Wednesday, December 23, 2009

ഇവിടെയായിരുന്നു ആ പള്ളിക്കുളം


ഓരോ തവണത്തെ ലീവിന് നാട്ടില്‍ പോകുമ്പോഴും നൂറായിരം കണക്കുകൂട്ടലുകളുണ്ടാവും.. “ടൂര്‍ പോവണം, ചാലിയാറില്‍ മുങ്ങികുളിക്കണം, തട്ടുകടയിലെ നെയ്ചോറും കോഴിപൊരിച്ചതും, ബോട്ടിയും കപ്പയുമൊക്കെ തിന്നണം, പറങ്ങോടന്‍പാ‍റയുടെ മുകളില്‍ കയറി പോക്കുവെയിലേറ്റ് ഇളംകാറ്റത്ത് കണ്ണടച്ച് മലര്‍ന്ന് കിടക്കണം, രാത്രിയില്‍ കൂട്ടുകാരുമൊത്ത് തോട്ടുവരമ്പത്തോ ചീനിമരത്തിന്റെ ചുവട്ടിലോ സൊറ പറഞ്ഞിരിക്കണം, റസീസിനെയും ബാബുട്ടനെയും കൂട്ടി ബൈക്കില്‍ പാട്ടും പാടി നിലമ്പൂരിലേക്ക് സെക്കന്റ് ഷോക്കു പോവണം, നാട്ടിലെ അറിയാവുന്ന വയസ്സന്മാരെയൊക്കെ പോയിക്കാണണം“,,,,, അങ്ങനെ ഒരുപാട്. ഇതില്‍ മിക്കതും ഒരിക്കലും നടക്കാറില്ലെന്ന് തിരിച്ചറീയുന്നത് മടക്കയാത്രെയില്‍ വെച്ചാണ്.. പിന്നെ കുറെകാലം സങ്കടപ്പെട്ട്, ഓര്‍ത്ത് കിടന്ന് ആടുത്ത വെക്കേഷനിലേക്ക് മാറ്റി വെക്കും..

ഇപ്രാവശ്യം പെരുന്നാള്‍ അവധിയടക്കം പത്ത് ദിവസമേ ഉണ്ടായിരുന്നുള്ളൂ എന്നത് ആശ്വാസം. എന്നിട്ടും പള്ളിക്കടുത്തുണ്ടായിരുന്ന പള്ളിക്കുളം മൈതാനം മണ്ണിട്ട് തൂര്‍ത്ത് കിടക്കുന്നത് മനസ്സില്‍ നിന്നും മായുന്നില്ല.
അതെങ്ങനെ! ബാല്യത്തിന്റെ കളിക്കുട്ടുകാരിയാണ് അവള്‍. അവിടെതുടങ്ങി അവിടെതന്നെയവസാനിച്ച ഇനിയും അവസാനിക്കാത്ത ഒരുപാട് കഥകളുണ്ട് ഓര്‍മയില്‍.. എത്ര മറന്നാലും എങ്ങോട്ടകന്നലും മാഞ്ഞുപോകാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍,...

ഒരുപാടങ്ങോട്ട് പിന്നോട്ട് നോക്കുമ്പൊള്‍ മനസ്സില്‍ തെളിയുന്നത് വട്ടത്തിലുള്ള രണ്ട് കുളങ്ങളാണ്. ആര്‍ത്ത് പെയ്യുന്ന മഴയില്‍ പൂര്‍ണ്ണത കൈവരിക്കുമ്പോള്‍ അവള്‍ക്ക് നല്ല വശ്യതയാണ്. പിന്നെ അതില്‍ നിന്ന് “പള്ള്യാളി” വഴി പാടത്തൂടെ വന്ന് തോട്ടിലേക്ക് ചേരുന്ന നീര്‍ചാല്‍.. രാവിലെ മദ്രസ്സയിലേക്ക് പോകുമ്പോള്‍ ആ വെള്ളത്തിന് നല്ല തണുപ്പാവും, തോട്ടിലെ വെള്ളത്തിന് ഇളംചൂടും. പാന്റ് മടക്കിക്കയറ്റി, പഴകി നീലകണ്ടു തുടങ്ങിയ ഫിഷര്‍ ചെരുപ്പ് വരമ്പത്ത് വെച്ച് ആ സംഗമത്തിലെ ചൂടും തണുപ്പുമേല്‍ക്കാനിറങ്ങും. കുളിക്കാതെ മദ്രസ്സയിലെത്തുന്നവര്‍ക്ക് അഹ്മദ് കുട്ടി മൌലവിയും റഷീദ് മൌലവിയും നല്‍കുന്ന ശിക്ഷ ആ കുളത്തിലെ തണുത്ത വെള്ളത്തിലെ കുളിയാണ്. വേനലാവുന്തോറൂം വെള്ളം വറ്റിതുടങ്ങും, തീരെ വറ്റാറാവുമ്പോള്‍ എല്ലാരുംകൂടീ മീന്‍പിടീക്കാനിറങ്ങും. ചേറിന്റെ ചുവയുള്ള മീന്‍കറീ ഇന്നും നാവിന്‍ തുമ്പത്തെത്തുന്നു..

കാലം കടന്നപ്പോള്‍ ആ രണ്ട് കുളങ്ങളും തൂര്‍ന്നു.. പഴയൊരു സംസ്കാരത്തിന്റെ അവശശേഷിപ്പ് നിലനിര്‍ത്താന്‍ പൈപ്പ് വെള്ളം തുറന്ന് “വുളു” എടുക്കുന്ന ഞങ്ങളാരും മിനക്കെട്ടതുമില്ല. ക്രമേണ അവിടൊമൊരു മൈതാനമായി. വര്‍ഷകാലത്ത് ഒരാള്‍ താഴ്ചയുള്ള ഒരു തടാകം പോലെ, വെള്ളം ഒലിച്ചുപോകുന്ന ഭാഗത്ത് മാത്രം ചെങ്കല്ലുകൊണ്ടുള്ള കെട്ട് ഉണ്ടായിരുന്നു, മറ്റൊരറ്റത്ത് പള്ളിക്കിണറും അതില്‍ നിന്നെടുത്ത് പരത്തിയിട്ട വെളുത്ത ചവിടിമണ്ണും.. അതിലൂടെ തെളിഞ്ഞൊഴുകുന്ന ഉറവകള്‍.. ചെങ്കുത്തായ ഒരറ്റം നിറയെ തെച്ചിക്കാടുകള്‍,, ചുവന്ന് തുടുത്ത തെച്ചിപ്പഴം വിളമ്പിനില്‍ക്കും. വക്കിലായി ഒരു തൈമാവ്, രണ്ട് തെങ്ങ്, വേര് പുറത്തായ തേക്ക്.. എന്റെ നീന്തലിന് ഹരിശ്രി കുറിച്ചത് ഇവിടുന്നായിരുന്നു,, വാഴപിണ്ടികൊണ്ട് ചെങ്ങാടം കെട്ടാനും അത് തുഴയാന്‍ പഠിച്ചതും,,ആദ്യമൊക്കെ ഒരുപാട് കലക്കവെള്ളം കുടിച്ചാണെങ്കിലും.

മഴയൊഴിഞ്ഞാല്‍ പിന്നെ കളിയാണ്, ഫുട്ബാളും ക്രിക്കറ്റുമെല്ലാം... ക്യാച്ച് ചെയ്യാനറീയാതെ സമീറിന്റെ വഴക്ക് കേട്ടത് ഓര്‍മയിലുണ്ട്, ഷാനവാസിന്റെ ക്യാചെടുക്കാന്‍ നിന്ന സുബൈറിന്റെ മുഖത്ത് ബാറ്റ് വീണത്, മന്‍സൂറിന്റെ പിന്നോട്ടുള്ള ബൌളിങ്ങ്, മുകളിലോട്ട് തുപ്പി ക്യാച്ചെടുക്കുന്നത്, അങ്ങനെ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകള്‍,, ചിലപ്പോഴൊക്കെ ഇവിടം ഈദ്ഗാഹായിരുന്നു. പുത്തനുടുപ്പിട്ട്, മൈലാഞ്ചി ചുവപ്പിച്ച കൈകളുമായി ടാര്‍പോളിന്‍ ഷീറ്റില്‍ പേപ്പറ് വിരിച്ച് ഇരിക്കുന്ന ഞങ്ങള്‍ കുട്ടികള്‍, എന്തൊരു രസമായിരുന്നു!

നാട്ടില്‍ ഫുട്ബാളിന്റെ ആദ്യകളം ഇവിടമായിരിക്കണം എന്നാണ് ഓര്‍മ്മ. ഫ്രാന്‍സ്റ്റിനോയുടെയും പിന്നീട് ഫോക്കസിന്റെയും ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെയും ചുണക്കുട്ടന്മാര്‍ പന്ത് തട്ടി തുടങ്ങിയതും ഇവിടുന്നായിരുന്നു,
പിന്നിടെപ്പോഴോ “കുള“ത്തിന് ചുറ്റും കവുങ്ങിന്‍ തൈകള്‍ നട്ടു, അന്നത്തെ പള്ളിക്കമ്മറ്റി ക്ര്`ഷിവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉണ്ണിമൊയ്തീന്‍ കാക്ക.

അന്നുമുതല്‍ കളിയും മുടങ്ങി. തൈകള്‍ക്ക് പേര്‍ച്ചയെത്തുവോളം അദ്ദേഹം കാവലിരിക്കുമായിരുന്നു. ഏതണ്ട് വളര്‍ന്ന് പിടിച്ച്പ്പോള്‍ കളിക്ക് അത്ര നിയന്ത്രണമില്ലാതായി. എന്നിട്ടും നിര്‍ജീവമായിരുന്നു പള്ളിക്കുളം.

