധിതമായി ബാത്റൂമിരിക്കേണ്ട, എണ്ണം പറഞ്ഞുണ്ടാക്കിയ മീന്‍ കറിയിലെ കഷ്ണങ്ങള്‍ ഉടയാതെ നോകേണ്ട..അങ്ങനെ ഒരുപാട് രക്ഷപ്പെടലുകളും..
പാക്കിസ്താനി, മലയാളി, ഗുജറാത്തി, പഞ്ചാബി, നേപാളി തുടങ്ങി വിവിധങ്ങളിലെ ഒരുമ.എല്ലാവരെയും ഒന്നു നേരില്‍ കാണാവുന്ന വെള്ളിയാഴ്ച്ചകളില്‍ പലരും നാലുകാലിലാവും..
പ്രവാസത്തിന്റെ മറ്റൊരു മുഖം. കുടിച്ചും ഉറങ്ങിയും ആഘോഷിക്കുന്നവര്‍..ഭാര്യയെ വിളിച്ച് തെറിപറയുന്നവര്‍,.. മറ്റാരെയൊക്കെയോ വിളിച്ച് കിന്നരിക്കുന്നവര്‍, വേരറുക്കപ്പെട്ടതിന്റെ വേദന, അല്ലെങ്കില്‍ നിര്‍ബാഗ്യവാനും ഒറ്റപ്പെട്ടവനുമെന്ന അപകര്‍ഷതാ ബോധം.
കമ്പനിയുടെ മാനവവിഭവ ശേഷി നിയന്താവിലൊരാള്‍ എന്നതാവാം, എന്റെമുമ്പില്‍ പലപ്പോഴും പലരുടെയും പ്രാരാബ്ധങ്ങളും ആധികളും വിവരിക്കപ്പെട്ടു.വൈകി കിട്ടുന്ന ശമ്പളത്തിന്റെ അത്യാവശ്യങ്ങള്‍ പലര്‍ക്കും പലതാണ്. പലപ്പോഴും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പാതി മനസ്സോടെയെങ്കിലും എല്ലാം കേല്ക്കാന് ഞാന്‍ നിര്‍ബന്ധിതനായി.അതവര്‍ക്ക് ആശ്വാസമെകിയോ എന്തോ..?!
പട്ടാണികളുടെ കഥ കേള്‍ക്കുന്നത് സരസവും അതിലുപരി ചിന്തനീയവുമായിരുന്നു.. ഒരുത്തന്റെ 'ഭായി' സ്വയം വെടിയുതിര്‍ത്ത് മരിച്ചുവത്രെ.മറ്റൊരുത്തന്, താലിബാനികളുടെ ആക്രമണത്തില്‍ തന്റെ വീടിന്റെ പകുതിയോളവും ചുറ്റുമതിലും നഷ്ടമായി. പെഷാവറിന്റെ തെരുവുകളില്‍, എ. കെ 47 വഴിവാണിഭം കണക്കെ വില്ക്കപ്പെടുന്നു എന്ന് കേട്ടപ്പോള്‍, മഞ്ചേരി ചന്തയും മലപ്പുറം-പാണ്ടിക്കാട് റോഡും മനസ്സിലോടിയെത്തി.
പരസ്പര സഹായത്തിനും പാരവെപ്പിനും മലയാളികള്‍ കേമന്മാരാണ്. മൂക്കറ്റം കുടിക്കുന്നതിലും.കൂട്ടുകാരനു ടെര്‍മിനേഷന്‍ കിട്ടുമ്പോള്‍ ആ സങ്കടത്തില്‍ കൂട്ടുചേരാന്‍, കുട്ടി ജനിച്ചതിന്റെ സന്തോഷം പങ്കിടാന്‍,,ഇങ്ങനെയൊക്കെ കാരണങ്ങള്‍..
സാമ്പത്തിക മാന്ദ്യം പിടിമുറുക്കി തുടങ്ങിയപ്പോള്‍, രണ്ട്, മൂന്ന്, നാല് തുടങ്ങി നീണ്ട അവധിയിലായി ശമ്പളവും. നാളെ നാളെയെന്ന് പറഞ്ഞ്, മാറി നടന്നെങ്കിലും ആ ദയനീയ മുഖങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും ഉത്തരം മുട്ടി.മേലാകെ ചൊറി പിടിച്ച ഒരു പഞ്ചാബി, ആശുപത്രിയില്‍ പോവാന്‍ 25 ദിര്‍ഹം ഇല്ലാതെ സഹികെട്ട് അവസാനം രാജികത്ത് നല്‍കുകയായിരുന്നു. എല്ലാം കണ്ട് മനസ്സ് നൊന്തപ്പോഴും പ്രഫഷണലിസത്തിന്റെ മേലങ്കിയണിഞ്ഞ് ഒന്നും കണ്ടിലെന്ന് നടിച്ചു.
