Sunday, August 8, 2010

നിറഞ്ഞും ഒഴിഞ്ഞും

ഇറയറത്തിറ്റി വീഴുന്ന മഴവെള്ളത്തില്‍ കടലാസ് തോണിയിറക്കി കളിക്കുന്ന മോളെ കൗതുകത്തോടെ നോക്കിയിരുന്നു. ചിന്തകളുടെ കലര്‍പ്പില്ലാത്തതിനാലാവാം, ബാല്യത്തിലെ മഴയ്ക്ക് ഇത്ര രസം. ചേമ്പിലകളില്‍, പാടത്ത്, ഇടവഴികളില്‍, പാറപ്പുറത്ത്... അങ്ങനെ ഒരു നൂറോര്‍മ്മകളില്‍ ഇന്നും മഴ പീയ്യുന്നുണ്ട്. ഇന്ന്, എത്ര പെയ്തിട്ടും മനസ്സ് തണുക്കുന്നുമില്ല. ആധിയേറ്റുന്നുവെല്ലാതെ.

ഒന്നു തോര്‍ന്നപ്പോള്‍ മുറ്റത്തിറങ്ങി. മൂലയില്‍ കൂട്ടിയിട്ട മണല്‍ ഒലിച്ച് തുടങ്ങിയിരിക്കുന്നു. ഇതിപ്പൊ മൂന്നാം തവണയാണ് മണലിറക്കുന്നത്. ആദ്യത്തേത് അനിയനും പിന്നത്തേത് അമ്മാവനും കൊടുത്തു തീര്‍ത്തു. ഇപ്രാവശ്യം മഴയൊഴിഞ്ഞാലെങ്കിലും വീടുപണി തുടങ്ങണം. തറ കെട്ടിയിട്ട് വര്‍ഷം രണ്ടായി. ഓരോ തവണ കരുതിവെക്കുന്ന പണവും മറ്റോരോ ആവശ്യങ്ങള്‍ക്കായി ചെലവാകും, അനിയത്തിയുടെയും അനിയന്റെയും കല്യാണപന്തിയൊരൊക്കിയതും പുതിയ പുരത്തറയിലായിരുന്നു.

രണ്ട് അനിയത്തിമാര്‍ക്ക് ശേഷമാണ്, രണ്ടാം കെട്ടാണെങ്കിലും ഒരുത്തന്റെ മിന്നു കിട്ടിയത്. മൊഴിചൊല്ലപ്പെടുമ്പോള്‍ മൂന്നുമാസം ഗര്‍ഭമായിരുന്നു. ചക്കൊളത്തിക്കൊരു വേലക്കാരിയാവുന്നതിലും നന്ന് ഇങ്ങനെ സ്വയമധ്വാനിച്ച് ജീവിക്കുന്നതെന്നോര്‍ത്ത് പിരിഞ്ഞ് പോന്നു.

ഓര്‍ക്കുമ്പോള്‍ വേദനയെക്കാളേറെ അഭിമാനം തോന്നും. പത്ത് മക്കളില്‍ മൂത്തവള്‍. ഏഴു അനിയത്തിമാരും ഓരോരുത്തന്റെ കൈപിടീച്ചിറങ്ങിയത് മാസാമാസം എനിക്ക് കിട്ടിയ വെതനം കൊണ്ട് തന്നെയായിരുന്നു. അനിയന്‍ പഠിച്ച് വേര്‍പ്പെട്ട് പോവും വരെയ്ക്കും എന്റെ തണലില്‍ തന്നെ.

മാടിക്കൂട്ടിയ മണലിന് നന്നായിട്ടൊന്നു കൂടി തടം കെട്ടി. മഴക്ക് ഊക്ക് കൂടിയപ്പോള്‍ ഇറയത്ത് കയറിയിരുന്നു.
മോന്തിയായപ്പോള്‍ മോള്‍ക്ക് പാഠം പറഞ്ഞ് കൊടുത്തു.

"ആ പിഞ്ഞാണങ്ങളൊക്കെ നെറഞ്ഞു കുട്ട്യേ.." അച്ചിപ്പായ നീര്‍ത്തുന്നതിനിടക്ക് ഉമ്മ ഓര്‍മിപ്പിച്ചു.

പുതിയ വീടിന്റെ പ്ലാനില്‍ ഉമ്മാക്കൊരു മുറിയുണ്‍ട്. ബാത്റും അറ്റാച്ഡ്.പുതിയ വീടോര്‍ത്താണ് ഇപ്രാവശ്യം ഓല കെട്ടി മേയാഞ്ഞത്. മഴയുടെ ആര്‍പ്പ് വല്ലാതെ പേടിപ്പിക്കുന്നുണ്ട്, ഒന്നടങ്ങിയാല്‍ നല്ല രസമാവും, ഒഴുകിയെത്തുന്ന സംഗീതം പോലെ, ബാല്യത്തിന്റെ നല്ല ഓര്‍മ്മകളിലേക്കത് കൂട്ടികൊണ്ട് പോവും.

