തൂക്കത്തില്‍ അനുവദിച്ച ലഗേജ് അല്‍പ്പം കൂടുതലാണ്. രണ്ടാള്‍ക്കും കൂടി അനുവദിച്ചയത്രയേ ഉള്ളൂവെങ്കിലും ഒറ്റക്കൊറ്റക്ക് ബുദ്ധിമുട്ടാണ്.
``പാസ്‌പോര്‍ട്ട് രണ്ടുംകൂടി ഒപ്പം കൊടുത്താമതി' ബാപ്പയാണെന്ന് പറഞ്ഞേക്ക്'
``അതെങ്ങനെ ഇക്കാ.., ഹിന്ദുവായ എനിക്ക് ബാപ്പ?''അല്‍പം കുസൃതി നിറച്ച് ചോദിച്ചതിന് ഒരു പൊട്ടിച്ചിരി മാത്രം ഉത്തരം നല്‍കി.
``ഇക്കണ്ട സാധനം മീവനും നാട്ട്‌ക്കെത്തണ്ടേ...?, ഇനീപ്പോ, ഇങ്ങനൊരു പോക്കില്ലല്ലോ...''മറുപടി മനപൂര്‍വം പറഞ്ഞില്ല. അലിക്ക പറഞ്ഞ പോലെ ലഗേജ് മുഴുവനും ഒറ്റത്തവണയായി കയറ്റിവിട്ടു. കൗണ്ടറിലെ തിരക്കുകാരണമെന്നോണം അലിക്ക അല്‍പം പിന്നിലായി നിന്നതേയുള്ളൂ. നരച്ച് വെളുത്ത ആ മുഖത്ത് ക്ഷീണത്തിന്റെ വല്ലായ്‌മയില്ല, വര്‍ഷങ്ങള്‍ക്കുശേഷം തമ്മില്‍ കാണാന്‍ പോകുന്ന മകനെയോര്‍ത്താവും.., എങ്കിലും എന്തിനോടൊക്കെയോ വിടപറയുന്നതിന്റെ അങ്കലാപ്പും ഉള്ളിലടക്കില സങ്കടവും ആ മിഴികളില്‍ അല്പമെങ്കിലും നനവ് പടര്‍ത്താതില്ല..
നീണ്ട മുപ്പത് വര്‍ഷം. ഒരര്‍ഥത്തില്‍ അലിക്കയുടെ ജീവിതത്തിന്റെ പാതിയിലേറെയും ഈ മരുക്കാട്ടില്‍ തനിച്ചായിരുന്നു. ഈ നാടിന്റെ വളര്‍ച്ച നേരില്‍ കണ്ട് സ്വയം വളരാന്‍ മറന്ന പാവം. തുടക്കം കുറിച്ച ജോലിയും കമ്പനിയും അവസാനംവരെ മാറാന്‍ ശ്രമിച്ചില്ല എന്നുകേട്ടപ്പോള്‍ സഹതാപമാണ് ആദ്യം തോന്നിയത്. പിന്നെ ഒരു സല്യൂട്ടടിക്കാന്‍ തോന്നി, അത്യാഗ്രഹമില്ലാത്ത ആ വലിയ മനസ്സിനെ. കള്‍ചറല്‍ സെന്റര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍, എവിടെയും കേള്‍ക്കാറുള്ള വെറും വാക്കുകളായിരുന്നില്ല അലിക്കയെ കുറിച്ച് കേട്ടത്. കൂടെയുള്ളോര്‍ക്ക് ചൊരിഞ്ഞ് നല്‍കിയ പവിത്രമായ സ്നേഹത്തിന്റെ പോരിശയായിരുന്നു. മറുപടീയായി അലിക്ക പറഞ്ഞതും അങ്ങനെ ഒരിത്തിരി വാക്കുകള്‍ മാത്രം.സ്നേഹിക്കപ്പെട്ടതിന്റെ കടപ്പാട്.
