Tuesday, August 18, 2009

വിശപ്പറീയാതെ ആഘോഷിക്കാന്‍...!!!

ഇക്കൊല്ലം ഓണവും നോമ്പും ഒരുമിച്ചാണ്. ആഘോഷത്തിന്റെ നിറച്ചാര്‍ത്തുകള്‍ എല്ലായിടത്തും തുടികൊട്ടി തുടങ്ങിയിരിക്കുന്നു. എക്കൊല്ലത്തെയും പോലെ ചാനലുകള്‍ ആഘോഷത്തിന് പൊലിമ നല്‍കുന്നുണ്ട്. ഏകാന്തതയുടെ വീര്‍പ്പുമുട്ടലില്‍, എന്ത് പെരുന്നാള്‍ എന്ന് മനസ്സ് ശപിക്കുമ്പോഴും, ബാല്യത്തിന്റെ ഒരിക്കലും നിറം മങ്ങാത്ത ഓര്‍മ്മകളിലേക്ക് വഴുതി വീണാതെപ്പോഴാണെന്നറിഞ്ഞില്ല.

പാറപ്പുറത്ത് അങ്ങിങ്ങായി കെട്ടികിടക്കുന്ന മണ്ണില്‍ മുളച്ച തുമ്പചെടികളില്‍ കൊച്ചരയന്നങ്ങള്‍ പോലെ പൂനിറഞ്ഞിരിക്കുന്നു. കടുകുപയര്‍ പോലെ എന്തോ കായ ഉണ്ടാവുന്ന, പേരറിയാത്ത ചെടികളില്‍ മഞ്ഞപൂവിരിഞ്ഞിട്ടുണ്ട്. കിലുക്കാപെട്ടി ചെടിയില്‍ കോമ്പലയായി കിടക്കുന്ന പൂവുണ്ട്. ബിജുവിന്റെ വീടിനു പിന്നില്‍ വേലിക്കെട്ടിലുള്ള ചെമ്പരത്തിപൂക്കളില്‍ കുരുവികള്‍ തേന്‍ കുടിക്കാനെത്തിയിരിക്കുന്നു. നൂലില്ലാത്ത പട്ടം പോലെ തുമ്പികള്‍ വട്ടമിട്ട്പറക്കുന്നു.

