യൂറോപ്യന്‍ ഫുട്ബോള്‍ ലീഗില്‍ റയല്‍ മാഡ്രിഡ് അടിച്ചുതകര്‍ത്തിട്ട് അഷ്റഫിന് ഹരം കിട്ടുന്നില്ല. ഗോളടിച്ചാല്‍ ഒച്ച വെക്കാന്‍ അമീനും അബ്ദുല്ലയും ചിലപ്പോഴൊക്കെ അവരുടെ പിതാവ് മഹ്മൂദും ഉണ്ടാവാറുണ്ടായിരുന്നു. അരോചകമായിത്തോന്നിയപ്പോള്‍ ടി.വി. ഓഫാക്കി.
ഖിസൈസിലെ പള്ളിയില്‍ കുസൃതി കാണിച്ചുനടന്ന രണ്ട് പയ്യന്മാരെ ശ്രദ്ധിച്ചത് അഷ്റഫിനുള്ളിലെ ഉപ്പയാവാന്‍ കൊതിക്കുന്ന മനസ്സിന്റെ ഉള്‍ത്തുടിപ്പ് കൊണ്ടാവാം. മഗ്രിബ് നമസ്കാരത്തിന് എന്നും പള്ളിയില്‍ കണ്ടുമുട്ടുമ്പോള്‍ സലാം പറഞ്ഞ് അടുത്തുവരും, അഷ്റഫെന്നല്ല, കാണുന്നവര്‍ക്കെല്ലാം 'സലാം' കിട്ടും. പ്രായമായ അറബികള്‍ സ്നേഹത്തോടെ കൈപിടിച്ച് കുലുക്കി സലാം മടക്കുന്നത് കാണാം. പിന്നെ ആ കവിളുകളില്‍ മുത്തം നല്‍കും.
'അവരെത്ര ഭാഗ്യവാന്മാരാണ്.' അഷ്റഫ് മനസ്സിലോര്‍ക്കും. ഫലസ്തീനെക്കുറിച്ച് വായിക്കാനും കേള്‍ക്കാം അഷ്റഫിന് ഇഷ്ടമാണ്. ആ തെരുവുകളില്‍ ചിതറിക്കിടക്കുന്ന ബാല്യങ്ങള്‍ ചാനലുകളില്‍ കാണുമ്പോള്‍ അഷ്റഫ് കണ്ണീരൊഴുക്കും. തനിക്കായിട്ടൊന്നും ചെയ്യാനായില്ലെങ്കിലും, മനസ്സുരുകി പ്രാര്‍ത്ഥിക്കും.
അമീനും അബ്ദുല്ലയും ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. ഫലസ്തീനില്‍ പോകുമ്പോള്‍ ഭയങ്കര ആവേശത്തിലായിരുന്നു രണ്ടാളും.
അവരോട് സംസാരിക്കുമ്പോള്‍ കരുതിക്കൂട്ടിത്തന്നെ അഷ്റഫ് ഫലസ്തീനിലെ നാട്ടറിവുകള്‍ തേടും. ആ കൊച്ചുവാക്കുകളിലും പോരാളിയുടെ തീക്ഷ്ണതയായിരുന്നു. അമേരിക്കയും ഇസ്രായേലും അവര്‍ക്കെന്നപോലെ അഷ്റഫിനും ശത്രുക്കളായി. നന്നായി ഇംഗ്ലീഷ് അറിയാമെങ്കിലും അറബിയിലാണ് അമീന് അധികവും സംസാരിക്കാറ്.
കോളിംഗ് ബെല്ലടിച്ചപ്പോള്‍ അഷ്റഫ് എഴുന്നേറ്റ്ചെന്നു. പുതുതായി തുറന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രൊമോഷന് ബ്രോഷറുമായി ഒരു ബംഗാളിയാണ്.
പുറത്തെ കാഴ്ചകളില്‍ രസംതേടുകയായിരുന്നു അഷ്റഫ്. മേശപ്പുറത്തിരിക്കുന്ന ഒലിവ് കുപ്പിയില്നിന്നും കുറച്ച് കൊറിക്കാനെടുത്തു. കഴിഞ്ഞതവണ നാട്ടില്‍നിന്നു വരുമ്പോള്‍ മഹ്മൂദ് തന്ന സമ്മാനമാണ്. അദ്ദേഹത്തിനവിടെ ഒരു പാട് ഒലീവ് തോട്ടങ്ങളുണ്ടത്രെ. ബന്ദുക്കളില്‍പെട്ട ആരോ നോക്കിനടത്തുന്നു.