എമിഗ്രേഷനും കഴിഞ്ഞ് വിമാനത്തിലേക്കുള്ള വിളി കാത്തിരിക്കുമ്പോള്‍ ആ കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു. പലരും ഫോണ്‍ ചെയ്യലിന്റെ തിരിക്കിലാണ്. യാത്ര തുടെങ്ങും മുമ്പെ വീട്ടുകാരുമായി, കൂട്ടുകാരുമായി,.. അതല്ലങ്കില്‍ അവസാന വട്ട യാത്രപറച്ചില്‍..എന്നിട്ടും ഇവിടെ നിശബ്ദമാണ്. കാത്തിരിപ്പിന്റെ നിശബ്ദത... ``ഇനി എന്നാ അലിക്കാ..., നേരില്‍?''`
`അറീല മോനേ... ന്നാലും അന്നെ ഞമ്മള് മറക്കൂല്ല, ജ്ജ്‌ച്ച്‌ന്റെ സക്കീറിനെപ്പോല്യല്ലേ...''ഇടറുന്ന വാക്കുകള്‍ക്ക് താങ്ങായിട്ട് വലതു കൈപത്തി എന്റെ കൈകളില്‍ മുറുകെ പിടിച്ചു. സക്കീറിനെ ഓര്‍ക്കുമ്പോള്‍ ആ വൃദ്ധമനസ്സ് അറിയാതെ അണപൊട്ടും. ഇനിയും നല്‍കാന്‍ ബാക്കിയായ പിതൃസ്‌നേഹത്തിന്റെ വറ്റാത്ത ഉറവകളായി അവ കവിളിലൂടെ ചാലിട്ടൊഴുകും. ഞാനാണ് ഭാഗ്യവാന്‍. അല്‍പമെങ്കിലും അതൊക്കെ ആസ്വദിക്കാന്‍ പറ്റിയല്ലോ.
പണ്ട് താമസിക്കാനൊരിടമില്ലാതെ അലയുമ്പോള്‍ സൂപ്പിയുടെ കഫ്തീരിയയില്‍ വെച്ചായിരുന്നു അലിക്കയെ പരിചയപ്പെടുന്നത്. വലിയ താടിയും നെറ്റിയിലെ നമസ്‌കാരത്തഴമ്പും കണ്ടപ്പോള്‍ ആദ്യം മുസ്‌ലിമായിട്ടാണ് പരിചയപ്പെടുത്തിയത്. പിന്നീട് കാര്യങ്ങളറിഞ്ഞപ്പോള്‍ എന്റെ ചെവിയില്‍ ഒരു പിച്ച് തന്നു:
``ജ്ജെന്താ കര്‌ത്യേത്? കുറീം പൂണൂലും നോക്കീട്ടല്ല ഞമ്മള് മറ്റ്‌ള്ളോരെ തോള്‌ല് പുട്‌ച്ച്‌ണത്...'' പിന്നീടൊരുപാടു കാലം കൂടെ നടന്നു. താങ്ങായി, തണലായി, ശാസിച്ച്, സ്‌നേഹിച്ച്...കഴിഞ്ഞ തവണ ലീവിന് നാട്ടിലെത്തിയപ്പോള്‍ അലിക്ക എന്റെ വീട്ടിലും പോയിരുന്നു. അച്ചനോടൊരുപാട് സംസാരിച്ചുവത്രെ. കല്യാണാലോചന തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു. ഫ്‌ളൈറ്റില്‍ അലിക്ക ചിന്തകളുടെ ലോകത്തായിരുന്നു. പലവട്ടം ചോദിക്കാനാഞ്ഞെങ്കിലും വേണ്ടെന്നുവെച്ചു. ആ മനസ്സ് ശാന്തമാവില്ല. ``അല്ല, അലിക്കാ, വെശക്ക്‌ണ്‌ണ്ടല്ലോ..., ഈ എയര്‍ അറേബ്യക്കാര് ഒന്നും തരൂല്ല.. എപ്പഴാ വീട്ടിലെത്താ...?
''നീണ്ട മൗനത്തിന് ഞാന്‍തന്നെ വിരാമമിട്ടു.``ആ..., സക്കീറിറങ്ങുന്നത് പത്തുമണിക്കല്ലേ, ഓനേം കൂട്ടീട്ട് പോവണം. മുഖദാവില് കണ്ടിട്ട് പത്തു കൊല്ലായി, അറ്യോ... അനക്ക്?'' വേര്‍പാടിന്റെ വേദനയുള്ള വാക്കുകള്‍ക്ക് വാത്സല്യത്തിന്റെ ജീവനുണ്ടായിരുന്നു.
