Thursday, July 8, 2010

മഞ്ഞു നനഞ്ഞ വഴികളില്‍

വേര്‍പിരിഞ്ഞിട്ടില്ല, കഴിഞ്ഞ ആറു വര്‍ഷങ്ങളിലല്ലാതെ.. ജോലിക്കായി യൂറോപിലേക്ക് പറക്കാനൊരുങ്ങുമ്പോള്‍ അവനെന്നെ നോക്കി വിതുമ്പിയിരുന്നു.. മുപ്പത് വര്‍ഷം കൂടെ കളിച്ചും ചിരിച്ചും കരഞ്ഞും കിട്ടിയതൊക്കെ പങ്കുവെച്ചും നടന്ന് പെട്ടെന്നൊരുനാള്‍ വേര്‍പിരിഞ്ഞു പോവുമ്പോള്‍ മനസ്സ് അകലാന്‍ മടിച്ചു. ഇടക്കിടെയുള്ള കത്തും ഫോണും. അവനയച്ചു തന്ന ചെക്ക് മാറ്റി അവന്റെ വീടുപണിക്ക് കാര്യസ്ഥനായി. സമയാസമയം കണക്കും ഫോട്ടോയും അയച്ച് കൊടുത്തു.

എയര്‍പോര്‍ട്ടില്‍ തമ്മില്‍ കണ്ട്മുട്ടിയപ്പോള്‍ അവനെന്നെ കെട്ടിപ്പിടിച്ച് കുറെ നേരം മൌനിയായി തോളില്‍ചാഞ്ഞു. വീട്ടിലേക്കുള്ള യാത്രയില്‍, റോഡ് വക്കത്തെ ഇരിപ്പിടത്തില്‍, പൊളിഞ്ഞ് തുടങ്ങിയ പാലത്തിന്റെ കൈവരികളില്‍‍, ചെക്കുന്നന്മലയുടെ മുകളില്‍, അങ്ങനെയങ്ങനെ പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുണ്ടായിരുന്നു.

നാളെയാണ് “ഹൌസ് വാമിങ്.” എന്റെ ചെറിയ വീട് നില്‍ക്കുന്ന അഞ്ച് സെന്റ് സ്ഥലത്ത് നിന്നും അധികമല്ലാതെയാണ് അവന്റെ പുതിയ മാളിക. വീട്ടുസാധനങ്ങളില്‍ പലതും പലരുടെയും ഗിഫ്റ്റായി തന്നെ കിട്ടി. അതൊക്കെ ഇറക്കിയതും വേണ്ടത് പോലെ അടുക്കിയതും ഞാനും കൂടി ചേര്‍ന്നായിരുന്നു. അപ്പോഴൊക്കെ “ഞാനെന്ത് നല്‍കണം..” എന്ന ചിന്തയായിരുന്നു. അവനോടുള്ള ബന്ധംവെച്ച് കുറഞ്ഞതൊന്നും നല്‍കാനാവില്ല, കയ്യിലൊന്നുമില്ലാതെ എന്തു നല്‍കാന്‍.?!
വൈകി വീട്ടിലെത്തുമ്പോഴും ദുരഭിമാനം ചങ്കിടിപ്പ് കൂട്ടിയതെ ഉള്ളൂ. ഉറങ്ങാനാവാതെ കട്ടിലിലിരുന്നു.

“ പ്രിയപ്പെട്ട കൂട്ടുകാരന്..

നിന്റെ ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തമാണ് നാളെ, നിന്റെ ഓരോ സന്തോഷത്തിലും കൂടെ നില്‍ക്കാന്‍ കഴിഞ്ഞത് എന്റെഭാഗ്യം.. എന്തു ചെയ്യാന്‍, ഒരുപാട് കാലത്തെ അലച്ചിനിടൊവിലാണ് ഇങ്ങനെ യൊന്ന് തരപ്പെട്ടത്.. നാളെയാണ് ഇന്റര്‍വ്യൂ എന്നറിഞ്ഞത് രാത്രി മാത്രമാണ്.. ഞാന്‍ പോവുന്നു, എന്റെ മനസ്സ് നിന്റെ കൂടെയുണ്ട്. തിരക്കൊഴിയുമ്പോ ഞാന്‍ വിളിക്കാം കൂടുതല്‍ അപ്പൊ പറയാം...എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ..