''മഹ്മൂദ്..'' അഷ്റഫ് അറിയാതെ പറഞ്ഞു. ആ പിതാവിന്റെ വാക്കുകളില്‍നിന്നാണ് അമീനും അബ്ദുല്ലയും ഫലസ്തീനെ അറിയുന്നത്.
ബാല്‍കെണിയിലൂടെ വീശിയ കാറ്റ് നവംബറിന്റെ വരവറിയിക്കുന്നു. ഇനി തണുപ്പ് തുടങ്ങും, അഷ്റഫ് വാതിലടച്ചു.
മഹ്മൂദൂം കുടുംബവും ഇപ്പോള്‍ ഒലീവ് ശേഖരിക്കുന്നുണ്ടാവും. ഒലീവ് തോട്ടങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ മഹ്മൂദ് വികാരാധീതനാവും. തന്റെ മക്കളെപ്പോലെത്തന്നെയാണ് അയാള്‍ക്ക് ഒലീവും. ഒക്ടോബര്‍ അവിടം ഒരു ആഘോഷമാണത്രെ. കുടുംബത്തിലെ ആണും പെണ്ണും കുട്ടികളും ചേര്‍ന്ന് ഒലീവ് ശേഖരിക്കുമ്പോള്‍ ആഹ്ലാദംകൊണ്ട് മതിമറക്കും. മഹ്മൂദിങ്ങനെ വിവരിക്കുമ്പോള്‍ അഷ്റഫ് തന്റെ നാട്ടിലെ കൊയ്ത്തും മെതിയും വിവരിച്ചുകൊടുക്കും. ഞാറു നടീലും കൊയ്ത്തും നാടിച്ചിയുടെയും കാര്‍ത്യായനിയുടെയും നാടന്‍പാട്ടുകളും ഒരിക്കല്‍ക്കൂടി അഷ്റഫിന് കുളിരുപകര്‍ന്നു.
കഴിഞ്ഞ നവംബറില്‍ മഹ്മൂദും അഷ്റഫും കുടുംബസമേതം ജബല്‍ അഫീത്തില്‍ പോയിരുന്നു. ബാര്‍ബിക്യൂ ഉണ്ടാക്കുന്നത് പഠിച്ചത് അന്നാണ്. ചുട്ടകോഴിയുടെ മണം പിടിക്കാന്‍ അഷ്റഫ് പാഴ്ശ്രമം നടത്തി.
അവരിപ്പോഴും ബാര്‍ബിക്യൂ ഉണ്ടാക്കുന്നുണ്ടാുമോ? ഒലീവ് മരങ്ങള്‍ക്കിടയില്‍ നിവര്‍ത്തിവിരിച്ച് പ്ലാസ്റ്റിക് പായയിലിരുന്ന് അതു പങ്കുവെച്ച് തിന്നുകയാവും. ആ മരങ്ങള്‍ക്കിടയിലൂടെ അമീനും അബ്ദുല്ലയും ഓടിനടക്കുകയാവും. അവരുടെ കുസൃതികള്‍ കണ്ട് ഒലീവ് മരങ്ങള്‍ ആഹ്ലാദിക്കുന്നുണ്ടാവും.
ഇശാ ബാങ്ക് കേട്ട് അഷ്റഫ് പുറത്തിറങ്ങി. പള്ളിയിലേക്ക് നടന്നപ്പോള്‍ അമീനും അബ്ദുല്ലയും സലാം പറഞ്ഞ് വന്നെങ്കിലെന്നാശിച്ചു. വഴിവിളക്കുകള്‍ മങ്ങി പ്രകാശിക്കുന്നു. നിരത്തിവെച്ച ഇന്റര്‍ലോക്കുകള്‍ ആ കൊച്ചുപാദങ്ങള്‍ക്കായി കാത്തിരിക്കുന്നു.
റോഡുവക്കത്തെ സലൂണില്‍ അല്‍ജസീറ ചാനല്‍ വാര്‍ത്ത: 'വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഷെല്ലാക്രണം'
''പടച്ചവനേ, കാക്കണേ..., ആ മക്കള്‍ക്ക്............'' അഷ്റഫിന് കണ്ണുനിറഞ്ഞു.
സുന്നത്ത് നമസ്കരിച്ചു അഷ്റഫ് മുന്‍ സ്വഫിലിരുന്നു. തന്റെ പ്രിയപ്പെട്ട അയല്‍ക്കാര്‍ക്കായി മനസ്സുരുകി പ്രാര്‍ത്ഥിച്ചു.