നിരത്തി വെച്ച പിഞ്ഞാങ്ങള്‍ ചോര്‍ച്ചയേറ്റ്വാങ്ങികൊണ്ടേയിരുന്നു. മോളെ മാറോട്ചേര്‍ത് ഉറങ്ങാന്‍ കിടന്നു. അവളുടെ സ്വപ്നങ്ങളില്‍ ടെറസ്സിട്ട വീടും സ്വിറ്റ്ച്ചിട്ടാല്‍ കത്തുന്ന ലൈറ്റുമെല്ലാമായിരിക്കും. ഒരുവേള കണ്ണ് നിറഞ്ഞു. പടച്ചവനോട് മനസ്സ് നൊന്തു പ്രാര്‍ഥിച്ചു..

പാടവരമ്പത്തൂടി വരുന്ന അനിയത്തിയെ ദൂരെനിന്നു തന്നെ കണ്ടു. ചായകുടിക്കുന്നതിനിടയില്‍ വിശേഷങ്ങള്‍ ചൊതിച്ചറിഞ്ഞു. ആടും കോഴിയുമെല്ലാം സംസാരത്തില്‍വിഷയമായി.

"ഹും... എല്ലാരും ഓരോ വൈക്ക് പോയപ്പൊ തെരക്കായി, വരാണ്ടായി.. ന്റെ മോക്കെന്നും ദുരിതം തന്ന്യാ...
ഉമ്മയുടെ സ്ഥിരം പരാതിക്ക് കുറവുണ്ടായിരുന്നില്ല.ഇനി കുറെ കണ്ണീര്‍ വര്‍ക്കും

" ന്തെ പ്പം പ്രത്യേകിച്ച്?? വിഷയം മാറ്റാനായി ചോദിച്ചു
"മൂത്ത മോള്‍ക്കൊരാലോചന. അമ്പതും ലക്ഷാണ് പറേണത്. കൂട്ട്യാ കൂട്വാ ആവോ .. അയിനുള്ള പാചിലാ.. അന്റട്ത്ത് വല്ലതും കാണ്വാ??

അല്പനേരത്തെ മൗനം മാത്രം ഉത്തരം നല്‍കി.
"ആ ഒരു മുപ്പത്ണ്ടാവും.. പൊരപ്പണി തൊടങ്ങണംന്ന് കരുതി വെച്ചതാ.. അയിനിപ്പ മഴോജ്ജണം.. ഇനീണ്ടല്ലോ സമയം..ഇപ്പം അന്റെ കാര്യം നടക്കട്ടെ."

നടന്നകലുന്ന അനിയത്തിയെ നോക്കി നിര്വ്ര്തികൊണ്ടു. ചാറി തുടങ്ങിയ മഴ പതിയെ പെരുമഴയായി, കാഴ്ച മറച്ചു. പുരത്തറയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു.. അകത്ത് പിഞ്ഞാണങ്ങള്‍ നിറഞ്ഞും ഒഴിഞ്ഞും കൊണ്ടെയിരുന്നു..

9 comments:

  1. പുരത്തറയില്‍ മഴ തിമിര്‍ത്തു പെയ്യുന്നു.. അകത്ത് പിഞ്ഞാണങ്ങള്‍ നിറഞ്ഞും ഒഴിഞ്ഞും കൊണ്ടെയിരുന്നു..


    ഒരു കഥ

    ReplyDelete
  2. ഇതൊക്കെയാണ് ജീവിതം.. മഴയല്ല, മനസ്സാണ് ഇപ്പോള്‍ പെയ്യുന്നത്.. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  3. അവതരണം നന്നായിട്ടുണ്ട്...

    ReplyDelete
  4. പ്രശ്നങ്ങള്‍ പെരുമഴയായ് പെയ്യുമ്പോള്‍
    ആവേശമേകാന്‍ നൊമ്പരങ്ങളുടെ കാറ്റു വീശും...
    എത്ര തടം തീര്‍ത്താലും ജീവതത്തിന്‍റെ വക്കുകള്‍
    ഒലിച്ചുപോയി തേയ്മാനപ്പെടും !

    ReplyDelete
  5. ബഷീര്‍, മനാഫ്, ജിഷാദ് .. കമന്റിയതിനു നന്ദി.. വീണ്ടും ഇതിലെ പ്രതീക്ഷിക്കുന്നു

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. നല്ല പ്രമേയം. കഥ പറഞ്ഞ രീതി നന്നായി.

    ReplyDelete
  8. അടുത്താണ് എങ്കിലും ആര്‍ബിയുടെ ഗദ്ഗദം ഇപ്പോഴാണ് അറിയുന്നത്.
    ഇഷ്ടായി ... ഭാവുകങ്ങള്‍

    ReplyDelete
  9. എത്താന്‍ വൈകി. വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു കണ്ണും

    ReplyDelete