പാറയിലെ സന്ധ്യാകൂട്ടിന് ഇന്നു ഞാനും ഷാഹുലും മാത്രമെ എത്തിയിട്ടുള്ളൂ. കുറച്ച് കഴിഞ്ഞാല്‍ റഷിദും സബീറും വരും. തെക്ക് ഭാഗത്ത് മുറിഞ്ഞ് ചെങ്കുത്തായി നില്‍ക്കുന്ന പാറയുടെ മുകളിലെത്താന്‍ ശഫീക്ക് സാഹസം കാണിക്കുന്നുണ്ട്. അവന്‍ എന്നും ആ വഴിയാണ് ഞങ്ങളുടെയടുത്തെത്തുന്നത്.
ജയനും സുദീഷും തേക്കില കുമ്പിള്‍ കുത്തി പൂശേഖരിക്കുന്നു. മനോജ് രണ്ട് ദിവസം മുമ്പ് തന്നെ സദ്യക്ക് ക്ഷണിച്ചിട്ടുണ്ട്.
സ്കൂളിലെ പരാതിയും കൊച്ചുവര്‍ത്തമാനങ്ങളും പറയുന്നതിനിടക്കാണ് റാഷിദ് വന്നത്.
“സ്പാര്‍ക്ക് ക്ലബ്ബിന്റെ ഗാനമേളയുണ്ട്, ഉസ്ക്കൂള്‍ ഗ്രൌണ്ടില്‍.”
“അതേ..?!! എത്ര്യാ ടിക്കററ്റ്” എനിക്കും സബീറീനും ഗാനമേള ഒരു ഹരമായിരുന്നു.
“ഇരുപത്തഞ്ച് ഉറുപ്യാ.... ഗ്യാലറി”.
പിന്നെ ആരും ഒന്നും അധികം ചോദിച്ചില്ല. കാശില്ലാതെ പിന്നെ മിണ്ടിയിട്ട് കാര്യല്ലല്ലോ.. ഫുട്ബാള്‍ ആണെങ്കില്‍ “പട്ടാളം അലവികാക്ക” സെക്യൂരിറ്റിയായിരിക്കും, ഇടക്കൊക്കെ മൂപ്പര് തള്ളി വിടും.. പക്ഷെ ഇതിപ്പൊ ...
ആരുടെയും ഉപ്പ പൈസ തരില്ല, ഷാഹുലിന് മാത്രമാണ് ചാന്‍സ് ഉള്ളത്, പക്ഷെ അവനെ രാത്രി പോവാനും സമ്മതിക്കില്ല.
“സ്കൂളിനടുത്തുള്ള ചീനിയില്‍ കയറിയലോ?? ശഫീക്കിന്റെ ഐഡിയയാണ്.
“ഐസ് കച്ചോടക്കരനെ സോപ്പിട്ട് കൂടെ കൂടിയാ മതി.” സബീറിന്റെ ആശയം കൊള്ളാം എന്ന് എനിക്ക് തോന്നി. അങ്ങനെ കാടു കയറീയ ചര്‍ച്ചകള്‍, തലക്കു മുകളിലൂടെ പറന്ന തുമ്പിക്കു നേരെ വെറുതെയൊന്ന് കൈ വീശിയപ്പോള്‍ ഒരെണ്ണം പിടഞ്ഞ് താഴെവീണ് പിടഞ്ഞു.പിന്നെ തുമ്പിയെ പിടിക്കലായി എല്ലാവര്‍ക്കും, ശഫീ‍ക്കിന് കിട്ടിയ ഒരെണ്ണത്തെ വാലില്‍ നൂല്‍ കെട്ടി വിട്ടു.
പാറയുടെ അങ്ങേ മൂലയില്‍ വനിതാസംവരണമാണ്. നാട്ടിലെ മുഴുവന്‍ കുറ്റവും കുറവും അവിടെ ചെന്നാലറിയാം.
“നേരം മൊന്ത്യായി.. ബന്ന് കജ്ജും കാലും കെഗ്ഗി ഓതാന്‍ നോക്കി..
റാഷിദിന്റെ ഉമ്മ വിളിച്ചു പറയുമ്പോഴാണ് ഇരുട്ടിയതോര്‍ത്തത്. പിന്നെ എന്നത്തെയും പോലെ കൊക്കുകള്‍ക്ക് കണക്കു വെച്ചു, തൊക്കോട്ട് കൂടണയുന്ന കൊക്കുകള്‍ 25 എണ്ണം ആയാല്‍ എല്ലാവരും പിരിയും, അല്ലെങ്കില്‍ കിഴക്കോട്ട് പാറുന്ന കാക്കകള്‍ 50 തികയണം. സൂര്യന്‍ ചുവന്ന്‍ തെങ്ങോലകള്‍ക്കിടയിലൂടെ കൈ വീശി മറയുകയാണ്.
“ ഈ ഓലക്കോട്യൊക്കെ അങ്ങട്ട് കോണ്ടോയ്ക്കാ...” പാറയില്‍ ഉണക്കാനിട്ട ചകിരിയും ഓലയും കെട്ടുന്നതിനിടയില്‍ ഉമ്മ വിളിച്ചു.
പിറ്റേന്നു സ്കൂളിലേക്ക് നടക്കുമ്പോള്‍ ഗാനമേളയായിരുന്നു ചര്‍ച്ച.