``എന്തിനാന്റെ കുട്ടിനെങ്ങനെ ഉള്ളിലിട്ടത്...? ഓനിപ്പോ, ഓളെ മുഹബ്ബത്താണെന്ന് ബെച്ച്... ങ്‌ഹാ.. അല്ലാന്റെ വിധി'' ആത്മഗതമായി അലിക്ക നിര്‍ത്തി.
``സാരല്യ ഇക്കാ, നാളെയിപ്പോ കാണാലോ...'' മറ്റെന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ഈ ഉപ്പയുടെ മകനൊരു തീവ്രവാദിയാവുന്നത് സങ്കല്‍പിക്കാന്‍ പോലുമാവില്ല. തന്റെ അഞ്ച് മക്കളെക്കുറിച്ച് പറയുമ്പോഴെല്ലാം ആ പിതൃഹൃദയം വാചാലമാവും. കൊച്ചിയിലെ വലിയൊരു റിയല്‍എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു സക്കീര്‍. കൂടെ ജോലി ചെയ്‌തിരുന്ന ഹിന്ദു പെണ്‍കുട്ടിയോട് തോന്നിയ ഇഷ്‌ടം, അതായിരുന്നു പിന്നീട് ഇങ്ങനെ അകത്താകാന്‍ ഹേതു. മുമ്പൊരിക്കല്‍ ലീവിന് നാട്ടിലെത്തിയപ്പോള്‍ നേരില്‍ കണ്ടതായിരുന്നു. അന്ന് നന്നേ ചെറിയ പയ്യന്‍. എന്നേക്കാള്‍ അഞ്ച് വയസ്സ് കുറവായിരിക്കും. സംസാരത്തിലും പെരുമാറ്റത്തിലും അലിക്കയുടെ അതേ വിനയവും ആദരവും. രാഷ്‌ട്രീയ ചര്‍ച്ചകളില്‍ അല്‍പം അവേശക്കൂടുതലുണ്ടെന്ന് സംസാരത്തില്‍നിന്നുതന്നെ മനസ്സിലാവും.
``ഞാനവ്‌ടെണ്ടായ്‌ന്യെങ്കി ഇങ്ങന്യൊന്നും ആവൂലായിര്‌ന്ന്... പോലീസിന് ന്റെ കൂട്ടി തീവ്രവാദീം ആവൂല''ആ തോളില്‍ തല ചായ്‌ച്ച് കൈകളില്‍ മുറുകെപ്പിടിച്ചിരുന്നു. പ്രവാസിയുടെ ദുഃഖങ്ങളാണ് അലിക്കയുടെ വിങ്ങലുകള്‍. എല്ലാമറിയുമ്പോഴും ഒന്നും ചെയ്യാനാവാതെ നിസ്സഹായരാവുന്നവര്‍..., ഒന്നു പൊട്ടിക്കരയാന്‍ പോലും അനുവദിക്കപ്പെട്ടിട്ടില്ലാത്തവര്‍. തന്റെ തണലാവശ്യമുള്ളിടത്ത് അത് നല്‍കാനാവാതെ മറ്റെവിടെയോ തണല്‍ വിരിക്കുന്നവര്‍.... ഒടുവില്‍ നിസ്സഹായതയോടെ വെറും `പോഴന്‍മാരാ'യി അണഞ്ഞുതീരുന്നവര്‍.
കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കാതെ നെടുമ്പാശ്ശേരിയിലേക്ക് ബുക്ക് ചെയ്യുമ്പോള്‍, അലിക്കയുടെ കൂടെയൊരു വിമാനയാത്രയായിരുന്നു മനസ്സില്‍. കൂടെനടക്കുമ്പോള്‍, പഴ്ങ്കഥകളും നര്‍മ്മവും ചേര്‍ത്ത് സരസമാക്കുന്ന അലിക്കയുടെകൂടെയുള്ള ഓരോ യാത്രയും ഹരമായിരുന്നു. ഫ്ലൈറ്റിലെ സിനിമയിലോ സംഗീതത്തിലോ ആസ്വദിക്കന്‍ തോന്നിയില്ല. വാക്കുകള്‍ കുറവാണെങ്കിലും അലിക്കയുടെകൂടെയുള്ള ആകാശയാത്രക്കും അതിന്റെ ഒരു സുഖമുണ്ട്.