ഞാന്‍ വളര്‍ന്നതാണോ അതോ നാട് വളര്‍ന്നതാണോ? അറീയില്ല, വര്‍ഷകാലത്തെ നീരൊഴുക്ക് നിലച്ചത് ഞാന്‍ അറിഞ്ഞിരുന്നില്ല, എന്ന് മുതല്‍ക്കാണത് തീരെയില്ലാതായതെന്ന് ഓര്‍ത്തെടുക്കാനാവുന്നുമില്ല. പിന്നോടൊരിക്കലും അവിടെ വെള്ളം നിറഞ്ഞ് കണ്ടിട്ടില്ല, തവളകളുടെ കരച്ചിലോ, പതപോലത്തെ വലിയ മുട്ടകളോ കേട്ടിട്ടും കണ്ടിട്ടുമില്ല. നീര്‍കോലിയും ഇടക്കിടെയെത്തുന്ന കടല്‍കാക്കയും ആ വഴി വരാറില്ല, എന്തിന്, വേനലില്‍ ക്രിക്കറ്റും ഫുട്ബാളും കളിക്കാന്‍ കുട്ടികള്‍ എത്താറില്ല. അറ്റ്ലസ് സൈക്കിളില്‍ ഇടക്കാലിട്ട് പഠിച്ച് തുടങ്ങുന്നവരുമില്ല.! എങ്കിലും ഒരു അവശേഷിപ്പായി പള്ളിക്കുളമെന്ന പേരില്‍ അതവിടെയുണ്ടായിരുന്നു. പ്രഭാതത്തിലെ മഞ്ഞുകണങ്ങളേറ്റ്, മദ്ധ്യാഹ്നത്തില്‍ വരണ്ടുണങ്ങി, വൈകുന്നേരം പതിയെ ഇരുട്ടിലുറങ്ങുന്ന എന്റെ മൈതാനം... പ്രവാസിയായിട്ടും നാട്ടിലെത്തുമ്പോള്‍ അതിലൂടെയൊന്ന് നടക്കതിരുന്നിട്ടില്ല് ഞാന്‍.. ഒപ്പം ആ നല്ല നാളുകളെ ഓര്‍ക്കാതിരിക്കാറുമില്ല.

കഴിഞ്ഞതവണയെത്തിയപ്പോള്‍ അതിന്റെ പാതിഭാഗം മണ്ണിട്ട് നിറച്ചിരുന്നു, തെച്ചിക്കടുകള്‍ നിന്നിടത്ത് ഇരുനില കെട്ടിടം ഉയര്‍ന്നിട്ടുണ്ട്.. വളര്‍ന്ന്തുടങ്ങിയിരുന്ന തൈമാവ് ഫലം തരും മുമ്പെ ഉണങ്ങിപോയിട്ടുണ്ട്, ഒരറ്റത്തായി ഇന്നു ആ തെങ്ങ് മാത്രം കാണാം... പള്ളിക്കിണറിലെ ജലനിരപ്പ് താഴ്ന്ന് കിടക്കുന്നു, കുളത്തില്‍ മണ്ണിട്ട് പൊക്കിയാതാണാത്രെ കാരണം.. തന്റെ കൂട്ടുകാരിയുടെ മരണത്തിന് സാക്ഷിയാവുമ്പോള്‍ മനസ്സ് നിറഞ്ഞ് ആനന്ദിക്കാന്‍ അതിനാവുന്നുണ്ടാവില്ല..

ചുറ്റുമുണ്ടായിരുന്ന കവുങ്ങിന്‍ തൈകളില്‍ മിക്കതും കായ്ച്ചു തുടങ്ങിയിരിക്കുന്നു, കുളത്തിന്‍ ചുറ്റുമായിരുന്നു അവയെന്ന് പറഞ്ഞാല്‍ വിശ്വസം വരില്ല, ഇവിടെ ഒരാള്‍ക്ക് താഴ്ചയില്‍ ഞങ്ങള്‍ പന്ത് തട്ടിക്കളിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഇതിലെരുപാട് മീനുണ്ടായിരുന്നു എന്ന് മൊഴിഞ്ഞാല്‍, ഇതിലൂടെ ചങ്ങാടം തുഴ്ഞ്ഞിരുന്നു എന്ന് വീമ്പിളക്കിയാല്‍ ഇന്നത്തെ കുട്ടികള്‍ കൂവിയാട്ടും..

പെരുന്നാള്‍ ദിവസം ബലിയര്‍പ്പിക്കപ്പെട്ട കാലികളാണ് അവിടെയിന്ന്, കറുത്തതും വെളുത്തതുമായ നാപ്പതോളം നാക്കാലികള്‍.. അവ നിര്‍ത്താതെ അമറുന്നത് എന്തിനാണാ‍വോ?? ജീവനോടെ കുഴിച്ച് മൂടപ്പെട്ട ആ കുളത്തെയോര്‍ത്താണോ??

കൂട്ടത്തില്‍ ഞാനും ഒന്നിനെ ബലിനല്‍കി, ചുരുങ്ങിയ കാലമെങ്കിലും അവിടെയൊക്കെ കുളിക്കാനും കളിക്കാനും നീന്താനും ഓടാനുമെല്ലം അനുഗ്രഹം തന്ന ദൈവത്തിന്, കുഴിച്ച് മൂടപ്പെട്ട കുളത്തിനെ സാക്ഷിനിര്‍ത്തി, ആ തേങ്ങല്‍ മനസ്സില്‍ അലയടീക്കുന്നുവെങ്കിലും....

പിറ്റേന്ന് വൈകുന്നേരം അവിടം എട്ട് പത്ത് കുട്ടികളെത്തിയിരുന്നു, കയ്യില്‍ മൊബൈലുള്ളവരും അല്ലാത്തവരും, ചിലര്‍ ചുവന്ന സക്കിളില്‍ വട്ടം ചുറ്റുന്നു, മറ്റുചിലര്‍ പന്ത് തട്ടുന്നു..
പോയ്മറഞ്ഞ ആര്‍പ്പുവിളികള്‍ക്ക് കാതോര്‍ത്ത് ആ മനം കുളിര്‍ക്കുന്ന കാഴ്ച്ചയില്‍ ഒരുനിമിഷം ലയിച്ച് പോയി....

Monday, October 12, 2009

ഒരു കാതമകലെ..

