Sunday, March 15, 2009

ഒടുക്കത്തെ നൊസ്റ്റള്‍ജിയ

ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലെ ആരവത്തിലും ഞാന്‍ ഏകനാണെന്ന് തോന്നി.. മദീന ചെര്‍പുളശ്ശേരി മൂന്നാമത്തെ ഗോളടിച്ചപ്പോഴും കയ്യടിക്കാന്‍ തോന്നിയില്ല. മൊബൈലെടുത്ത് വെറൂതെ ഓരോന്നമര്‍ത്തിക്കൊണ്ടിരുന്നു. രണ്ടുമാസത്തെ അവധി കഴിയാറായി. തിരിച്ചുപോക്കാണ് ചിന്ത.
രാത്രി നേരത്തെ വീട്ടിലെത്തി. ഉറങ്ങുന്നതിനു മുമ്പ് റനീസിന് ഫോണ്‍ ചെയ്തു.
“നാളെ മിക്കവാറും നിലമ്പൂരില്‍ പോവണം.. ഇല്ലെങ്കില്‍ ഞാന്‍ കൂടെണ്ടാവും,,. വൈകുന്നേരം പുഴയില്‍ പോവാം”..
അവനും തിരക്കിലാണ്. നാട്ടിലായിരുന്നപ്പോള്‍ അവനായിരുന്നു സഹയാത്രികന്‍, പുഴയും കൊങ്ങന്‍ പാറയുമെല്ലാം ഞങ്ങള്‍ക്ക് മാത്രം ഉണ്ടായതാണെന്ന് തോന്നിയ കാലം.
ഉറക്കം വരാതായപ്പോള്‍ എം.ടി യുടെ കാലം വായിച്ച് കിടന്നു. സേതുവിന്റെ യാത്രകളില്‍ കൂടെ നടക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ വായിച്ചെടുത്തു. സ്കൂളും കോളേജും നാട്ടിലെ നടവഴികളും.. പഴമയുടെ ഓര്‍മ്മകളില്‍ മനസ്സും അറിയാതെ ഊറ്റം കോണ്ടു.
ചെരുപ്പ് വട്ടത്തില്‍ ചെത്തിയെടുത്ത് മുളം കോലില്‍ കുത്തിയുണ്ടാക്കുന്ന ഇരുചക്ര വണ്ടി, പഴയ പ്ലാസ്റ്റിക് കവറുകള്‍ ചുറ്റി മോടി കൂട്ടും.. തെങ്ങിന്‍ മടലില്‍ നിന്നും ചീന്തിയെടുത്ത പാന്തന്‍ കൊണ്ട് സ്റ്റെയറിങ്ങ്. കവുങ്ങിന്‍പോള കൊണ്ടുണ്ടാക്കുന്ന ബോഗികള്‍ക്കടിയില്‍ നാലോ ആറോ ചക്രം കൂടി വെച്ച് കല്ലും മണ്ണും ലോഡിങ് നടത്തും.. സിഗററ്റ് പാകയ്റ്റ് പൊളിച്ച് ‘K L 10 5555’ എന്നുകൂടി ഒരു നമ്പറിട്ടാല്‍ ബഹുകേമം. ഞങ്ങളെല്ലാവരും വണ്ടിമുതലാളിമാര്‍.. അന്ന്‍ ഷാഹുലിന് മാത്രമാണ് ഒരു സൈക്കിളുള്ളത്, ഒരു ട്രിപ്പ് കിട്ടാന്‍ വേണ്ടി എല്ലാവരും അവന്റെ കൂടെ കൂടും.
സ്വന്തമായ സൈക്കിളെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നത് പ്രി ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. നാലു വീടുകളില്‍ ട്യൂഷന്‍ പഠിപ്പിക്കണം. രാത്രി പത്തു മണിയാവും വീട്ടിലെത്താന്‍. പഴയ ഒരു സൈക്കിള്‍ വാങ്ങി.. പിന്നീട് എന്നോ കടം വാങ്ങിച്ചിരുന്ന ഇരുപത്തഞ്ച് രൂപക്ക് അനിയനത്
സ്വന്തമാക്കുകയാ‍യിരുന്നു.
പിന്നീട് ഡിഗ്രിക്ക് ചേര്‍ന്നപ്പോഴാണ് പുതിയ ഒരെണ്ണം വാങ്ങുന്നത്, അന്ന് ട്യൂഷന് പുറമെ രാവിലെ പത്ര വിതരണം കൂടിയായപ്പോള്‍ കാശിനത്ര മുട്ടും വന്നില്ല. ഗള്‍ഫിലോട്ട് കയറുമ്പോള്‍ അനിയനോട് പ്രത്യേകം പറഞ്ഞതാണ് അതു വില്‍ക്കരുതെന്ന്. എന്നിട്ടും വിറ്റു.
“ഇന്നലെ ലൈറ്റ് കെട്ത്താത്യാ ഓറങ്ങ്യേത് ല്ലെ....രാവിലെ ഉമ്മ വന്നു വിളിക്കുമ്പോള്‍ ഏറെ വൈകിയിരുന്നു..
സവറയിടാത്ത മേശപുറത്ത് പത്തിരിയും മീന്‍ കറിയും..