“നമ്മക്ക് പൊയി നോക്കാം, കുട്ട്യാളൊക്കെ ചെലപ്പൊ ഫ്രീയായിട്ട് കയറ്റും.” അങ്ങനെ ആശ്വസിച്ചു. ഉച്ചകഞ്ഞിക്ക് വരി നില്‍ക്കുമ്പോള്‍ ഹൈസ്കൂള്‍ കുട്ടികളെയൊക്കെ ഉണ്ണിമാഷ് തിരഞ്ഞ്പിടിച്ച് പിന്നിലാക്കി. ഞാന്‍ വലിയ കുട്ടിയായെന്നു മനസ്സ് പറയുന്നു, എന്റെ കാര്യത്തില്‍ പലപ്പോഴും മാഷ് കണ്ണടക്കും. ഇത്രയും കാലം സ്കൂളിന്നു ഭക്ഷണം കഴിക്കുന്നത്കോണ്ട് മാഷ് ഒന്നും പറഞ്ഞിട്ടില്ല, സ്കൂളിലെ ചോറിന് നല്ല സ്വാദാണ്, വീട്ടിലെ സ്ഥിതി ആ രസം കൂട്ടിയിട്ടെ ഉള്ളൂ. വരിയില്‍ ഞാന്‍ വല്ല്യ കുട്ടിയാണ്, അപ്പൊ ഇനി ഗാനമേള്..??
ഗ്രൌണ്ടില്‍ ഉയര്‍ന്ന് വരുന്ന ഗാലറിയും ചുറ്റു മതിലും ഞങ്ങളുടെ പ്രതീക്ഷ ദിനം പ്രതി തല്ലിക്കെടുത്തികൊണ്ടിരുന്നു, പുതിയ ഐഡ്യകള്‍ തിരഞ്ഞ് ഞങ്ങളുടെ സായഹ്നവും നടത്തവും സജീവമായി. കുറ്റിപൊളിക്കാനാണ് റാ‍ഷിദിന്റെ പ്ലാന്‍.. ഉമ്മ കണ്ടാല്‍ പിന്നെ സംഭവിക്കുന്നതോര്‍ത്ത് പേടിയുമുണ്ട്.
തിരുവോണ ദിവസം മനോജിന്റെ വീട്ടില്‍ പോയി സദ്യ ഊണ്ടു. ഗംഭീരമായിരുന്നു, വാഴയിലയില്‍ ഒരുപാട് കൂട്ടൊക്കെ കൂട്ടി സാമ്പാറും ചോറും, അട പ്രഥമനാണ് കലക്കിയത്, ഇത്ര രുചിയുള്ളാ പായസം ഇതിനു മുമ്പൊന്നും കഴിച്ചിട്ടില്ല. പിന്നെ സുധീഷിന്റെ വീട്ടില്‍, അവിടെ എല്ലാവരും ഉണ്ട്, എല്ലാവരും പുത്തനുടുപിലാണ്. ഇനി പുതിയ കുപ്പായം കിട്ടണമെങ്കില്‍ പെരുന്നാളാവണം,, മനസ്സ് വെറുതെ വേദനിച്ചു, എല്ലാമുറ്റത്തും പൂക്കളം ഉണ്ട്. ഷിബുവിന്റെ വീട്ടിലേതാണ് നല്ല ഭംഗിയുള്ളത്. ബിജുവിന്റെ വീട്ടിലും നല്ലഭഗിയോടെ പൂക്കളമൊരൊക്കിയിട്ടുണ്ട്. ഒപ്പം 'തിരുവോണം' എന്ന് പൂക്കള്‍ കൊണ്ട് എഴുതിയിരിക്കുന്നു, അതിനൊരു വല്ലാത്ത ആഘര്‍ഷണം തോന്നി.
വൈകുന്നേരം റാശിദിന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടീ.
“എപ്പഴാ പോവുന്നത്,, “
“മഗ്`രിബ് നു പള്ളിക്ക് പോണം. അവിട്ന്നു നേരെ പോകാം..എന്തെങ്കിലും തിന്ന് പോര്..
“പുളീം , നെല്ലിക്കീം ഒക്കെ എട്ക്കണം ട്ടൊ..” തല്‍ക്കലത്തേക്ക് എല്ലവരും പിരിഞ്ഞു,
“ഇച്ച് എന്തേലും തിന്നാ‍ന്‍ തരീ.. ഞാം ഗാനമേളക്ക് പോവാ,..”
“ഈ അന്തിപ്പാതിരക്കോ..” ഉമ്മ വല്ലാതെ പ്രശ്നം ഉണ്ടാക്കാറില്ല,, കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി, രാവിലത്തെ കപ്പ നുറുക്കി മുള്‍കും കടുകുമിട്ട തൂമിച്ചത് ഉണ്ട്. വയറു നിറയെ തിന്ന്, സലാം പറഞ്ഞ് പുറത്തിറങ്ങി, വീടിന്റെ പിറക് വശത്തെ പേരക്ക മരത്തില്‍ നിന്നും പാതിഇരുട്ടത്ത് കാണാ‍വുന്ന പേരക്കയെല്ലാം പറിച്ച് കീശയിലിട്ടു. ഞാനെത്തുമ്പോഴേക്കും എല്ലാവരും എത്തിയിരുന്നു,
എന്തെങ്കിലും അഘോഷങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെ ചെയ്യാറാണ് പതിവ്. എന്നാ പിന്നെ കാണുന്നതെല്ലം വാങ്ങിതിന്നാന്‍ തോന്നില്ല, മറ്റുള്ളവര്‍ വാങ്ങുന്നത് കണ്ട് പല്ലും ചൊറീഞ്ഞ് നില്‍ക്കുകയും വേണ്ട,, വയറു നിറഞ്ഞാല്‍ പിന്നെ വിശക്കില്ലല്ലൊ.. !