ഒരിക്കല്‍ സമരം പ്രഖ്യാപിക്കപ്പെട്ടു.തലേകെട്ടിനുള്ളില്‍ കളിമണ്ണെന്ന് പരിഹസിക്കപ്പെട്ട പഞ്ചാബികളായിരുന്നു മുന്‍പന്തിയിലെങ്കിലും കടിഞ്ഞാണ്‍ പിടിച്ചത് മലയാളി കുറുക്കന്മാര് തന്നെ. മാനേജ്മെന്റിന്റെ കൂടെനില്ക്കുമ്പോഴും തൊഴിലാളികള്‍ക്കൊപ്പമായിരുന്നു എന്റെ മനസ്സ്, നീണ്ട നാലുമാസത്തെ കാത്തിരിപ്പിനൊടുവിലാണ്,അവരിങ്ങനെയൊരു തീരുമാനമെടുത്തത് എന്നതു തന്നെ കാരണം.മേല്‍ പറഞ്ഞതില്‍ നിന്നുമുപരിയായി ഓരൊരുത്തര്‍ക്കും സമര കാരണങ്ങള്‍ നിരവധിയുണ്ട് താനും.
ഞാനെത്രയോ ഭാഗ്യവാണല്ലോ. പണമയക്കുന്നത് വൈകിയാലും ആ പേരില്‍ ഇതുവരെ ഒരു ഫോണ്‍ കാളും വന്നിട്ടില്ല. പ്രസവം, കല്യാണം, തുടങ്ങി ഗള്‍ഫുകാരന്റെ തീരാപ്രാരാബ്ധങ്ങളുന്നും ഒരളവു വരെ എന്നെ അലട്ടിയിട്ടില്ല.
വൈകാതെ സമരം ഒത്തുതീര്‍പായി എങ്കിലും പലരും നോട്ടപ്പുള്ളികളാക്കപ്പെട്ടു. പിന്നിലിരുന്ന് കരുക്കള്‍ നീക്കിയ വിരുതന്മാര് ഇവിടെയും 'സെയ്ഫ്'. സര്‍ദാര്‍മാര്‍ മണ്ടന്മാരെന്ന് ഞാനടക്കമുള്ളവര്‍ ചര്‍ച്ചചെയ്യുമ്പോഴും ആ ധീരതയെ വണങ്ങാതിരിക്കനായില്ല.ഒരാഴ്ച്ചക്കുള്ളില്‍ ശമ്പളമെത്തി. പോയ്മറഞ്ഞ കളിയും ചിരിയും തിരികെയെത്തി. 'പാമ്പുകള്‍' ഇഴഞ്ഞും 'താമരകള്‍' വാടാതെയും നിന്നു..
പിറ്റേ ആഴ്ച്ച അഞ്ച് ടെര്‍മിനേഷന്‍ നോട്ടീസുമായിട്ടാണ് ഞാന്‍ ക്യാമ്പിലെത്തിയത്.ഓരോരുത്തരെയും പറഞ്ഞ് മനസ്സിലാക്കാന്‍ ഒരുപാട് പാടുപെട്ടു. "ടീക് ഹെ ഭായ്" എന്ന ഒറ്റ മറുപടിയില്‍ അവസാനിപ്പിച്ച് അവര്‍ മടങ്ങി.
വിസ കാന്‍സലേഷനും സെറ്റല്‍മെന്റും തയ്യാറാവുന്നത് അടുത്തൊരാഴ്ചകൂടി കഴിഞ്ഞാണ്.
ഒരു ശനിയാഴ്ച വൈകുന്നേരത്തെക്ക് ടിക്കറ്റ്. കെട്ടും ഭാണ്ഡവുമായി അഞ്ച് പേരും വണ്ടിയില്‍ കയറി.കൂടെ നിനാവരോട് യാത്ര ചോദിക്കുമ്പോള്‍ ആ മുഖങ്ങളില്‍ ദു:ഖം കനക്കുന്നുണ്ട്. രക്ഷപ്പെടലിന്റെ ഊറ്റമെന്നോണം ഉള്ളുതുറന്ന് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നു.