“ഒരു ടെയിനിങ്ങ് ടേവിള് മാങ്ങണം..” കാലുപൊട്ടിയ സ്റ്റൂള്‍ നീക്കി തന്ന് ഉമ്മ പറഞ്ഞു..
“ആ ഞാനവടെ ഹമീദാക്കാ‍ന്റെ ഫര്‍ണീച്ചറില്‍ ഏല്പിച്ചീനി.. ഇയാഴ്ച്ച കിട്ട്വായിരിക്കും..”
“ഓന്‍ ഇന്റെ സൈക്കിള് ആര്‍ക്കാ ബിറ്റത് ?
“അതാ അജ്ജപ്പന്റെ സിബു ബന്ന് കൊണ്ടോയി.. പയേത് എട്ക്ക്ണോട്ത്ത് കൊട്ക്കാനാന്നാ പറഞ്ഞത്..
കറിയില്‍ മുക്കിയ പത്തിരി കുറച്ച് നേരത്തേക്കവിടെതന്നെ വിശ്രമിച്ചു. മൂവായിരം രൂപ കൊടുത്തു വാങ്ങിയ എന്റെ പുന്നാര സൈക്കിള്‍ ആക്രിക്കടയിലെ തുരുമ്പിനിടയില്‍.. മനസ്സത് വിശ്വസിക്കാന്‍ തയ്യാറായില്ല..
“അന്റെ തുണീം കുപ്പാ‍യോം തിരുമ്പാനെങ്കിലും ഒരു കണ്ടം സാബൂന്‍ കോണ്ട്ന്നൂടെ..
പത്തുമണിക്കുള്ള കഞ്ഞിക്ക് വന്ന അനിയനോടാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഞാന്‍ വാങ്ങിച്ചാലും ഈ പല്ലവി അവനോടു പറഞ്ഞില്ലെങ്കില്‍ ഉമ്മാക്ക് ഇരിപ്പുറക്കില്ല..
“ജ്ജ് ന്റെ സൈക്കിള് വിറ്റു ല്ലെ..
“ആ അതൊക്കെ തുര്മ്പെട്ത്ത് തൊടങ്ങീനീ..
“ന്നാലും ഞാനെത്ര കഷ്ടപ്പെട്ടാ അത് വാ‍ങ്ങീത് ന്നറിയോ??
“ഓ..... അന്റെ ഒടുക്കത്തൊരു നൊസ്റ്റാള്‍ജിയ.. ജ്ജാരാ വാത്സല്യത്തിലെ മമ്മുട്ട്യോ...?
ഉം.. ഒന്നമര്‍ത്തി മൂളി ഞാന്‍ കോലായിലോട്ടു നടന്നു..
ഉച്ച വെയിലിന്റെ ശൌര്യം കുറഞ്ഞപ്പോള്‍ റോഡിലേക്കിറങ്ങി. റനീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്‍ നിലമ്പൂരിലാണെന്നറിഞ്ഞു.
ലീവ് തീരാറായിരിക്കുന്നു, അവനിനി കൂടെ വരുമെന്നു ഉറപ്പില്ല,, എല്ലാവരും തിരക്കിലാണ്. കൊങ്ങന്‍ പാറയിലിരിക്കാനിനി കൂട്ടിനാരെയും കിട്ടിയെന്നു വരില്ല..
സൂര്യന്‍ ചുവന്നു തുടങ്ങിയപ്പോള്‍ ചെളി നനഞ്ഞുണങ്ങിയ വയല്‍ വരമ്പിലൂടെ നടന്നു. പാറയുടെ താഴ്വാരത്തായി ഒറ്റക്കിരുന്നു. ആരും ഈ വഴി വരാറില്ലെന്നു തോന്നുന്നു..
എന്റെ ഒടുക്കത്തെ നൊസ്റ്റാള്‍ജിയകളും സങ്കടങ്ങളും ആരോടെന്നില്ലാതെ പറഞ്ഞു, ആരും കേള്‍ക്കാനില്ലാത്തതിനാല്‍ ഭ്രാന്തനെന്നു മുദ്ര കുത്തപ്പെടില്ല..
വെയിലേറ്റ് കൂമ്പിയ വള്ളികള്‍ എന്നില്‍ നിന്നും കാതടച്ച പോലെ നിന്നു, കൂടണയാനൊരുങ്ങുന്ന കിളികള്‍ എന്നെ കളിയാക്കി ചിലച്ചു..കായ്ച്ചിട്ടില്ലാത്ത നെല്ലിമരങ്ങള്‍ക്കും ഗൃഹാതുരത്വം നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയും ഇങ്ങനെ പഴമയെ കൊതിക്കല്ലെ എന്ന് ഒരുപാട് തവണ മനസ്സില്‍ പറഞ്ഞു. വറ്റിത്തുടങ്ങിയ തെളിനീരുറവയില്‍ മുഖം കഴുകിയപ്പോള്‍ മനസ്സൊന്നു തണുത്തു.. സ്വയം മാറിയെന്ന് ആത്മഗതം ചെയ്ത് പാറപ്പുറത്ത് നീണ്ട് നിവര്‍ന്നു കിടന്നു..
മെല്ലെ വീശിയ ഇളംതെന്നലില്‍ മാത്രം നൊസ്റ്റാള്‍ജിയ മണത്തു.. രാവിലെ ആരോ വയറുഴിഞ്ഞ് ഇവിടെ വന്നിരിക്കണം.!!