സ്കൂളിനടുത്തെത്തുമ്പോള്‍ എങ്ങും വെളിച്ചമായി, റോടീന് ഇരുവശമായി ട്യൂബുകള്‍ വരിയായി കെട്ടിയിരിക്കുന്നു. ഗേറ്റിന്‍ മുകളില്‍ അലങ്കാരദീപങ്ങള്‍ മിന്നുന്നു,, ഏതോ ലോകത്തെത്തിയ പ്രതീതി. ആള്‍ക്കൂട്ടത്തിനിടക്ക് ഒരൊഴുക്കിലെന്ന പോലെ ഞങ്ങളും നീങ്ങുന്നു. ഐസ്ക്രീം, ജിലേബി, തുടങ്ങി ഒരുപാട് കച്ചോടങ്ങള്‍.. കപ്പലണ്ടിക്കരന്റെ ചട്ടുകത്തിന്റെ സംഗീതം പ്രത്യേക താളത്തില്‍ അവിടമിവിടമായി മുഴങ്ങുന്നു. കമ്പം ചുട്ടത് മണക്കുന്നു, ഓറഞ്ച് കുറുകെ മുറീച്ച് ഉപ്പും മുളകും തേച്ച് വെച്ചിരിക്കുന്നു, ‘തെരണ്ടിക്കുടി’ (ഐസ് ചെരകിയത്) ഗ്ലാസ്സിലാകി വെച്ചിരിക്കുന്നത് കാണാ‍ന്‍ നല്ല ഭംഗിയുണ്ട്. വയറ്റിലെ കപ്പ ദഹിക്കാന്‍ തുടങ്ങിയിരിക്കുന്നു,, അഞ്ച് പൈസ പോലും കയ്യിലില്ല,
ഗ്രൌണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിലില്‍ ആരുമില്ല, അവിടെ ഒരു കൂട്ടമായി ഞങ്ങളിരുന്നു, ഗാനമേള തുടങ്ങിയിരിക്കുന്നു, പുറത്തെ പുരുഷാരം കുറഞ്ഞ് വന്നു, ഞങ്ങളെപോലുള്ള പിള്ളാരു മാത്രമായി ബാക്കി, ഞങ്ങള്‍ എണീറ്റ് ചുറ്റും നടന്ന് നോക്കി, ഉള്ളില്‍ കയറാന്‍ ഒരു ചാന്‍സും ഇല്ല, ഇതുവരെ കണ്ടിട്ടില്ലാത്ത സെക്യൂരിറ്റി ഗാര്‍ഡുകള്‍.. നിരാശരായി വീണ്ടും അവിടെ വന്നിരുനു,
“അതാ ആ പള്ളിന്റെ മോളില് കയറീയാ ശരിക്കും കാണാ‍..” ശഫീക്കിന്റെ കണ്ണില്‍ ദൈവം അവസാനത്തെ വഴി കാണിച്ചു കൊടുത്തു, പിന്നെ ആരും ഒന്നും ചര്‍ച്ചക്കെടുത്തില്ല, കൂട്ടത്തോടെ അവിടെക്കോടി,, ഓരോരുത്തരായി കൊണ്ടു വന്ന സാധനങ്ങള്‍ പങ്കുവെച്ചു, അച്ചാറിട്ട നെല്ലിക്ക, കണ്ണിമാങ്ങ, തേങ്ങപൂള്, പാതി പഴുത്ത കൈത ചക്ക, പുളി, പേരക്ക, .... അങ്ങനെ ഒരുപാട് ഐറ്റംസ്..
ഞങ്ങള്‍ തിന്നന്‍ തുടങ്ങുമ്പോള്‍ അടുത്ത ഗാനത്തിനായി ബൈജു ആന്റണി എത്തിയിരുന്നു, ഹരംകൂടിയപ്പോള്‍ താളം പിടിച്ച് തുടങ്ങി.
“നാളെ നീ കറിവെക്കണ്ട, ദോഹ സിനിമയില്‍ അഫ്സല്‍ വരുന്നു, ഗാനമേള.. തണുത്ത പെപ്സി മടിയിലേക്കെറിഞ്ഞ് ജംഷാദ് പറയുമ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്..” പെപ്സിയും എക്സ്ല് ചിപ്സും തിന്നുമ്പോള്‍ പുറത്തുള്ളാ നിഷാദിനോട് 50 റിയാലിന്റെ ടിക്കറ്റ് അഞ്ചെണ്ണമെടുക്കാന്‍ ജംഷാദ് തന്നെ ഓര്‍ഡര്‍ ചെയ്തു.
ബാല്യത്തിന്റെ നനവൂറുന്ന ഓര്‍മ്മകള്‍ക്ക് മീതെ പ്രവാസത്തിന്റെ സൌഹ്ര്`ദത്തണല്‍ വിരിഞ്ഞെങ്കിലും ആ പഴയകൂട്ടുകാര്‍ ഇപ്പൊ എന്തു ചെയ്യുന്നുണ്ടാവുമെന്നോര്‍ത്ത് വെറുതെ മനസ്സ് പിടഞ്ഞു, ഒപ്പം കൂടീ തിന്ന പുളിയുടെ, മാങ്ങയുടെ, പുളി നാവില്‍ നിന്നകലാത്ത പോലെ, ഒരു നിമിഷം കൈ അറിയാതെ മിഴി തുടച്ചു.