വിജനമായ മരുഭൂമിയിലൂടെയാണ് യാത്ര. സൂര്യനെ യാത്രയാക്കി ഇരുട്ടിലഭയം തേടുന്ന മണല്‍കുന്നുകള്‍ അവര്‍ക്ക് മംഗളം നേര്‍ന്നു. വിരസമായ യാത്രയില്‍ പുറത്തെ അനന്തതയിലേക്ക് നോക്കിയിരുന്നു. ഈ മരുഭൂമിപോലെ എന്റെ മനസ്സും ശ്യൂന്യമായിരുന്നു.മുന്നോട്ട് പോവുന്തോറും പണിതീര്‍ന്നതും തീരാത്തതുമായ കെട്ടിടങ്ങള്‍ ഞങ്ങളെ സ്വഗതം ചെയ്തു. പിന്നെ മൌനമായി യാത്രയാക്കി. ഇടക്ക് 'കോണ്‍' നിരത്തി വെച്ച റോഡുകള്‍. ക്രയിനില്‍ തൂക്കിയിട്ട ഒരുപാട് അംബരചുംബികള്‍.. ഇവിടെയൊക്കെ ഇവരുടെ വിയര്‍പ്പുറ്റിയിട്ടുണ്ടാവും.. ഒരുത്തന് കണ്ണ് തുടക്കുന്നത് കണ്ടു.. തന്റെ 'കൃഷിസ്ഥലങ്ങളോട്' യാത്രപറയുന്നതാവാം
എമിറേറ്റ്സ് റോഡിന്റെ ഓരത്തായി ഒരുകൂട്ടം തൊഴിലാളികള്‍ അവരുടെ ബസ് കാത്തിരിക്കുന്നു. പകല്‍ മുഴുവനുമുള്ള അധ്വാനത്താല്‍ ആ മുഖങ്ങള്‍ വാടിയിട്ടുണ്ട്.
എയര്‍പോര്‍ട്ടിലെ തിരിക്കിനിടയിലും എല്ലാം പെട്ടെന്ന് ശരിയാക്കി. പാസ്പോര്‍ട്ടും ടിക്കറ്റും ഓരോരുത്തര്‍ക്കായി നല്കി.
"ഓകെ ഭായ്സാബ്.. ചലോ.." , പ്രഫഷണലിസത്തിന്റെ കാപട്യം ചാലിച്ച് ചുണ്ടുകള്‍ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച് ആ പരുക്കന്‍ കൈകള്‍ പിടീച്ച് കുലുക്കി. അഞ്ചാമന് ഒരുമിനുട്ട് കൂടീ എന്റെ കൈ വിട്ടില്ല.
"ഭായീ... ദില്‍ മെം തോടാ ഇന്‍സാനിയത്ത് രഖോ".. കണ്ണുകള്‍ പുറത്തേക്ക് തള്ളി.. പിന്നെ കണ്ണുകള്‍ പലപ്രാവശ്യം ചിമ്മി തുറന്നു.
"കുച് ബോല്നെകാ നഹി" ഞാന്‍ തിരികെ നടന്നു.എന്നെ മാത്രം നോക്കുന്ന ആ പത്തു കണ്ണുകളില്‍ തീക്ഷണത നഷ്ടപ്പെട്ടിരിക്കുന്നു, അങ്ങ് അമൃതസറിലോ മറ്റോ ഇവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെ തേങ്ങലുകള്‍ എവിടെനിന്നോ കേള്‍ക്കാനാവുന്നു.. പോട്ടെ.ഒരുനാള്‍ ഞാനും ഇങ്ങനെ യാത്രയാക്കപ്പെടുമ്. കൊതിച്ചോ അല്ലാതെയോ..
വണ്ടിയില്‍ കയറി തിരികെ ക്യാമ്പിലേക്ക്... 'ഹിറ്റ് എഫ് എമ്മിലെ ഗാനങ്ങള്‍ക്ക് വെറുതെ ചെവികൊടുത്തിരിക്കുമ്പോള്‍ സ്വയം ചോദിച്ചു...
"എന്നിലെ മനുഷ്യത്വം നഷ്ടമായോ?" അതോ എവിടെയെങ്കിലും പണയപ്പെടുത്തിയോ??