സ്നേഹിക്കാനാഗ്രഹിക്കാത്തവര്‍ ആരുണ്ട്? അതിലേറെ സ്നേഹിക്കപ്പെടാന്‍.. എന്റെ ബാല്യ കൌമാരങ്ങളും യൌവനവും ഭിന്നമല്ല. ഒരല്‍പ്പം കൂടുതലല്ലാതെ. ഉപ്പ, ഉമ്മ, കൂട്ടുകാര്‍, കാമുകി,,, അങ്ങനെ എണ്ണമറ്റ ബന്ധങ്ങളാല്‍.. പ്രായത്തിന്റെ അപക്വമായ കണക്കു കൂട്ടലുകള്‍ പലപ്പോഴും അതിരു കടന്നതായിരുന്നെന്ന് പിന്നീട് ചിന്തിക്കാതില്ല.
* * * *
‘ഒരു കാതമകലെ’ .. മലപ്പുറം ജില്ലാ കേരളോത്സവത്തിന് എന്‍ട്രി ലഭിച്ച നാടകമായിരുന്നു. ഉറക്കം അന്യമായ രാത്രികളും കോളേജ് മടുത്ത പകലുകളും എഴുതി തീര്‍ത്തത്. രചന, സംവിധാനം, തുടങ്ങി പ്രധാനവേഷത്തിലും ഞാന്‍ തന്നെ (ഒരു ബാല ചന്ദ്രമേനോന്‍ സ്റ്റൈല്‍). പഞ്ചായത്തിലെ പലക്ലബ്ബുകളും പലമേഖലകളിലായി മുദ്രപതിപ്പിച്ച കേരളോത്സവ വേദികളില്‍ ഞങ്ങളുടെ, (വോയ്സ് കല്ലിടുമ്പ്) ഐഡന്റിറ്റി നാടകമായിരുന്നു. ഒരുമാസം മുമ്പെ തുടങ്ങുന്ന റീഹേഴ്സല്‍, റസീസിന്റെ വീടിന് മുകളിലെ ആടീയും പാടിയും തീര്‍ക്കുന്ന രാവുകള്‍.. ഒരിക്കലൊരു വേദിയിലവതരിപ്പിച്ച ജാലകം” എന്ന സതീഷ് കെ സതീഷ് നാടകത്തിന് മൂന്നാം സമ്മാനം ലഭിച്ചന്ന്‍ മുതലാണ് നാടകം തലക്കുപിടിച്ച് തുടങ്ങിയത്. ഇപ്രാവശ്യം സ്വന്തമായൊരെണ്ണം എഴുതി സംവിധാനിക്കണമെന്ന് ഞാനും റസീസും പ്ലാന്‍ ചെയ്തതും മറ്റൊന്നും കൊണ്ടായിരുന്നില്ല. പാല്‍നിലാവു പെയ്യുന്ന രാത്രിയില്‍ എഴുതിത്തുടങ്ങുമ്പോള്‍ ചര്‍ചക്കിട്ട പലവിഷയങ്ങളിലും അച്ഛന്‍- മകന്‍ ബന്ധം തന്തുവായത് വിങ്ങുന്ന മനസ്സിന്റെ ആകുലതകളും, വാത്സല്യത്തിനായുള്ള യാചനകളും കാരണ്മായിരിക്കാം,,ഇവയൊന്നുംകടലാസില്‍ പകര്‍ത്താനും തിരക്കഥയാക്കാനും, യവനിക നീക്കി അരങ്ങിലെത്താനും അധികം പാടുപെടേണ്ടിയും വന്നില്ല.
സ്വസങ്കല്‍പ്പങ്ങള്‍ കൊണ്ട് ക്രൂരമാക്കിയ ഉപ്പയുടേ വേഷം ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തത്. മുഖത്തൊരു ഉമിക്കരിതാടി പിടിപ്പിച്ച്, ഫാബ്രിക് പെയ്ന്റ് മുടിയില്‍ അവിടമിവിടമായി തേച്ച് ഒരു ഡ്യൂപ്ലിക്കേറ്റ് ഫാദറാവാന്‍ ശ്രമിച്ചു. കാലങ്ങളോളം ഉടുത്തൊഴിവാക്കിയ ഉപ്പയുടെ വെള്ളമുണ്ടും കക്ഷം കീറിതുടങ്ങിയ കുപ്പായവുമിട്ട്, മാനസാന്തരപ്പെട്ട് മകനെ തേടീയലയുന്ന പിതാവായി ഞന്‍ സ്റ്റേജിലെത്തി. പാവത്താനെന്ന് സ്വയമ്പുകഴ്ത്തിയെഴുതിയ കഥാപാത്രമാവാന്‍ അനിയനെ ഏല്‍പ്പിച്ചു. സ്നേഹിക്കാനറിയാത്ത പിതാവിനെ വെടിഞ്ഞ് റെയില്‍വെ ട്രാക്കിലെ എച്ചില്‍പെറുക്കികള്‍ക്കൊപ്പമലഞ്ഞു നടക്കുന്നവനായിട്ട് അവനാവേഷം അനശ്വരമാക്കുകയും ചെയ്തു.
അരങ്ങിലെത്തിയ ഇരുപത്തിരണ്ട് നാടകങ്ങളില്‍ ഞങ്ങള്‍ക്കൊന്നും ലഭിച്ചില്ലെങ്കിലും ഒരാത്മസംതൃപ്തിയായിരുന്നു. കാളിദാസനും പ്ലാച്ചിമടയും ഖസാക്കിന്റെ വെള്ളായിയപ്പനും വാണിടത്ത് കയറാന്‍ കിട്ടിയ ഭാഗ്യത്തെയോര്‍ത്ത്. നിറഞ്ഞ്നില്‍ക്കുന്ന കാണികള്‍ക്കിടയിലൂടെ പാതിമെയ്ക്കപ്പില്‍ ചുറ്റിനടക്കുമ്പോള്‍ പലരും നോക്കി പുഞ്ചിരിച്ചു, ചിലര്‍ അടുത്ത് വന്ന് കൈപിടിച്ച് കുലുക്കി അഭിനന്ദിച്ചു.
ട്രോഫി വിതരണവും കണ്ട് മടങ്ങുമ്പോള്‍ സമയം രാത്രി പത്ത് മണി. വീട്ടിലാരും ഉറങ്ങിയിരുന്നില്ല. ചാരുപടിയില്‍ കാലും കയറ്റിയിരിക്കുന്ന ഉപ്പയെ കണ്ടപ്പോള്‍ ഒന്നു ചൂളി. നാട്ടിലായാലും സ്കൂളിലായാലും എന്റെ കലാ പ്രകടനങ്ങള്‍ കാണാന്‍ ഉപ്പ മുന്‍പിലുണ്ടാവാറുണ്ട്. വീട്ടിലെത്തുമ്പോള്‍ എന്തെങ്കിലൊരു അഭിപ്രായവും പതിവാണ്. ഇപ്രാവശ്യം ജനക്കൂട്ടത്തില്‍ ഉപ്പയെ കണ്ടിരുന്നില്ല. സലാം പറഞ്ഞ് വീട്ടില്‍ കയറി. മുഖത്ത് പിടിപ്പിച്ച താടി മുഴുവന്‍ പോയിട്ടില്ല. സ്റ്റേജിലെ പൊടിമുഴുവന്‍ കാലിലുണ്ട്.
“ എന്തേ കിട്ടീ നാടകത്തിന്.. ?? പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്നു നെട്ടിപ്പോയി.
“ഒന്നും കിട്ടീല.. എല്ലാരും നല്ല സെറ്റപ്പിലായിരുന്നു.....
“ഉം... അത്പ്പൊ ഞമ്മളെ കഥന്ന്യേയിരുന്നു ല്ലെ... ന്നാലും തരക്കേടില്ല, ആ കട്ടൌട്ടും വേഷ്വാന്നും പോരാ...
ഞാനൊന്നു ചിരിച്ചു, പിന്നെ എന്തൊക്കെയൊ പറഞ്ഞ് ഒഴിഞ്ഞ് മാറി. ആകെ നാണം കെട്ടു, ഉടുത്തതില്‍ തൂറിയ പോലെ. കയറുന്നതിന് മുമ്പുണ്ടായിരുന്ന വമ്പൊക്കെ എങ്ങോ ഒലിച്ച് പോയി. ഇനിയെന്തെന്ന പേടിയും ജിജ്ഞാസയുമായിയ്രുന്നു. ഇടക്കിടക്ക് ഉപ്പ ഒരോ ഡയലോഗും പറയുന്നുണ്ട്. ആ മനസ്സ് വേദനിച്ചിട്ടുണ്ട്. ഒന്നു ചീത്ത പറഞ്ഞങ്കില്‍ അല്ലെങ്കിലൊരു അടി കിട്ടിയെങ്കില്‍ എനിക്കിത്ര സങ്കടമാവുമായിരുന്നില്ല.
ഉപ്പയുടെ വാക്കുകളില്‍ പ്രോത്സാഹനമായിരുന്നോ?? മുമ്പും ഇങ്ങനെയാണ്. യു എസ് എസ് സ്കോളാര്‍ഷിപ്പ് കിട്ടിയത്, ഗ്ലാസ്സ് സമ്മാനം കിട്ടിയത്, കലാപ്രതിഭയായത് അങ്ങനെ ഓരോചെറിയ കാര്യങ്ങളും പെരുപ്പിച്ച് പറയും ഉപ്പ. അതൊന്നും മനസ്സിലാക്കാന്‍ അന്നെനിക്കായില്ല. തമ്മില്‍ വേര്‍പിരിയുന്നത് വരെ. അതിനിടക്ക് ഒരിക്കലെങ്കിലും ആ മനസ്സ് വായിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. ആ ഹൃദയം കെഞ്ചിയ സ്നേഹം തിരിച്ചു നലകിയോ?? ഉണ്ടാവില്ല. കവലയൊച്ചകളില്‍ വീണുകിട്ടുന്ന പരുക്കന്‍ വാക്കുകള്‍ക്ക് അര്‍ത്ഥം തിരയും മുമ്പെ ഉപയോഗിക്കേണ്ടാടിത്തെല്ലാം ചേര്‍ത്ത് ആ മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ടാവും. സ്നേഹം പുറത്ത് കാട്ടിയില്ലെങ്കിലും എന്നെ ഒരു പാട് സ്നേഹിച്ചിരിക്കണം ആ പഴഞ്ചന്‍.
ഓര്‍ക്കുമ്പോള്‍ മനസ്സ് നോവുന്നു, ആ വന്ദ്യപിതാവിനെ കഷ്ടപ്പെടുത്തിയതിന്., ആ‍ വാത്സല്യം തിരിച്ചറിയാത്തതിന്. ജീവിത സായാഹ്നങ്ങളില്‍ ഉഛോസ നിശ്വാസത്തിന് തടസ്സം നിന്ന മാംസപിണ്ഡത്തോട് മല്ലടിച്ച് റേഡിയേഷന്‍ ഏറ്റ് വാങ്ങുമ്പോള്‍ ഒരു സാത്വനമായി കൂടെയിരിക്കനാവാഞ്ഞതിന്.. ആ നെറ്റിയിലൊരിക്കലെങ്കിലും സ്നേഹത്തോടെ ചുംബിക്കാന്‍ കഴിയാത്തതിന്..ഉള്ളുരുകുന്ന വേദനക്കള്‍ക്കൊരാശ്വാസമായി മെലിഞ്ഞൊട്ടിയയാ കൈകാലുകളില്‍ തടവാനാവത്തതിന്..ഒരു നേരമെങ്കിലും ഒരു ഗ്ലാസ്സ് വെള്ളം വായിലേക്ക് നല്‍കാനാവത്തതിന്.. അങ്ങനെയങ്ങനെ സാധ്യമായിരുന്നെന്ന് ഇന്ന് തിരിച്ചറിഞ്ഞ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സ് പിടയുന്നു..
അവസാനം ഉപ്പ ഇനിയ്യൊരിക്കലും തിരിച്ചുവരാതെ യാത്രയായി എന്നറിഞ്ഞപ്പോഴും ഒരു നോക്കു കാണാനെത്താന്‍ കഴിയാതെ കമ്പനിയുടെ കിച്ചനിലിരുന്ന് ആരും കാണാതെ പൊട്ടികരയുകയായിരുന്നു.. ദൈവം ഇത്രയേറെ എന്നെ പരീക്ഷിക്കുന്നതെന്തിനെന്നോര്‍ത്ത് ഏങ്ങലടിക്കുകയായിരുന്നു.. അവയൊക്കെയീ ഡയറീയില്‍ കുറീച്ചിടുമ്പോഴും ശാന്തമാവുന്നില്ല. കണ്ണിലെ ഉറവ നിലക്കുന്നില്ല.
* * * * *
ഇന്നലെ ഒരു യാത്രയയപ്പ് ചടങ്ങിലിക്കുമ്പോള്‍ പ്രാസംഗികന്‍ ഇങ്ങനെ പറഞ്ഞു..
“മനസ്സറിഞ്ഞ് ആത്മര്‍ഥമായി സ്നേഹിക്കണം നാം,, ആ സ്നേഹം പ്രകടിപ്പിക്കണം നാം, ഒരിക്കലെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് തുറന്ന് പറയണം..... .........
വാക്കുകള്‍ ശരം കണക്കെ ഉള്ളില്‍ തറക്കുമ്പോള്‍ ഉപ്പ മനസ്സിലോടിയെത്തി..
പ്രിയപ്പെട്ട ഉപ്പാ.. താങ്കള്‍ക്കും അങ്ങനെയാവാമായിരുന്നില്ലെ, കൂടെനടന്നപ്പോഴെപ്പോഴെങ്കിലും എന്റെ ചുമലില്‍ലാകൈവെക്കാമായിരുന്നില്ലേ....കെട്ടിപ്പിടിച്ചൊരു ഉമ്മ തരാമായിരുന്നില്ലേ...
ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ....
“എന്റെ കുട്ടനെ എനിക്കൊരുപാടിഷ്ടമാണെന്ന്
ചോദ്യങ്ങള്‍ സ്വന്തത്തോടൂം ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രാര്‍ഥനയല്ലാതെ വേറെന്തു വഴി???!!!

Sunday, September 6, 2009

ഇവരെയൊക്കെ മറക്കാതിരിക്കുക..