..
നീന്റെ സ്വന്തം...”
നാലായി മടക്കി, പി എസ് സി അയച്ചൊരു ബ്രൌണ്‍ കവറിലിട്ട് പെങ്ങളെ ഏല്പിച്ചു. ആരും ഉണര്‍ന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി.
കതക്ചാരി പുറത്തിറങ്ങി.. അലക്ഷ്യമായി നടന്നകന്നു ... മഞ്ഞു നനഞ്ഞ വഴികളില്‍ കരിയിലകള്‍ അടര്‍ന്നു വീഴുന്നുണ്ടായിരുന്നു....

13 comments:

  1. ഒരു കഥ....!!

    ദുരഭിമാനം കൊണ്ടകലുന്ന സൌഹൃദങ്ങള്‍....

    ReplyDelete
  2. Touching it is!
    You have a gifted pen
    carry on...

    ReplyDelete
  3. ലൊകത്തിലെ വിലമതിക്കാനാവാത്ത സമ്മാനം നീ അവന് നല്‍കിയിരുന്നല്ലോ....... നിന്റെ സൌഹ്രദം ........
    പിന്നെയും എന്തിനീ ദുരഭിമാനം........................

    ReplyDelete
  4. നല്ല കഥ.
    ആറ്റിക്കുറുക്കിപ്പറഞ്ഞിരിക്കുന്നു..
    ഇമ്മാതിരി അനുഭവങ്ങള്‍
    വെറുമൊരു കഥയിലൊതുങ്ങില്ല.

    ReplyDelete
  5. കഥ എന്നാല്‍ ഇങ്ങിനെ വേണം.എന്നു പറയാനാണ് എനിക്കിഷ്ടം.ഈ കഥ തന്ന നൊമ്പരം മാറ്റട്ടെ.എന്നിട്ടു വീണ്ടും വരാം നൊമ്പരത്തിനായ്..........

    ReplyDelete
  6. nannaayittund.....

    ReplyDelete
  7. എല്ലാവര്‍ക്കും ഉണ്ടാകാവുന്ന ഒരനുഭവം. ഞാനും ആ
    ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌. ഉറ്റ കൂട്ടുകാരന്റെ
    വിവാഹത്തിന്‌ പാരിതോഷികം നല്‍കാനാവാതെ ആ ചടങ്ങിനെ
    തിരസ്‌ക്കരിക്കേണ്ടി വന്നത്‌. അന്ന്‌ ഞാനൊന്ന്‌ തീരുമാനിച്ചു. എന്റെ
    വിവാഹത്തിന്‌ പാരിതോഷികം സ്വീകരിക്കില്ല. അതിന്റെ പേരില്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക്‌
    എന്നെ തിരസ്‌ക്കരിക്കേണ്ടി വരരുത്‌. ആ വാക്ക്‌ എനിക്ക്‌ പാലിക്കാനുമായി. സ്വന്തമായി
    വീട്‌ ആയിട്ടില്ല. അങ്ങനെയൊന്നുണ്ടാവമോ എന്നറിയില്ല. ഒരുപക്ഷേ അതുണ്ടായാല്‍ അന്നും ഈ
    നിയമം ഞാന്‍ പാലിച്ചിരിക്കും

    ReplyDelete
  8. വന്നതിനും കമന്റിയതിനും നന്ദി ...
    മനാഫ്കാക്ക്, തിരൂര്കാടന്, മുക്താരിനു, ശംലക്ക്, സഗിരിനു, ഹംസക്ക്,

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. പാരിതോഷികം നല്‍കാനില്ലാതെ എന്റെ കല്യാണത്തിനു വരാതിരുന്ന ഒരു അടുത്ത കൂട്ടുകാരനെനിക്കുണ്ട്‌. അതും പറഞ്ഞിപ്പോൾ ഓരോ വെക്കേഷനും “ദർബാറിൽ” നിന്നു ബിരിയാണിക്കു എന്നെ നൂലിടും :)

    ReplyDelete
  11. കഥ കൊള്ളാം ആര്‍ബി. പൊങ്ങച്ചത്തിന്റെ ലേബല്‍ ഒട്ടിച്ച സമ്മനപ്പൊതികളെക്കാള്‍ ഒരായുസ്സിന്റെ സൌഹൃദം നല്‍കിയ സുഹൃത്തിന്റെ വിലപ്പെട്ട സാമീപ്യം ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തത്തില്‍ നല്‍കാതെ യാത്രപോലും പറയാതെ പോയതെന്തേ.......

    ReplyDelete
  12. കുഞ്ഞു കഥ; നല്ല കഥ!

    ReplyDelete
  13. kareem mash, akbar, jayan,, thanks for the comments..

    veendum varumallo...

    ReplyDelete