4 comments:

  1. ഒരു ഓര്‍മ്മക്കുറിപ്പ്

    ReplyDelete
  2. (നേരം മോന്ത്യായി ബന്നു കജ്ജും കാ‍ലും കെഗ്ഗി ഓതാന്‍ നോക്കി).
    അതിനൊരു മണമുണ്ട് (ആ മണം ആര്‍ബിക്കു നന്നായിട്ടറിയാം അല്ലെ).
    നന്നായിട്ടുണ്ട് പക്ഷെ പഴയ പോസ്റ്റുകളെപ്പോലെ അത്ര ഒരു ടെച്ചി അല്ല
    എന്നാലും കൊള്ളാം.

    ഇനിയും നല്ല മണക്കാന്‍ പറ്റുന്നത് പോസ്റ്റ് ചെയ്യുക

    നന്ദി.

    ReplyDelete
  3. റിയാസിന്റെ വാക്കുകളിലൂടെ ഞാനും പിറകോട്ട് നടക്കുകയായിരുന്നു. കഴിഞ്ഞ കാലം മറക്കരുത്, വന്ന വഴി മറക്കരുത് എന്നൊക്കെ പറയാറില്ലേ... വന്ന വഴിയിലൂടെ തിരിഞ്ഞ് നടന്നാല്‍ ഓര്‍മ്മകള്‍ തീര്‍ക്കുന്ന അടിമത്തമുണ്ട്. അറിഞ്ഞ് തുള്ളാന്‍ കഴിയാത്ത നിസ്സഹായത. അതാവാം വന്ന വഴിയെ കുറിച്ച് എല്ലാവരും ഓര്‍മ്മിപ്പിച്ചത്. അമ്പത് റിയാലിന്റെ ചുവട്ടില്‍ നിന്ന് ഇരുപത്തിഅഞ്ച് രൂപ ആഗ്രഹിച്ച ദിനങ്ങളെ ഓര്‍ക്കാന്‍ കഴിയുമ്പോള്‍ അത് മനസ്സിന്റെ നന്മയാണ്... ഊതിപ്പെരുപ്പിക്കേണ്ട നന്മ.

    ഇഷ്ടായി...

    ReplyDelete
  4. നല്ല ഒരു ഓര്‍മ്മ,ഈ കുറിപ്പ് എനിക്കും കുറേ നല്ല ഓര്‍മ്മകള്‍ തന്നു.നമ്മുടെ നാട്ടില്‍ ഒന്നാം ഓണം കഴിഞ്ഞാല്‍ പിന്നെ പൂക്കളം ഇടാറില്ല!പ്രത്യേഗിച്ച് തിരുവോണത്തിന്!

    ReplyDelete