ബാല്യത്തിന്റെ ഓര്‍മ്മകളില്‍ ഒരു കാളവണ്ടിയുണ്ട്, നാട്ടിലെ പള്ളിയുടെ വടക്ക് ഭാഗത്തായി വണ്ണംകൂടിയ ഒരു പ്ലാവിന്‍ച്ചോട്ടില്‍ തുരുമ്പെടുത്ത് തുടങ്ങിയത്. വിശുദ്ധമായ ദൈവീകഭവനത്തിന് കാവലായി രണ്ട് വയസ്സന്‍ കൂട്ട്. പണ്ടൊക്കെ അതിനു മുകളില്‍ കയറിയിരുന്ന് പ്ലാവില്‍ ഏന്തിവലിഞ്ഞു ചക്ക വീഴ്ത്തി തിന്നുമായിരുന്നു. ഒന്ന് രണ്ട് കാരണവന്മാരൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചാലും എത്ര ശാസിച്ചലും അവരുടെ കണ്‍ വെട്ടം അകന്നാല്‍ ഞങ്ങളവിടെതന്നെ എത്തി സൊറ പറഞ്ഞിരിക്കും. അന്നതൊന്നും വല്യൊരു കാര്യമായി തോന്നിയില്ലെങ്കിലും ഇന്ന് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ‘മിസ്സിങ്’.
നാട്ടിലെ പാലം ഉല്‍ഘാടനത്തിനുള്ള ഘോഷയാത്രയില്‍ ‘പഴമയുടെ മുഖം’ അവതരിപ്പിക്കാനായി നാട്ടിലെ യുവാക്കളില്‍ ചിലര്‍ ആ കാളവണ്ടി കൊണ്ടുപോയി. കാലങ്ങളായി പല വഴികള്‍ താണ്ടി ദുര്‍ബലമായ അതിന്റെ മരപ്പലകകള്‍ക്ക് ഇവരുടെ ചാട്ടവും കൂത്തും താങ്ങാനായിട്ടുണ്ടാവില്ല. അങ്ങനെ പാതിയാത്രയില്‍ അതിന്റെ അന്ത്യവും സംഭവിച്ചു. അതോടെ ആ മനോഹരമായ കാഴ്ചയും ഒപ്പം പ്ലാവിന് തന്റെ കൂട്ടും നഷ്ടമായി. പിന്നീടും കുറെകാലം ആ പ്ലാവ് പലര്‍ക്കും തണലേകി. കഞ്ചാവടിച്ച്, കുറെ കീറിയ കുപായമൊക്കെ തോളിലിട്ട് ഒരു ഭ്രാന്തന്‍ കുറെ കാലം ആ തണലില്‍ ദിവസവും ഉണ്ടായിരുന്നു, ‘കല്ലേറമ്മായി‘ എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന ഒരു വൃദ്ധയും,.... പിന്നെ മനം നൊന്ത് ഇലയും കൊമ്പും ഒന്നൊന്നായി മണ്ണിന് നല്‍കി അവസാനം ആരുടെയോ മഴുകൊണ്ട് അതും എരിഞ്ഞടങ്ങി.
കാലം നടന്നപ്പോള്‍ കൂടെ പഴയ കാരണവന്മാരില്‍ പലരും ഒന്നൊന്നയി മറഞ്ഞുപോയി. ഇനി വെറും എണ്ണപ്പെട്ടവര്‍മാത്രമാണ് ബാ‍ക്കി. വേച്ച് വേച്ച് വടിയും കുത്തിപിടിച്ച് നടക്കുന്നവര്‍, മക്കളുടെ ഒഴിവനുസരിച്ച് തോളില്‍ തൂങ്ങി ബസ് സ്റ്റോപ്പിലും പള്ളിയിലുമൊക്കെ വന്നിരിക്കുന്നവര്‍. വാട്ടര്‍ ബഡ്ഡില്‍ തിരിഞ്ഞുമറിഞ്ഞും കിടക്കാന്‍ പരസഹായം തേടി, കൂടെ സംസാരിച്ചിരിക്കാന്‍ ആരെങ്കിലുമൊക്കെ വന്നെങ്കില്‍ എന്ന് ആശിച്ചുകിടക്കുന്നവര്‍....
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോള്‍, പണ്ട് തെങ്ങിന്‍ തോപ്പില്‍ പന്ത് കളിച്ചതിന് വടിയെടുത്ത് പിന്നലെ കൂടീയിരുന്ന നാട്ടിലെ ഏറ്റവും മൂത്ത കാരണവരെ കാണാ‍ന്‍ ഭാര്യയേയും കൂട്ടി ഞാന്‍ ചെന്നു. പ്രായം ദുര്‍ബലമാക്കിയ ശരീരവും, കുഴിയിലാണ്ട കണ്ണുകളും, വെളുത്ത തോര്‍ത്ത് ചുറ്റിയ, നരമൂത്ത് പാതി മുടികൊഴിഞ്ഞ തലയുമായി അദ്ദേഹം ഉറങ്ങുന്നു. വീട്ടുകാരുമായി വിശേഷം പറഞ്ഞിരിക്കുന്നതിനിടെ ഉണര്‍ന്ന അദ്ദേഹം എന്നെ തിരക്കി. തലയുടെ ഭാഗത്തായി കട്ടിലിനോട് ചേര്‍ത്തിട്ടിരിക്കുന്ന സ്റ്റൂളില്‍ ഇരുന്നപ്പോള്‍ ആ വിറയാര്‍ന്ന കൈകള്‍ എന്നിലേക്ക് നീളാന്‍ ശ്രമിച്ചു. അവ ചേര്‍ത്ത് പിടിച്ച്, മുറിഞ്ഞ് മുറിഞ്ഞ് വരുന്ന വാക്കുകള്‍ക്ക് മറുപടി നല്‍കുമ്പോള്‍, ഇനിയും മങ്ങിയിട്ടില്ലാത്ത അയാളുടെ, നാടീന്റെ, നാട്ടുകാരുടെ ഓര്‍മ്മകള്‍ എന്നെ അതിശയിപ്പിച്ചു. പിന്നീട് മെല്ലെ എണീറ്റ് എന്റെ തോളില്‍ പിടിച്ച് ഇടതു കയ്യില്‍ ഒരു ഊന്നുവടിയുമായി വരാന്തയിലേക്കു നടന്നപ്പോള്‍ എന്റെ മനസ്സില്‍ ആ വാത്സല്യത്തിന്റെ കുളിര്‍മഴ പെയ്യുകയായിരുന്നു. പിരിയാന്‍ നേരത്ത് എനിക്കായി ദുആ ചെയ്യണം എന്ന് ആ വയോധികന്‍ പതിഞ്ഞ സ്വരത്തില്‍ പറയുമ്പോള്‍‍ ഇനിയും ഇദ്ദേഹത്തെ കാണാന്‍ കഴിയണെ എന്ന്കൂടി മനസ്സ് പ്രാര്‍ത്ഥിച്ചു.
ഈയിടെ നാട്ടില്‍ മറ്റൊരു സംഭവമുണ്ടായി. ജീവിതയാത്രയില്‍ നാടും വീടുമുപേക്ഷിച്ച്, എനിക്കും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസിയാവേണ്ടി വന്ന ‘നാടിന്റെ അമരക്കാരന്‍’ എന്ന് എല്ലാവരാലും വിശേഷിക്കപ്പെട്ടയാള്‍, അവധിക്ക് നാട്ടിലെത്തി, യുവാക്കളില്‍ ചിലരെയൊക്കെ കൂട്ടി ഒരു ട്രക്കിങ് ക്യാമ്പ് നടത്തി. നഷ്ടമായിക്കൊണ്ടിരിക്കുന്ന പഴയ പ്രതാപം തിരിച്ച് വരുന്നുവെന്ന് കൂട്ടുകാരില്‍ ചിലര്‍ ഫോണിലൂടെ പറഞ്ഞപ്പോള്‍ ഇവിടെയിരുന്ന് ഞാനുമൊരുപാട് സന്തോഷിച്ചു. അദ്ദേഹത്തിന്റെ നേത്ര്`ത്വം എന്നും ഉണ്ടായെങ്കിലെന്ന് അവരും, ഒരു പിത്ര്`സ്ഥാനീയനായി ഇവിടെയുണ്ടായെങ്കിലെന്ന് ഞാനും വളരെ ആഗ്രഹിക്കാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നാടിന്റെ ചരിത്രം കേള്‍‍ക്കുന്നത് നല്ല രസമാണ്. ഒരിക്കല്‍ നാട്ടിലൊരു പരിപാടിയില്‍ നാട്ടിലെ മണ്മറഞ്ഞ തലമുറയെ കുറിച്ച് സംസാരിച്ച് അദ്ദേഹം കരഞ്ഞത് ഒരിക്കലും മറക്കാനാവുന്നില്ല. എന്റെ ഈ ഏകാന്തതയിലും താങ്ങും തണലുമായി അദ്ദേഹം തന്നെയാണ് കൂട്ട്. തന്നെയുമല്ല നാടീന്റെ മത- സാംസ്കാരിക ചലനങ്ങള്‍ക്ക് ശാസ്ത്രീയത നല്‍കിയതും ആ ബുദ്ധിതന്നെയെന്നു ഓര്‍ക്കാതെ വയ്യ.
നടന്ന സംഭവം ഇതാ ഇങ്ങനെയാണ്. പലിശ, ലോട്ടറി തുടങ്ങി സമൂഹത്തില്‍ നുഴഞ്ഞ് കയറീകൊണ്ടിരിക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ യുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഒരു പൊതു വേദിയില്‍ അദ്ദേഹം പറഞ്ഞപ്പോള്‍, അല്പന്മാരായ നാടിന്റെ ‘മത- സാംസ്കാരിക നായകന്മാര്‍‘ ക്ക് അത് സ്വന്തം കഴിവു കേടുകള്‍ക്കെതിരെയുള്ള ശരമായി. ഒരേ ആശയാദര്‍ശങ്ങളില്‍ ജീവിച്ച് വളര്‍ന്നവര്‍ തെറ്റിദ്ധാരണകള്‍ കൊണ്ട് രണ്ടറ്റത്തായതും അവരുടെ ശുഷ്കമായ മനസ്സില്‍ വൈര്യത്തിന്റെ വിത്ത് വിതച്ചിരിക്കണം. അവരതിന് മറുപടിയെന്നോണം, സ്വന്തം സ്റ്റേജില്‍ വെച്ച് അദ്ദേഹത്തെ വിമര്‍ശീച്ചുവത്രെ, ടുറടിച്ച് നടന്ന് യുവാക്കളെ വഴിതെറ്റിക്കാനൊരു നേതാവെന്ന് ഒരുളുപ്പുമില്ലാതെ അവര്‍ പറഞ്ഞു. കേട്ടപ്പോള്‍ സങ്കടമോ ദേഷ്യമോ എന്തായിരുന്നു മാനസ്സികാവസ്ഥ എന്നറിയില്ല. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ ഒരു ചിരി മാത്രം ഉത്തരം നല്‍കി. നിഷ്കളങ്കമായ, കാപട്യം തൊട്ടുതീണ്ടിയിട്ടില്ലത്ത ഒരു ചിരി.
അതെ, കാരണാവന്മാര്‍ അങ്ങനെയാണ്. മുടിയില്‍ തലോടുന്ന അഛനായി, കഥകള്‍ പറഞ്ഞ് തരുന്ന വല്ല്യഛനായി, കൂടെ നടക്കുന്ന കൂട്ടുകാരനായി, ശാസിച്ച് നേരെ നടത്തുന്ന അധ്യാപകരായി, നാടിന്റെ പുരോഗതി കൌതുകത്തോടെ നോക്കിക്കാണുന്ന കൊച്ചു കുട്ടിയായി..
പട്ടിണി അന്യമാക്കിയതൊക്കെയും തങ്ങളുടെ മക്കളനുഭവിക്കട്ടെയെന്ന് മൌനമായി ആഗ്രഹിക്കുന്നവര്‍, പ്രാര്‍ഥിക്കുന്നവര്‍.പകരം അവര്‍ക്ക് നല്‍കുന്നതോ നാട്ടിലെ പിന്തിരിപ്പന്മാരെന്ന ഓമനപ്പേരും അവഗണനയുടെ ഏകാന്തതയും. തുരുമ്പെടുത്ത കാളവണ്ടിയെ പോലെ, തണല്‍ നല്‍കിയ പ്ലാവിനെ പോലെ ഞാനും ഒരുനാള്‍ മണ്ണടിയുമെന്ന് നമ്മള്‍ മനപ്പൂര്‍വ്വം മറക്കുകയല്ലെ.......??????