എയര്‍പോര്‍ട്ടില്‍നിന്നും പുറത്തിറങ്ങി. ശരീഫ് മാത്രമേ ഇപ്രാവശ്യം വന്നിട്ടുള്ളൂ. സ്വന്തം വണ്ടിയായതുകൊണ്ട് ഡ്രൈവറും അവന്‍ തന്നെ. ലഗേജും പെട്ടിയും പിന്നില്‍വെച്ച് അവന്റെ കൂടെ. രണ്ടാളും മുന്‍സീറ്റിലിരുന്നു. മഞ്ഞുപുതച്ച റോഡുകള്‍ ഞങ്ങളെ സ്വാഗതം ചെയ്‌തു. കടത്തിണ്ണകളില്‍ ഇനിയും ഉറക്കമുണര്‍ന്നിട്ടില്ലാത്ത വരുത്തന്മാര്‍, പുതച്ചും ചാക്ക് വിരിച്ചും അര്‍ധ നഗ്നരായും..... പത്രം വിതരണം ചെയ്യുന്ന കുട്ടികള്‍ സൈക്കിളില്‍ കറങ്ങുന്നു.. കാഴ്‌ചകളിലലിഞ്ഞ് അല്‍പം ഉറങ്ങിപ്പോയി. ഒമ്പത് മണിയായപ്പോഴേക്കും ജയിലിന് മുന്‍പിലെത്തിയിരുന്നു. അടുത്തുകണ്ട പെട്ടിക്കടയില്‍നിന്നും ഓരോ ചായ വാങ്ങി. ക്ഷീണിച്ച് ബെഞ്ചിലിരിക്കുന്ന അലിക്കാക്ക് നീട്ടി. പത്രങ്ങളില്‍ വെറുതെ കണ്ണോടിച്ചു. നാട്ടിലെ പത്രങ്ങളിലെന്നും വെട്ടുംകുത്തും ബലാല്‍സംഗവും നിറയും..., ചോരയുടെ നിറവും മണവുമാണവയ്‌ക്ക്.ഗേറ്റിലെ പാറാവ് ഷിഫ്‌റ്റ് മാറുന്നു. ഇടക്ക് പലരും വന്നും പോയുമിരിക്കുന്നു.
പത്തേകാലോടെ ഒരു പോലീസുകാരന്‍ ഗേറ്റ് തുറന്ന് പുറത്തുവന്നു. പിറകിലായി സക്കീറും. അലിക്കയെഴുന്നേറ്റു. ആ മിഴികളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞുതുളുമ്പി. ഇളംവെയിലില്‍ അവ ഏഴു നിറങ്ങളില്‍ തിളങ്ങി. പ്രായം മടക്കുകള്‍ തീര്‍ത്ത ആ കരങ്ങള്‍ മകനെ പുണരാനായി വെമ്പുന്നുണ്ടായിരുന്നു. സക്കീര്‍ ഓടിവന്ന് അലിക്കയെ കെട്ടിപ്പിടിച്ചു. നാലു നയനങ്ങളും ഇരുദിശകളില്‍ കണ്ണീര്‍ വാര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല.
``ജ്ജെങ്ങന്യാ മോനേ ഇതിനുള്ളില്...?''
``ഉപ്പാ..., അറീല്ല... എനിക്കോളെ ഒരുപാട് ഇഷ്‌ടായിരുന്നു..., അത്രേ എനിക്കറ്യൂ...''`
`ന്നാലും ന്റെ കുട്ട്യേ....''
``ഉപ്പ പറയാറില്ലേ.., സ്‌നേഹത്തിന് ജാതീം മതോന്നുല്ലാന്ന്.., അത്രേ്യ ഞാനും നോക്ക്യൊള്ളൂ...''ഞാനും അറിയാതെ കണ്ണുതുടച്ചു. ശരിയാണ്, അലിക്ക തന്ന സ്‌നേഹത്തിനും കാവിയുടെയോ പച്ചയുടെയോ നിറം ചാലിച്ചില്ലായിരുന്നു.