10 comments:

  1. ഒടുക്കത്തെ നൊസ്റ്റള്‍ജിയ

    ReplyDelete
  2. ഒടുക്കം തന്ന ആ മണമുള്ള നൊസ്റ്റാള്‍ജിയ.
    അതു മാ‍ണ്ടില്ലായ്നി.
    ബല്ലാത്ത ജാതി.

    എന്തായാലും സങ്ങതി കൊള്ളാം.

    ReplyDelete
  3. നൊസ്റ്റാള്‍ജിയ ഇഷ്ടമായി. സൈക്കിള്‍ വാങ്ങിയതും അതില്‍ കറങ്ങുന്നതും അത് തുടച്ചുമിനുക്കി വെക്കുന്നതുമെല്ലാം ഓര്‍മ്മകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നു.

    ReplyDelete
  4. ആര്‍ ബി - ഈ ഓര്‍മ്മകളിലേക്കുള്ള തിരിച്ച് നടത്തം ആസ്വദിക്കുന്നു. ആസ്വദനത്തിന് മധുരവും കൈപ്പൂം ഉണ്ടെങ്കിലും അതെല്ലാം കാലം കവര്‍ന്ന സുവര്‍ണ്ണകാലമായി കാണാന്‍ തന്നെയാണ് ഇപ്പോഴും ഇഷ്ടം.

    ReplyDelete
  5. നൊസ്റ്റാള്‍ജിയകളും സങ്കടങ്ങളും പറയ!
    ഭ്രാന്തനെന്നു മുദ്ര കുത്തപ്പെടില്ല!

    :)

    ReplyDelete
  6. നന്നായിരിക്കുന്നു.

    ReplyDelete
  7. എല്ലാവര്‍ക്കും ഒറ്റവാക്കില്‍ നന്ദി...

    ReplyDelete
  8. മെല്ലെ വീശിയ ഇളംതെന്നലില്‍ മാത്രം നൊസ്റ്റാള്‍ജിയ മണത്തു.. രാവിലെ ആരോ വയറുഴിഞ്ഞ് ഇവിടെ വന്നിരിക്കണം.!!...

    nannaayi avatharippichu

    ReplyDelete