Tuesday, August 18, 2009

വിശപ്പറീയാതെ ആഘോഷിക്കാന്‍...!!!

ഇക്കൊല്ലം ഓണവും നോമ്പും ഒരുമിച്ചാണ്. ആഘോഷത്തിന്റെ നിറച്ചാര്‍ത്തുകള്‍ എല്ലായിടത്തും തുടികൊട്ടി തുടങ്ങിയിരിക്കുന്നു. എക്കൊല്ലത്തെയും പോലെ ചാനലുകള്‍ ആഘോഷത്തിന് പൊലിമ നല്‍കുന്നുണ്ട്. ഏകാന്തതയുടെ വീര്‍പ്പുമുട്ടലില്‍, എന്ത് പെരുന്നാള്‍ എന്ന് മനസ്സ് ശപിക്കുമ്പോഴും, ബാല്യത്തിന്റെ ഒരിക്കലും നിറം മങ്ങാത്ത ഓര്‍മ്മകളിലേക്ക് വഴുതി വീണാതെപ്പോഴാണെന്നറിഞ്ഞില്ല.

പാറപ്പുറത്ത് അങ്ങിങ്ങായി കെട്ടികിടക്കുന്ന മണ്ണില്‍ മുളച്ച തുമ്പചെടികളില്‍ കൊച്ചരയന്നങ്ങള്‍ പോലെ പൂനിറഞ്ഞിരിക്കുന്നു. കടുകുപയര്‍ പോലെ എന്തോ കായ ഉണ്ടാവുന്ന, പേരറിയാത്ത ചെടികളില്‍ മഞ്ഞപൂവിരിഞ്ഞിട്ടുണ്ട്. കിലുക്കാപെട്ടി ചെടിയില്‍ കോമ്പലയായി കിടക്കുന്ന പൂവുണ്ട്. ബിജുവിന്റെ വീടിനു പിന്നില്‍ വേലിക്കെട്ടിലുള്ള ചെമ്പരത്തിപൂക്കളില്‍ കുരുവികള്‍ തേന്‍ കുടിക്കാനെത്തിയിരിക്കുന്നു. നൂലില്ലാത്ത പട്ടം പോലെ തുമ്പികള്‍ വട്ടമിട്ട്പറക്കുന്നു.