ഉപ്പയേയും മോനേയും ക്വാളിസിന് മുന്‍പിലിരുത്തി ഞാന്‍ പിന്‍സീറ്റിലിരുന്നു. ചെന്നായ്‌ക്കൂട്ടങ്ങളില്‍നിന്ന് രക്ഷപ്പട്ട ആട്ടിന്‍കുട്ടിയെപ്പോലെ, തോളില്‍ ചാഞ്ഞുകിടക്കുന്ന സക്കീറിന്റെ മുടിയിഴകളില്‍ ആ പിതൃവാത്സല്യം തഴുകുന്നുണ്ടായിരുന്നു.
``സാരല്യ, കയിഞ്ഞതൊക്കെ മ്മക്ക് മറക്കാ.., ഇഞ്ഞ്‌ന്റെ കുട്ടിക്ക് ഉപ്പണ്ട്...,ഒരുത്തനും ബിട്ട്‌കൊടുക്കൂലാ ന്റെ മോനെ...''പക്വമായ, കരുത്തുറ്റ വാക്കുകള്‍. ഇനിയും വറ്റിയിട്ടില്ലാത്ത, ഉള്ളിലടക്കിയ സ്‌നേഹത്തിന്റെ അണ തുറന്നുവിട്ടപോലെ. എനിക്കിവയെല്ലാം ഇനി നഷ്‌ടമാവുന്നു എന്നോര്‍ക്കുമ്പോള്‍, മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍...പുറത്തെ കാഴ്‌ചകള്‍ നോക്കിയിരുന്നു. പിന്നിട്ട വഴികളിലൊക്കെയും പലനിറത്തിലുള്ള കൊടികള്‍, തോരണങ്ങള്‍, വിപ്ലവ വാക്യങ്ങളെഴുതിയ കടലാസു ചുവരുകള്‍.... പള്ളികള്‍, അമ്പലങ്ങള്‍... കുരിശുതറകള്‍., വേലികെട്ടിയും അല്ലാതെയും...മുന്‍സീറ്റില്‍ സക്കീര്‍ ഉറങ്ങുന്നു. ക്ഷീണം തളര്‍ത്തിയിട്ടില്ലാത്ത അലിക്കയുടെ മടിയില്‍ ചാഞ്ഞ്, ആ വാത്സല്യത്തിലലിഞ്ഞ്, നിര്‍ഭയനായി...
പ്രവാസിയുടെ ദുഃഖങ്ങളാണ് അലിക്കയുടെ വിങ്ങലുകള്‍. എല്ലാമറിയുമ്പോഴും ഒന്നും ചെയ്യാനാവാതെ നിസ്സഹായരാവുന്നവര്‍...,
ReplyDelete"നാലു നയനങ്ങളും ഇരുദിശകളില്‍ കണ്ണീര്‍ വാര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല....."
ReplyDeleteLIKE IT VERY MUCH...good
ഓരോ യാത്രയും അനുഭവങ്ങളാണ്
ReplyDeleteനല്ല മനസ്സുകളുടെ കൂടെയാകുമ്പോള്‍ അതിനു നിറപ്പകിട്ടു കൂടും
കാലത്തെ പിറകോട്ടു തള്ളി ജീവിതത്തിന്‍റെ
മയില്‍ കുറ്റികള്‍ താണ്ടി തളരുമ്പോഴും
വിദൂരതയില്‍ ഒരു തുരുത്ത് കാണും
അത് നമ്മെ മുന്നോട്ടു നയിക്കും
സാരല്യ, കയിഞ്ഞതൊക്കെ മ്മക്ക് മറക്കാ.., ഇഞ്ഞ്‌ന്റെ കുട്ടിക്ക് ഉപ്പണ്ട്...,ഒരുത്തനും ബിട്ട്‌കൊടുക്കൂലാ ന്റെ മോനെ...''പക്വമായ, കരുത്തുറ്റ വാക്കുകള്‍.........
ReplyDeleteകഥ നന്നായിട്ടുണ്ട്. ആശംസകള്‍
ReplyDelete