Sunday, September 6, 2009

ഇവരെയൊക്കെ മറക്കാതിരിക്കുക..

ബാല്യത്തിന്റെ ഓര്‍മ്മകളില്‍ ഒരു കാളവണ്ടിയുണ്ട്, നാട്ടിലെ പള്ളിയുടെ വടക്ക് ഭാഗത്തായി വണ്ണംകൂടിയ ഒരു പ്ലാവിന്‍ച്ചോട്ടില്‍ തുരുമ്പെടുത്ത് തുടങ്ങിയത്. വിശുദ്ധമായ ദൈവീകഭവനത്തിന് കാവലായി രണ്ട് വയസ്സന്‍ കൂട്ട്. പണ്ടൊക്കെ അതിനു മുകളില്‍ കയറിയിരുന്ന് പ്ലാവില്‍ ഏന്തിവലിഞ്ഞു ചക്ക വീഴ്ത്തി തിന്നുമായിരുന്നു. ഒന്ന് രണ്ട് കാരണവന്മാരൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചാലും എത്ര ശാസിച്ചലും അവരുടെ കണ്‍ വെട്ടം അകന്നാല്‍ ഞങ്ങളവിടെതന്നെ എത്തി സൊറ പറഞ്ഞിരിക്കും. അന്നതൊന്നും വല്യൊരു കാര്യമായി തോന്നിയില്ലെങ്കിലും ഇന്ന് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ‘മിസ്സിങ്’.
നാട്ടിലെ പാലം ഉല്‍ഘാടനത്തിനുള്ള ഘോഷയാത്രയില്‍ ‘പഴമയുടെ മുഖം’ അവതരിപ്പിക്കാനായി നാട്ടിലെ യുവാക്കളില്‍ ചിലര്‍ ആ കാളവണ്ടി കൊണ്ടുപോയി. കാലങ്ങളായി പല വഴികള്‍ താണ്ടി ദുര്‍ബലമായ അതിന്റെ മരപ്പലകകള്‍ക്ക് ഇവരുടെ ചാട്ടവും കൂത്തും താങ്ങാനായിട്ടുണ്ടാവില്ല. അങ്ങനെ പാതിയാത്രയില്‍ അതിന്റെ അന്ത്യവും സംഭവിച്ചു. അതോടെ ആ മനോഹരമായ കാഴ്ചയും ഒപ്പം പ്ലാവിന് തന്റെ കൂട്ടും നഷ്ടമായി. പിന്നീടും കുറെകാലം ആ പ്ലാവ് പലര്‍ക്കും തണലേകി. കഞ്ചാവടിച്ച്, കുറെ കീറിയ കുപായമൊക്കെ തോളിലിട്ട് ഒരു ഭ്രാന്തന്‍ കുറെ കാലം ആ തണലില്‍ ദിവസവും ഉണ്ടായിരുന്നു, ‘കല്ലേറമ്മായി‘ എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന ഒരു വൃദ്ധയും,.... പിന്നെ മനം നൊന്ത് ഇലയും കൊമ്പും ഒന്നൊന്നായി മണ്ണിന് നല്‍കി അവസാനം ആരുടെയോ മഴുകൊണ്ട് അതും എരിഞ്ഞടങ്ങി.
കാലം നടന്നപ്പോള്‍ കൂടെ പഴയ കാരണവന്മാരില്‍ പലരും ഒന്നൊന്നയി മറഞ്ഞുപോയി. ഇനി വെറും എണ്ണപ്പെട്ടവര്‍മാത്രമാണ് ബാ‍ക്കി. വേച്ച് വേച്ച് വടിയും കുത്തിപിടിച്ച് നടക്കുന്നവര്‍, മക്കളുടെ ഒഴിവനുസരിച്ച് തോളില്‍ തൂങ്ങി ബസ് സ്റ്റോപ്പിലും പള്ളിയിലുമൊക്കെ വന്നിരിക്കുന്നവര്‍. വാട്ടര്‍ ബഡ്ഡില്‍ തിരിഞ്ഞുമറിഞ്ഞും കിടക്കാന്‍ പരസഹായം തേടി, കൂടെ സംസാരിച്ചിരിക്കാന്‍ ആരെങ്കിലുമൊക്കെ വന്നെങ്കില്‍ എന്ന് ആശിച്ചുകിടക്കുന്നവര്‍....