പാറയിലെ സന്ധ്യാകൂട്ടിന് ഇന്നു ഞാനും ഷാഹുലും മാത്രമെ എത്തിയിട്ടുള്ളൂ. കുറച്ച് കഴിഞ്ഞാല്‍ റഷിദും സബീറും വരും. തെക്ക് ഭാഗത്ത് മുറിഞ്ഞ് ചെങ്കുത്തായി നില്‍ക്കുന്ന പാറയുടെ മുകളിലെത്താന്‍ ശഫീക്ക് സാഹസം കാണിക്കുന്നുണ്ട്. അവന്‍ എന്നും ആ വഴിയാണ് ഞങ്ങളുടെയടുത്തെത്തുന്നത്.
ജയനും സുദീഷും തേക്കില കുമ്പിള്‍ കുത്തി പൂശേഖരിക്കുന്നു. മനോജ് രണ്ട് ദിവസം മുമ്പ് തന്നെ സദ്യക്ക് ക്ഷണിച്ചിട്ടുണ്ട്.
സ്കൂളിലെ പരാതിയും കൊച്ചുവര്‍ത്തമാനങ്ങളും പറയുന്നതിനിടക്കാണ് റാഷിദ് വന്നത്.
“സ്പാര്‍ക്ക് ക്ലബ്ബിന്റെ ഗാനമേളയുണ്ട്, ഉസ്ക്കൂള്‍ ഗ്രൌണ്ടില്‍.”
“അതേ..?!! എത്ര്യാ ടിക്കററ്റ്” എനിക്കും സബീറീനും ഗാനമേള ഒരു ഹരമായിരുന്നു.
“ഇരുപത്തഞ്ച് ഉറുപ്യാ.... ഗ്യാലറി”.
പിന്നെ ആരും ഒന്നും അധികം ചോദിച്ചില്ല. കാശില്ലാതെ പിന്നെ മിണ്ടിയിട്ട് കാര്യല്ലല്ലോ.. ഫുട്ബാള്‍ ആണെങ്കില്‍ “പട്ടാളം അലവികാക്ക” സെക്യൂരിറ്റിയായിരിക്കും, ഇടക്കൊക്കെ മൂപ്പര് തള്ളി വിടും.. പക്ഷെ ഇതിപ്പൊ ...
ആരുടെയും ഉപ്പ പൈസ തരില്ല, ഷാഹുലിന് മാത്രമാണ് ചാന്‍സ് ഉള്ളത്, പക്ഷെ അവനെ രാത്രി പോവാനും സമ്മതിക്കില്ല.
“സ്കൂളിനടുത്തുള്ള ചീനിയില്‍ കയറിയലോ?? ശഫീക്കിന്റെ ഐഡിയയാണ്.
“ഐസ് കച്ചോടക്കരനെ സോപ്പിട്ട് കൂടെ കൂടിയാ മതി.” സബീറിന്റെ ആശയം കൊള്ളാം എന്ന് എനിക്ക് തോന്നി. അങ്ങനെ കാടു കയറീയ ചര്‍ച്ചകള്‍, തലക്കു മുകളിലൂടെ പറന്ന തുമ്പിക്കു നേരെ വെറുതെയൊന്ന് കൈ വീശിയപ്പോള്‍ ഒരെണ്ണം പിടഞ്ഞ് താഴെവീണ് പിടഞ്ഞു.പിന്നെ തുമ്പിയെ പിടിക്കലായി എല്ലാവര്‍ക്കും, ശഫീ‍ക്കിന് കിട്ടിയ ഒരെണ്ണത്തെ വാലില്‍ നൂല്‍ കെട്ടി വിട്ടു.
പാറയുടെ അങ്ങേ മൂലയില്‍ വനിതാസംവരണമാണ്. നാട്ടിലെ മുഴുവന്‍ കുറ്റവും കുറവും അവിടെ ചെന്നാലറിയാം.
“നേരം മൊന്ത്യായി.. ബന്ന് കജ്ജും കാലും കെഗ്ഗി ഓതാന്‍ നോക്കി..
റാഷിദിന്റെ ഉമ്മ വിളിച്ചു പറയുമ്പോഴാണ് ഇരുട്ടിയതോര്‍ത്തത്. പിന്നെ എന്നത്തെയും പോലെ കൊക്കുകള്‍ക്ക് കണക്കു വെച്ചു, തൊക്കോട്ട് കൂടണയുന്ന കൊക്കുകള്‍ 25 എണ്ണം ആയാല്‍ എല്ലാവരും പിരിയും, അല്ലെങ്കില്‍ കിഴക്കോട്ട് പാറുന്ന കാക്കകള്‍ 50 തികയണം. സൂര്യന്‍ ചുവന്ന്‍ തെങ്ങോലകള്‍ക്കിടയിലൂടെ കൈ വീശി മറയുകയാണ്.
“ ഈ ഓലക്കോട്യൊക്കെ അങ്ങട്ട് കോണ്ടോയ്ക്കാ...” പാറയില്‍ ഉണക്കാനിട്ട ചകിരിയും ഓലയും കെട്ടുന്നതിനിടയില്‍ ഉമ്മ വിളിച്ചു.
പിറ്റേന്നു സ്കൂളിലേക്ക് നടക്കുമ്പോള്‍ ഗാനമേളയായിരുന്നു ചര്‍ച്ച.
“നമ്മക്ക് പൊയി നോക്കാം, കുട്ട്യാളൊക്കെ ചെലപ്പൊ ഫ്രീയായിട്ട് കയറ്റും.” അങ്ങനെ ആശ്വസിച്ചു. ഉച്ചകഞ്ഞിക്ക് വരി നില്‍ക്കുമ്പോള്‍ ഹൈസ്കൂള്‍ കുട്ടികളെയൊക്കെ ഉണ്ണിമാഷ് തിരഞ്ഞ്പിടിച്ച് പിന്നിലാക്കി. ഞാന്‍ വലിയ കുട്ടിയായെന്നു മനസ്സ് പറയുന്നു, എന്റെ കാര്യത്തില്‍ പലപ്പോഴും മാഷ് കണ്ണടക്കും. ഇത്രയും കാലം സ്കൂളിന്നു ഭക്ഷണം കഴിക്കുന്നത്കോണ്ട് മാഷ് ഒന്നും പറഞ്ഞിട്ടില്ല, സ്കൂളിലെ ചോറിന് നല്ല സ്വാദാണ്, വീട്ടിലെ സ്ഥിതി ആ രസം കൂട്ടിയിട്ടെ ഉള്ളൂ. വരിയില്‍ ഞാന്‍ വല്ല്യ കുട്ടിയാണ്, അപ്പൊ ഇനി ഗാനമേള്..??
ഗ്രൌണ്ടില്‍ ഉയര്‍ന്ന് വരുന്ന ഗാലറിയും ചുറ്റു മതിലും ഞങ്ങളുടെ പ്രതീക്ഷ ദിനം പ്രതി തല്ലിക്കെടുത്തികൊണ്ടിരുന്നു, പുതിയ ഐഡ്യകള്‍ തിരഞ്ഞ് ഞങ്ങളുടെ സായഹ്നവും നടത്തവും സജീവമായി. കുറ്റിപൊളിക്കാനാണ് റാ‍ഷിദിന്റെ പ്ലാന്‍.. ഉമ്മ കണ്ടാല്‍ പിന്നെ സംഭവിക്കുന്നതോര്‍ത്ത് പേടിയുമുണ്ട്.
തിരുവോണ ദിവസം മനോജിന്റെ വീട്ടില്‍ പോയി സദ്യ ഊണ്ടു. ഗംഭീരമായിരുന്നു, വാഴയിലയില്‍ ഒരുപാട് കൂട്ടൊക്കെ കൂട്ടി സാമ്പാറും ചോറും, അട പ്രഥമനാണ് കലക്കിയത്, ഇത്ര രുചിയുള്ളാ പായസം ഇതിനു മുമ്പൊന്നും കഴിച്ചിട്ടില്ല. പിന്നെ സുധീഷിന്റെ വീട്ടില്‍, അവിടെ എല്ലാവരും ഉണ്ട്, എല്ലാവരും പുത്തനുടുപിലാണ്. ഇനി പുതിയ കുപ്പായം കിട്ടണമെങ്കില്‍ പെരുന്നാളാവണം,, മനസ്സ് വെറുതെ വേദനിച്ചു, എല്ലാമുറ്റത്തും പൂക്കളം ഉണ്ട്. ഷിബുവിന്റെ വീട്ടിലേതാണ് നല്ല ഭംഗിയുള്ളത്. ബിജുവിന്റെ വീട്ടിലും നല്ലഭഗിയോടെ പൂക്കളമൊരൊക്കിയിട്ടുണ്ട്. ഒപ്പം 'തിരുവോണം' എന്ന് പൂക്കള്‍ കൊണ്ട് എഴുതിയിരിക്കുന്നു, അതിനൊരു വല്ലാത്ത ആഘര്‍ഷണം തോന്നി.
വൈകുന്നേരം റാശിദിന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടീ.
“എപ്പഴാ പോവുന്നത്,, “
“മഗ്`രിബ് നു പള്ളിക്ക് പോണം. അവിട്ന്നു നേരെ പോകാം..എന്തെങ്കിലും തിന്ന് പോര്..
“പുളീം , നെല്ലിക്കീം ഒക്കെ എട്ക്കണം ട്ടൊ..” തല്‍ക്കലത്തേക്ക് എല്ലവരും പിരിഞ്ഞു,
“ഇച്ച് എന്തേലും തിന്നാ‍ന്‍ തരീ.. ഞാം ഗാനമേളക്ക് പോവാ,..”
“ഈ അന്തിപ്പാതിരക്കോ..” ഉമ്മ വല്ലാതെ പ്രശ്നം ഉണ്ടാക്കാറില്ല,, കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി, രാവിലത്തെ കപ്പ നുറുക്കി മുള്‍കും കടുകുമിട്ട തൂമിച്ചത് ഉണ്ട്. വയറു നിറയെ തിന്ന്, സലാം പറഞ്ഞ് പുറത്തിറങ്ങി, വീടിന്റെ പിറക് വശത്തെ പേരക്ക മരത്തില്‍ നിന്നും പാതിഇരുട്ടത്ത് കാണാ‍വുന്ന പേരക്കയെല്ലാം പറിച്ച് കീശയിലിട്ടു. ഞാനെത്തുമ്പോഴേക്കും എല്ലാവരും എത്തിയിരുന്നു,
എന്തെങ്കിലും അഘോഷങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെ ചെയ്യാറാണ് പതിവ്. എന്നാ പിന്നെ കാണുന്നതെല്ലം വാങ്ങിതിന്നാന്‍ തോന്നില്ല, മറ്റുള്ളവര്‍ വാങ്ങുന്നത് കണ്ട് പല്ലും ചൊറീഞ്ഞ് നില്‍ക്കുകയും വേണ്ട,, വയറു നിറഞ്ഞാല്‍ പിന്നെ വിശക്കില്ലല്ലൊ.. !
സ്കൂളിനടുത്തെത്തുമ്പോള്‍ എങ്ങും വെളിച്ചമായി, റോടീന് ഇരുവശമായി ട്യൂബുകള്‍ വരിയായി കെട്ടിയിരിക്കുന്നു. ഗേറ്റിന്‍ മുകളില്‍ അലങ്കാരദീപങ്ങള്‍ മിന്നുന്നു,, ഏതോ ലോകത്തെത്തിയ പ്രതീതി. ആള്‍ക്കൂട്ടത്തിനിടക്ക് ഒരൊഴുക്കിലെന്ന പോലെ ഞങ്ങളും നീങ്ങുന്നു. ഐസ്ക്രീം, ജിലേബി, തുടങ്ങി ഒരുപാട് കച്ചോടങ്ങള്‍.. കപ്പലണ്ടിക്കരന്റെ ചട്ടുകത്തിന്റെ സംഗീതം പ്രത്യേക താളത്തില്‍ അവിടമിവിടമായി മുഴങ്ങുന്നു. കമ്പം ചുട്ടത് മണക്കുന്നു, ഓറഞ്ച് കുറുകെ മുറീച്ച് ഉപ്പും മുളകും തേച്ച് വെച്ചിരിക്കുന്നു, ‘തെരണ്ടിക്കുടി’ (ഐസ് ചെരകിയത്) ഗ്ലാസ്സിലാകി വെച്ചിരിക്കുന്നത് കാണാ‍ന്‍ നല്ല ഭംഗിയുണ്ട്. വയറ്റിലെ കപ്പ ദഹിക്കാന്‍ തുടങ്ങിയിരിക്കുന്നു,, അഞ്ച് പൈസ പോലും കയ്യിലില്ല,
ഗ്രൌണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തെ മതിലില്‍ ആരുമില്ല, അവിടെ ഒരു കൂട്ടമായി ഞങ്ങളിരുന്നു, ഗാനമേള തുടങ്ങിയിരിക്കുന്നു, പുറത്തെ പുരുഷാരം കുറഞ്ഞ് വന്നു, ഞങ്ങളെപോലുള്ള പിള്ളാരു മാത്രമായി ബാക്കി, ഞങ്ങള്‍ എണീറ്റ് ചുറ്റും നടന്ന് നോക്കി, ഉള്ളില്‍ കയറാന്‍ ഒരു ചാന്‍സും ഇല്ല, ഇതുവരെ കണ്ടിട്ടില്ലാത്ത സെക്യൂരിറ്റി ഗാര്‍ഡുകള്‍.. നിരാശരായി വീണ്ടും അവിടെ വന്നിരുനു,
“അതാ ആ പള്ളിന്റെ മോളില് കയറീയാ ശരിക്കും കാണാ‍..” ശഫീക്കിന്റെ കണ്ണില്‍ ദൈവം അവസാനത്തെ വഴി കാണിച്ചു കൊടുത്തു, പിന്നെ ആരും ഒന്നും ചര്‍ച്ചക്കെടുത്തില്ല, കൂട്ടത്തോടെ അവിടെക്കോടി,, ഓരോരുത്തരായി കൊണ്ടു വന്ന സാധനങ്ങള്‍ പങ്കുവെച്ചു, അച്ചാറിട്ട നെല്ലിക്ക, കണ്ണിമാങ്ങ, തേങ്ങപൂള്, പാതി പഴുത്ത കൈത ചക്ക, പുളി, പേരക്ക, .... അങ്ങനെ ഒരുപാട് ഐറ്റംസ്..
ഞങ്ങള്‍ തിന്നന്‍ തുടങ്ങുമ്പോള്‍ അടുത്ത ഗാനത്തിനായി ബൈജു ആന്റണി എത്തിയിരുന്നു, ഹരംകൂടിയപ്പോള്‍ താളം പിടിച്ച് തുടങ്ങി.
“നാളെ നീ കറിവെക്കണ്ട, ദോഹ സിനിമയില്‍ അഫ്സല്‍ വരുന്നു, ഗാനമേള.. തണുത്ത പെപ്സി മടിയിലേക്കെറിഞ്ഞ് ജംഷാദ് പറയുമ്പോഴാണ് ചിന്തയില്‍ നിന്നുണര്‍ന്നത്..” പെപ്സിയും എക്സ്ല് ചിപ്സും തിന്നുമ്പോള്‍ പുറത്തുള്ളാ നിഷാദിനോട് 50 റിയാലിന്റെ ടിക്കറ്റ് അഞ്ചെണ്ണമെടുക്കാന്‍ ജംഷാദ് തന്നെ ഓര്‍ഡര്‍ ചെയ്തു.
ബാല്യത്തിന്റെ നനവൂറുന്ന ഓര്‍മ്മകള്‍ക്ക് മീതെ പ്രവാസത്തിന്റെ സൌഹ്ര്`ദത്തണല്‍ വിരിഞ്ഞെങ്കിലും ആ പഴയകൂട്ടുകാര്‍ ഇപ്പൊ എന്തു ചെയ്യുന്നുണ്ടാവുമെന്നോര്‍ത്ത് വെറുതെ മനസ്സ് പിടഞ്ഞു, ഒപ്പം കൂടീ തിന്ന പുളിയുടെ, മാങ്ങയുടെ, പുളി നാവില്‍ നിന്നകലാത്ത പോലെ, ഒരു നിമിഷം കൈ അറിയാതെ മിഴി തുടച്ചു.

Sunday, April 5, 2009

ഇക്ക എന്റെ കൂട്ടുകാരന്‍.

അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയില്‍ നിന്നും സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഇടിയും മിന്നലും അല്പം ഭയപ്പെടുത്തുമ്പോള്‍ ഓര്‍മ്മയില്‍ രണ്ട് വര്‍ഷം മുമ്പുള്ള ഇതേ മൈതാനമായിരുന്നു. ഒരുപാട് പന്തുകളുണ്ടാവും. ക്രിക്കറ്റും ഫുട്ബാളുമായി കുറെ കൂട്ടങ്ങളും, പരക്കം പായുന്ന കുട്ടികള്‍ക്കിടയില്‍ നിന്നും സ്വന്തം ടീമംഗങ്ങളെയും, പന്തും കണ്ടെത്തുന്നത് വളരെ പാടായിരുന്നു. ഗോള്‍ പോസ്റ്റിനടുത്ത് ചുരുങ്ങിയത് പത്ത് ഗോള്‍ കീപ്പര്‍മാരെങ്കിലും കാണും. നാല് പോസ്റ്റുള്ളത് നാല്‍ ക്രിക്കറ്റ് സ്റ്റമ്പുകളും, പോരാഞ്ഞിട്ട് അവിടെയുമിവിടെയുമായി മടലിന്റെ മൊരടുമായി കുറെ പേര്‍..
സ്കൂള്‍ കടന്നാല്‍ മൂന്നാമത്തെ വീടാണ് ഷാഹിദിന്റെത്. ഇന്റര്‍ വെല്ലിന് ഉപ്പും മുളകൂം കൂട്ടി മാങ്ങ തിന്നാന്‍ അവിടെ പോവും, പച്ച പുളിയും ഒരുപാടുണ്ടായിരുന്നു. നാവ് തൊലി പോവുന്നതാണ് കണക്ക്, അതു കഴിഞ്ഞ് കുറെകാലത്തേക്ക് എല്ലാറ്റിനും അവധി.
കോളേജ് ജീവിതത്തിന്‍ പക്ഷെ മറ്റെന്തൊക്കെയോ സുഖമുള്ളപോലെ. ഞങ്ങള്‍ അവസാന പ്രീ ഡിഗ്രി ബാചായത് കൊണ്ട് ഇനി അടുത്ത വര്‍ഷവും ജൂനിയര്‍ ഞങ്ങള്‍ തന്നെ..
മഴ തോര്‍ന്നപ്പോള്‍ ഇറങ്ങി നടന്നു..ഷാഹിദിന്റെ ഉപ്പ സിറ്റൌട്ടിലിരിക്കുന്നു, കാലുകള്‍ പെട്ടെന്ന് പതുക്കെയായി,
“ഇതാര് റിയസോ.. ഷാഹിദ് ഇവിടില്ലല്ലൊ.. എന്തെ ഇപ്പൊ പ്രത്യേകിച്ച്??
ഞാനൊന്നു ചിരിച്ചു, പേടിയും ബഹുമാനവും കാരണം ശബ്ദം പൊങ്ങിയില്ല..
“എന്‍ട്രന്‍സാണ് .. മറ്റെന്നാളെ. ഷാഹിദിന്റെ എന്‍ സി ആര്‍ ടി ബുക്കിന് വന്നതാ,, അവന് മെഡിക്കല്‍ എഴുത്ണ് ല്ലല്ലോ”..
“അത്പ്പോ.. അവനെവിടാണാവോ വെച്ചിട്ടുണ്ടാവ്വാ,, ആ വാ നമമക്ക് നോക്കാ”..ഞാന്‍ കൂടെ നടന്നു,
മുമ്പ് എസ് എസ് എല്‍ സിക്ക് നാട്ടില്‍ രണ്ടാം സ്ഥാനം കിട്ടിയതിന് അവാര്‍ഡ് നല്‍കാന്‍ ഇദ്ദേഹമായിരുന്നു വന്നിരുന്നത്, ഉപ്പയെ അടുത്തറിയുന്നത് കൊണ്ട് പ്രസംഗത്തില്‍ ഉപ്പയെ പ്രശംസിച്ചു, അതു കേട്ട് സദാസ്സിലിരുന്ന് ഉപ്പ കണ്ണ് നിറക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് എന്നെ അടുത്ത് വിളിച്ച് പറഞ്ഞു, “ ഞാനും കുറെ കഷ്ടപെട്ടാണ് ഇവിടെയെത്തിയത്, ഒരുപാട് ജോലി ചെയ്തിട്ടുണ്ട്,, അവസാനമാണ് കോളേജ് പ്രിന്‍സിപ്പലായത്”..
റാക്കില്‍ അലസമായി ചിതറിയിട്ട പുസ്തകങ്ങള്‍ പരതുമ്പോള്‍ അദ്ദേഹം വിയര്‍ക്കുന്നുണ്ടായിരുന്നു,
ഞാന്‍ പരീക്ഷ എഴുതിയാലും ജയിച്ചാലും ഇദ്ദേഹത്തിന് ഒന്നും കിട്ടാനില്ല, എന്നിട്ടും എനിക്കായി ഇയാള്‍ വിയര്‍ക്കുന്നു.. എനിക്ക് ബഹുമാനം തോന്നി,
ചായ കുടിക്കുമ്പോള്‍ ഒരുപാടുപദേശിച്ചു. “ആരാ‍ കൂടെ വരുന്നത്? ഇറങ്ങി നടക്കുമ്പോള്‍ അദ്ദേഹം ചൊദിച്ചു.
“അത്... ഇക്ക ഹോസ്പിറ്റലീന്നു ഡിസ്ചാര്‍ജ്ജ് ആയാല്‍ കൂടെ പോരും.. അല്ലെങ്കി പിന്നെ” ..
ഉം... കൂടുതലൊന്നും ചോദിച്ചില്ല..
ചാലായി ഒഴുകുന്ന മഴവെള്ളത്തില്‍ കാലു വീശി നടന്നക്കുമ്പോള്‍ പുസതകം വെറുതെ മറിച്ചു നോക്കി.. പുതുമണ്ണ് മണക്കുന്നുണ്ടായിരുന്നു,, എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞയുടനെ തന്നെ ഇക്ക ട്യൂഷന് ചേര്‍ത്തിരുന്നു. പിന്നീട് മറ്റൊ രു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോച്ചിങ്ങിന്, പതിനായിരം രൂപയായിരുന്നു ഒരു വര്‍ഷത്തെ ഫീസ്. ഡൊക്ടറാവാന്‍ ഒരുങ്ങിപുറപ്പെട്ട അറുപതു അമൂല്‍ബേബിമാര്‍ക്കിടയില്‍ എനിക്ക് വീര്‍പ്പ് മുട്ടി..പ്രൊഫസര്‍മാരുടെയും ഡോക്റ്റര്‍മാരുടെയും മക്കളിരിക്കുമ്പൊ മീങ്കച്ചവടക്കാരന്റെ മകന് ഒരു ബി എ മാത്രമെ ആകാവൂ എന്ന് തോന്നി.. മാര്‍ക്കല്ല പണമാണ് ഡിഗ്രി തരുന്നതെന്ന് സ്വയം ബോധിപ്പിച്ചു.
രാവിലെ ഏഴ് മണിക്ക് ക്ലാസ്, മിക്കവാറും ദിവസം വീട്ടില്‍ പ്രാതലില്ല, ചിലപ്പൊ പഴഞ്ചോറ് ഉള്ളിയില്‍ വഴറ്റിയത്.. ഇല്ലെങ്കില്‍ റവ, കപ്പ,, അതിനൊക്കെ നേരം വൈകും, യൂസുഫലി സാറിന്റെ ഓര്‍ഗാനിക് കെമിസ്ട്രി പഠിക്കാന്‍ ബൂസ്റ്റും ഹോര്‍ലിക്സുമെല്ലാം വേണ്ടിവരും. ഉച്ചക്ക് ഞാനൊറ്റക്ക് ഒരു മൂലയിലിരുന്ന് തിന്നും, ചാറിന്റെ പുളിച്ച വാസന അവരേല്‍ക്കരുതല്ലൊ.. പിന്നെ പിന്നെ കൂട്ടുകാരൊക്കെയായി. ദിനകും ജോണും അങ്ങനെ എന്നെ മനസ്സിലാക്കിയ കുറച്ച് പേര്‍..
ഫീസ് നല്‍കേണ്ട സമയമാവുമ്പോഴൊക്കെ പേടിയാണ്.. ഇക്കയോട് ചോദിക്കാന്‍ മടി തോന്നി,, വീട്ടിലെ കാര്യങ്ങള്‍ നടത്തുന്നതിനിടക്ക് ഞാന്‍ കൂടി എന്തിന്.. ഒരിക്കല്‍ എവിടുന്നൊക്കെയോ കുറെ പത്തു രൂപ നോട്ടുകള്‍ സംഘടിപ്പിച്ചു തന്നു, അഞ്ഞൂറ് രൂപ.. അതു സാറിന് കൊടുത്തന്ന് ജോണിനെ വിളിച്ച് സാര്‍ സംസാരിക്കുന്നത് കണ്ടു. അവന്‍ പറഞ്ഞിട്ടാവണം പിന്നീട് ഫീസിന് എന്നെ സാറ് നിര്‍ബന്ധിച്ചിട്ടില്ല..
രണ്ടുവര്‍ഷം പോയതറിഞ്ഞിരുന്നില്ല, പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്‍ട്രന്‍സിന് എല്ലാവര്‍ക്കുമൊപ്പം ഞാനും അപേക്ഷ അയച്ചു,
ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ ഇക്ക കട്ടിലില്‍ ഇരി‍ക്കുന്നു അടുത്തായി ഉമ്മയും.
“സുഖണ്ടോ.. ഇന്നു ഡിസ്ചാര്‍ജ്ജ് ആവ്വോ” ??
“ഉം .. ഡോക്ടര്‍ വരട്ടെ,, ഇല്ലെങ്കി ആരെങ്കിലും കൂടെ പോന്നോളും,” ഇക്ക നിരുത്സാഹപ്പെടുത്തുന്നില്ല, എന്നില്‍ ഇക്കക്ക് വലിയ പ്രതീക്ഷകളാണ്.. തിരികെ മടങ്ങുമ്പോള്‍ എന്‍ട്രന്‍സ് എനിക്ക് പറഞ്ഞതല്ലെന്ന് ഓര്‍ത്ത് സമാധാനിച്ചു,
രാത്രി ഷാഹിദിന്റെ പുസ്തകം കൂടി റഫര്‍ ചെയ്തു, വെറുതെയെന്ന് തോന്നിയെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.. മറ്റെന്നാള്‍ തിരുവനന്തപുരത്തെത്തണമെങില്‍ നാളെ യെങ്കിലും ഇവിടുന്നു പോവണം. കൂട്ടുകാരില്‍ പലരും അവിടേയെത്തി, പലരും ഇന്നു പുറപ്പെടും,, ട്രെയിനില്‍ ബുക്കിങ് ഇല്ലെന്ന് കേട്ടു,, ഇനി ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ പോവേണ്ടി വരും, സുഖമായിട്ടില്ലാത്ത ഇക്കയേം കൂട്ടി അതു നടക്കും എന്നു തോന്നുന്നില്ല. ചിന്തകള്‍ ബയോളജിക്കും കെമിസ്ട്രിക്കും മീതെ ഹുങ്കു കാണിച്ചപ്പൊള്‍ പുസ്തകമടച്ചുവെച്ചു കിടന്നു.