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോള്‍, പണ്ട് തെങ്ങിന്‍ തോപ്പില്‍ പന്ത് കളിച്ചതിന് വടിയെടുത്ത് പിന്നലെ കൂടീയിരുന്ന നാട്ടിലെ ഏറ്റവും മൂത്ത കാരണവരെ കാണാ‍ന്‍ ഭാര്യയേയും കൂട്ടി ഞാന്‍ ചെന്നു. പ്രായം ദുര്‍ബലമാക്കിയ ശരീരവും, കുഴിയിലാണ്ട കണ്ണുകളും, വെളുത്ത തോര്‍ത്ത് ചുറ്റിയ, നരമൂത്ത് പാതി മുടികൊഴിഞ്ഞ തലയുമായി അദ്ദേഹം ഉറങ്ങുന്നു. വീട്ടുകാരുമായി വിശേഷം പറഞ്ഞിരിക്കുന്നതിനിടെ ഉണര്‍ന്ന അദ്ദേഹം എന്നെ തിരക്കി. തലയുടെ ഭാഗത്തായി കട്ടിലിനോട് ചേര്‍ത്തിട്ടിരിക്കുന്ന സ്റ്റൂളില്‍ ഇരുന്നപ്പോള്‍ ആ വിറയാര്‍ന്ന കൈകള്‍ എന്നിലേക്ക് നീളാന്‍ ശ്രമിച്ചു. അവ ചേര്‍ത്ത് പിടിച്ച്, മുറിഞ്ഞ് മുറിഞ്ഞ് വരുന്ന വാക്കുകള്‍ക്ക് മറുപടി നല്‍കുമ്പോള്‍, ഇനിയും മങ്ങിയിട്ടില്ലാത്ത അയാളുടെ, നാടീന്റെ, നാട്ടുകാരുടെ ഓര്‍മ്മകള്‍ എന്നെ അതിശയിപ്പിച്ചു. പിന്നീട് മെല്ലെ എണീറ്റ് എന്റെ തോളില്‍ പിടിച്ച് ഇടതു കയ്യില്‍ ഒരു ഊന്നുവടിയുമായി വരാന്തയിലേക്കു നടന്നപ്പോള്‍ എന്റെ മനസ്സില്‍ ആ വാത്സല്യത്തിന്റെ കുളിര്‍മഴ പെയ്യുകയായിരുന്നു. പിരിയാന്‍ നേരത്ത് എനിക്കായി ദുആ ചെയ്യണം എന്ന് ആ വയോധികന്‍ പതിഞ്ഞ സ്വരത്തില്‍ പറയുമ്പോള്‍‍ ഇനിയും ഇദ്ദേഹത്തെ കാണാന്‍ കഴിയണെ എന്ന്കൂടി മനസ്സ് പ്രാര്‍ത്ഥിച്ചു.
ഈയിടെ നാട്ടില്‍ മറ്റൊരു സംഭവമുണ്ടായി. ജീവിതയാത്രയില്‍ നാടും വീടുമുപേക്ഷിച്ച്, എനിക്കും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയാവേണ്ടി വന്ന ‘നാടിന്റെ അമരക്കാരന്‍’ എന്ന് എല്ലാവരാലും വിശേഷിക്കപ്പെട്ടയാള്‍, അവധിക്ക് നാട്ടിലെത്തി, യുവാക്കളില്‍ ചിലരെയൊക്കെ കൂട്ടി ഒരു ട്രക്കിങ് ക്യാമ്പ് നടത്തി. നഷ്ടമായിക്കൊണ്ടിരിക്കുന്ന പഴയ പ്രതാപം തിരിച്ച് വരുന്നുവെന്ന് കൂട്ടുകാരില്‍ ചിലര്‍ ഫോണിലൂടെ പറഞ്ഞപ്പോള്‍ ഇവിടെയിരുന്ന് ഞാനുമൊരുപാട് സന്തോഷിച്ചു. അദ്ദേഹത്തിന്റെ നേത്ര്`ത്വം എന്നും ഉണ്ടായെങ്കിലെന്ന് അവരും, ഒരു പിത്ര്`സ്ഥാനീയനായി ഇവിടെയുണ്ടായെങ്കിലെന്ന് ഞാനും വളരെ ആഗ്രഹിക്കാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നാടിന്റെ ചരിത്രം കേള്‍‍ക്കുന്നത് നല്ല രസമാണ്. ഒരിക്കല്‍ നാട്ടിലൊരു പരിപാടിയില്‍ നാട്ടിലെ മണ്മറഞ്ഞ തലമുറയെ കുറിച്ച് സംസാരിച്ച് അദ്ദേഹം കരഞ്ഞത് ഒരിക്കലും മറക്കാനാവുന്നില്ല. എന്റെ ഈ ഏകാന്തതയിലും താങ്ങും തണലുമായി അദ്ദേഹം തന്നെയാണ് കൂട്ട്. തന്നെയുമല്ല നാടീന്റെ മത- സാംസ്കാരിക ചലനങ്ങള്‍ക്ക് ശാസ്ത്രീയത നല്‍കിയതും ആ ബുദ്ധിതന്നെയെന്നു ഓര്‍ക്കാതെ വയ്യ.
നടന്ന സംഭവം ഇതാ ഇങ്ങനെയാണ്. പലിശ, ലോട്ടറി തുടങ്ങി സമൂഹത്തില്‍ നുഴഞ്ഞ് കയറീകൊണ്ടിരിക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ യുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഒരു പൊതു വേദിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍, അല്പന്മാരായ നാടിന്റെ ‘മത- സാംസ്കാരിക നായകന്മാര്‍‘ ക്ക് അത് സ്വന്തം കഴിവു കേടുകള്‍ക്കെതിരെയുള്ള ശരമായി. ഒരേ ആശയാദര്‍ശങ്ങളില്‍ ജീവിച്ച് വളര്‍ന്നവര്‍ തെറ്റിദ്ധാരണകള്‍ കൊണ്ട് രണ്ടറ്റത്തായതും അവരുടെ ശുഷ്കമായ മനസ്സില്‍ വൈര്യത്തിന്റെ വിത്ത് വിതച്ചിരിക്കണം. അവരതിന് മറുപടിയെന്നോണം, സ്വന്തം സ്റ്റേജില്‍ വെച്ച് അദ്ദേഹത്തെ വിമര്‍ശീച്ചുവത്രെ, ടുറടിച്ച് നടന്ന് യുവാക്കളെ വഴിതെറ്റിക്കാനൊരു നേതാവെന്ന് ഒരുളുപ്പുമില്ലാതെ അവര്‍ പറഞ്ഞു. കേട്ടപ്പോള്‍ സങ്കടമോ ദേഷ്യമോ എന്തായിരുന്നു മാനസ്സികാവസ്ഥ എന്നറിയില്ല. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഒരു ചിരി മാത്രം ഉത്തരം നല്‍കി. നിഷ്കളങ്കമായ, കാപട്യം തൊട്ടുതീണ്ടിയിട്ടില്ലത്ത ഒരു ചിരി.
അതെ, കാരണാവന്മാര്‍ അങ്ങനെയാണ്. മുടിയില്‍ തലോടുന്ന അഛനായി, കഥകള്‍ പറഞ്ഞ് തരുന്ന വല്ല്യഛനായി, കൂടെ നടക്കുന്ന കൂട്ടുകാരനായി, ശാസിച്ച് നേരെ നടത്തുന്ന അധ്യാപകരായി, നാടിന്റെ പുരോഗതി കൌതുകത്തോടെ നോക്കിക്കാണുന്ന കൊച്ചു കുട്ടിയായി..
പട്ടിണി അന്യമാക്കിയതൊക്കെയും തങ്ങളുടെ മക്കളനുഭവിക്കട്ടെയെന്ന് മൌനമായി ആഗ്രഹിക്കുന്നവര്‍, പ്രാര്‍ഥിക്കുന്നവര്‍.പകരം അവര്‍ക്ക് നല്‍കുന്നതോ നാട്ടിലെ പിന്തിരിപ്പന്മാരെന്ന ഓമനപ്പേരും അവഗണനയുടെ ഏകാന്തതയും. തുരുമ്പെടുത്ത കാളവണ്ടിയെ പോലെ, തണല്‍ നല്‍കിയ പ്ലാവിനെ പോലെ ഞാനും ഒരുനാള്‍ മണ്ണടിയുമെന്ന് നമ്മള്‍ മനപ്പൂര്‍വ്വം മറക്കുകയല്ലെ.......??????

8 comments:

  1. മനസ്സിന്റെ ആശ്വാസത്തിന് വെണ്ടി ഒരു കുറിപ്പ്

    ReplyDelete
  2. enikkumoru nostalgia.ente ayal vasi arayilakthu kunjiperikkakante kalavandi kandathayi njanum orkunnu
    uppa pazhamkadha parayumpol athilum adhehathinte kalavandiye kurichu parayum thiruvali highschoolil pokunnathu mikkappozhum athilayirikkum njanngalennu.


    nannyirikkunnu RB

    thanks

    ReplyDelete
  3. തുരുമ്പെടുത്ത കാളവണ്ടിയെ പോലെ, തണല്‍ നല്‍കിയ പ്ലാവിനെ പോലെ ഞാനും ഒരുനാള്‍ മണ്ണടിയുമെന്ന് നമ്മള്‍ മനപ്പൂര്‍വ്വം മറക്കുകയല്ലെ.......??????ഓര്‍മ്മകളും ജീവിതവും ഇങ്ങനെയൊക്കെയാണ്,പിന്നെ എന്നായിരുന്നു നിന്റെ കല്ല്യാണം?ഒരു പഴയകൂട്ടുകരനെന്നനിലക്ക് ഒരു മെയില്‍ അയക്കാമായിരുന്നു!ഇതും ഓര്‍മ്മയുടെ മറ്റൊരു പ്രതിഭാസം!

    ReplyDelete
  4. ശരീഫ് പറഞ്ഞപോലെ...... ആ കുഞ്ഞിപ്പേരികാക്ക കാളവണ്ടിയുമായി ചെരുമണ്ണില്‍ വന്ന് ഈര്‍ച്ചപ്പൊടി (മരം കട്ട് ചെയ്യുന്ന പൊടി) വാരിയിട്ട് അതിലേന്തി കാളവണ്ടിയില്‍ പോകുന്നത് ഇപ്പോഴും എന്റെ മനസ്സിലൂടെ കടന്നുപോകുന്നു...

    ആര്‍ബി.... നന്നായിരിക്കുന്നു ബ്ലോഗ്.....

    സുനില്‍ ബാബു റിയാദ്
    valappils@gmail.com
    www.edavanna.com

    ReplyDelete
  5. ബേജാറാവണ്ട, മാങ്ങയുള്ള മാവിലേ കല്ലെറിയൂ..
    എല്ലാ നല്ല മനസ്സുകള്‍ക്കെതിരെയും വിമര്‍ശകര്‍ ധാരാളമുണ്ടാവും. അവര്‍ അബദ്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ പറയുംതോറും നന്മയുടെ വക്താക്കള്‍ക്ക്‌ തന്നെയായിരിക്കും വിജയം. ദൈവം സാക്ഷി.

    ReplyDelete
  6. കമന്റിയവര്‍ക്കെല്ലാം നന്ദി

    ReplyDelete
  7. good story...keep it up.....continue.....wish u best....pray to god....for good strength....to u r pen sword....by...M A Siddiq Edavanna from Dubai.....siddiqedv04@gmail.com

    ReplyDelete