ചൊറ്റുപാത്ര വുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഇക്കയും ഉമ്മയും മടങ്ങാന്‍ തയ്യാറായിരിക്കുന്നു,,
“എല്ലാം റെഡിയല്ലെ.. ഇന്ന് പോവണം” .. ഞാനാകെ അന്തിച്ചു നിന്നു..
വീട്ടിലെത്തിയപ്പോള്‍ 12 മണി. ഉമ്മ ഓരോന്നു പിറു പിറുത്തു കൊണ്ടിരുന്നു,, ബാഗ് ശരിയാക്കുമ്പോള്‍ ഉമ്മയും ഉപ്പയും ഇത്തമാരും ഇക്കയെ കൂടുതല്‍ മെനക്കെടുത്തരുതെന്ന് പലവട്ടം ചൊല്ലി തന്നു.
നിലമ്പൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക് ട്രെയിനില്‍, അധികം തിരക്കില്ലായിരുന്നു,, ഷോര്‍ണ്ണൂര്‍ ചെന്നപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ നിറയെ ജനങ്ങള്‍.. പൊകറ്റും ബാഗുമെല്ലാം ശ്രദ്ധിക്കാന്‍ ഇക്ക പ്രത്യേകം പറഞ്ഞു തന്നു, ട്രയിന്‍ യാത്ര ആദ്യമായത് കൊണ്ട് ഞാനാകെ ഉല്‍ഖണ്ഢയിലായിരുന്നു.
“ഇനിപ്പൊ ട്രെയിനില്‍ പോകുന്നത് ബുദ്ധിയല്ല. വാ നമ്മക്ക് ബസ്സ് നോക്കാം”..
“ബസ്സില്‍ പോയാല്‍ ശാസംമുട്ട് കൂടൂല്ലെ, ആകെ എടങ്ങേറാകും” ... എനിക്ക് പേടിയായിരുന്നു
“അനക്ക് പരീക്ഷക്ക് എത്തണ്ടെ”.. ഞാനൊന്നും മിണ്ടിയില്ല,
എറണാകുളത്ത് എത്തുന്നതു വരെ സീറ്റ് കിട്ടിയില്ല, എന്നിട്ടും ഇക്ക കൂടുതല്‍ ഉന്മേഷവാനാകുന്നു. ആശുപത്രി കിടക്കയില്‍ നിന്നും എണീറ്റ് പോന്നതാണെന്ന തോന്നലേ ഇല്ല,
എന്നിലുള്ള ഭാവി ഡോക്ടറാവും ഇക്കക്ക് മരുന്ന് നല്‍കുന്നത്, എല്ലാം എനിക്ക് പുതുമയായതിനാല്‍ ഇക്കയുടെ പിന്നാലെ ഞാനും നടന്നു. കോട്ടയം വഴി ബസിന് ടിക്കറ്റ് കിട്ടി, കുറച്ച് സമാധാനമായി. നേരം വെളുക്കുന്നതിന് ഏറെ മുമ്പ് തന്നെ തിരുവനന്തപുരത്തെത്തി, യാത്രക്കിടയില്‍ പ്രധാന ടൌണുകളെല്ലാം ഇക്ക ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പറഞ്ഞു തന്നു, ഒരു പക്ഷെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു.
റൂം എല്ലാം ബുക്ക്ഡ് ആയിരുന്നു, ഒരുപാട് അലച്ചിലിനൊടുവില്‍ ഒരു ഓട്ടോകാരന്‍ വഴി റൂം തരപ്പെട്ടു, കുളിച്ച് ഫ്രഷായി പ്രാതലിനിറങ്ങി. കിഴക്കെ കോട്ടയില്‍ നിന്നും തിരുമലയിലേക്ക് ബസ്സ് കയറി. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിനടുത്ത് എത്തുമ്പോള്‍ സമയം 9 മണി. എക്സാം ഹാളില്‍ ഞാനെത്തിയിട്ടും പലരും എത്തിയിരുന്നില്ല..
തലേ ദിവസം വരെ ആശുപത്രിയില്‍ ചുമച്ച് ശ്വാസത്തിനായി ആഞ്ഞു വലിച്ച് കൊണ്ടിരുന്ന ഇക്ക ഇന്ന് എന്നെ കേരളത്തിന്റെ തെക്കെ അറ്റത്ത് എക്സാം ഹാളില്‍ എത്തിച്ചിരിക്കുന്നു,, എനിക്ക് വിഷ്വസിക്കാന്‍ പറ്റിയില്ല..
“ എങ്ങനുണ്ടായിരുന്നു എക്സാം..?
“കുഴപ്പല്ല, ന്നാലും ജയിക്ക്വാ ആവോ..
“സാരല്ല, ഇതല്ലെങ്കി ഇനിണ്ടാവല്ലോ ,, എന്തിനാ പേടിക്കുന്നത്,,
ഇക്കയുടെ വാക്കുകള്‍ മനസ്സില്‍ കൊണ്ടു, ഇത്രയൊക്കെ ബുദ്ധിമുട്ടി ഇവിടെയെത്തിയിട്ടും കുറ്റപ്പെടുത്തലിന്റെ ഒരു വാക്കു പോലും ആ വലിയ ഹ്ര്`ദയത്തില്‍ നിന്നു വന്നില്ല, കുറ്റബോധം തോന്നി..
“ ഇനി ഇവിടെയൊക്കെ ചുറ്റി കണ്ട് രാത്രി മടങ്ങാ..
എനിക്കു താല്പര്യമുണ്ടെങ്കിലും ഇക്കയുടെ സ്ഥിതി എന്നെ വല്ലാതാക്കിയിരുന്നു.പ്രധാന സഥലങ്ങളെല്ലാം ഇക്ക കൂടെ നടന്ന് കാണിച്ചു തന്നു, നിയമസഭ, മെഡിക്കല്‍ കോളേജ്, തുടങ്ങി,,
അവസാനമാണ് പത്മനാഭ സ്വാമീ ക്ഷേത്രത്തിലെത്തിയത്,,
“ ഇവിടെ ജ്ജ് ഒറ്റക്ക് പോയ്ക്കോ ,, ഞാന്‍ കുറെ പ്രാവശ്യം കയറിയതാ...”
ഇക്ക തളര്‍ന്നിരിക്കുന്നു, ചുവന്ന മുഖത്തു നിന്നും എനിക്കത് വായിക്കാന്‍ സാധിച്ചു,,
“വേണ്ട മ്മക്ക് പിന്നെ വരാം...
ഞാനെന്റെ ആഗ്രഹത്തെ അടക്കി പിടിച്ചു പറഞ്ഞു..
‘ഇല്ല.. ഒരു പ്രശ്നൂല്ല,, അതിനുള്ളില്‍ എല്ലാത്തിനും ഗൈഡുണ്ടാവും.. “
ഇക്ക കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊറ്റക്ക് കയറി. ഒന്നാം നില ചുറ്റി കണ്ടു, മുകളില്‍ കയറാന്‍ ആഗ്രഹമുണെണ്ടെങ്കിലും ഇക്കയെ ഓര്‍ത്തപ്പൊള്‍ മതിയാക്കി വെളിയിലിറങ്ങി.
വൈകീട്ട് വഴിക്കടവ് ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയിലൊക്കെയും ഇക്കാ‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു,. ഉറങ്ങിയതറിഞ്ഞില്ല.. ഇടക്ക് ഇക്ക തട്ടി വിളിച്ച് പറഞ്ഞു,,
“ആലപ്പുഴയെത്തി,, നമ്മള് പോന്നപ്പൊ ഇവിടെ കണ്ടിട്ടില്ല” .. ഉറക്ക ചടവില്‍ പുറത്തു നോക്കി... അധികം വലുതല്ലാത്ത ടൌണ്‍.. ബസ്സ് നിര്‍ത്തിയപ്പോള്‍ ഓരോ ചായ കുടിച്ചു.
വീട്ടില്‍ തിരിച്ചെത്തുമ്പോഴും ഇക്കാക്ക് തളര്‍ച്ച കൂടിയിരുന്നില്ല,,, ആശുപത്രി കിടക്കയില്‍ നിന്നും കേരളത്തിന്റെ അങ്ങേയറ്റം വരെയുള്ള യാത്രയില്‍ ഞാന്‍ ഇക്കക്കായിരുന്നോ കൂട്ട്.. അതോ ഓരൊ നാടും വിവരിച്ച്, സ്നേഹിച്ച്, കൂട്ടുകാരനായി, എന്നോടൊപ്പം ഇക്കയായിരുന്നോ കൂട്ട്,, അറിയില്ല,,
* * * * * *
ഇക്ക പറഞ്ഞ പോലെ പിന്നീട് ഇക്കയുടെ കൂടെ ഇങ്ങനൊരു യാത്ര ഉണ്ടായില്ല, പല ആശുപത്രികളിലായി പലവട്ടം ഇക്ക കിടത്തപ്പെട്ടു, ആ ശരീരം കീറിമുറിച്ച്, പലരും പലതും പഠിച്ചു.. നാല് വര്‍ഷത്തോളം... ഒരു പെരുന്നാള്‍ സുദിനം വരെ,, ഇക്ക പോയി.. എന്റെ കൂട്ടു കാരന്‍, വഴികാട്ടി. ഇക്കയെ എങ്ങനെ വാക്കൂകളില്‍ ഒതുക്കും..
ഡോക്ടറായില്ലെങ്കിലും ഞാനൊരു സ്ഥാനത്തെത്തി,, ഒരു പാട് കഷ്ടപ്പെട്ട് ...ഒരു പട് മുഖങ്ങള്‍ കണ്ടു, പാതി വഴിയില്‍ നഷ്ടപ്പെട്ട ഇക്കക്ക് മുമ്പില്‍ അവരൊന്നും എനിക്ക് വലുതല്ല,, ഈ ഞാന്‍ പോലും..!!

Sunday, March 15, 2009

ഒടുക്കത്തെ നൊസ്റ്റള്‍ജിയ

ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലെ ആരവത്തിലും ഞാന്‍ ഏകനാണെന്ന് തോന്നി.. മദീന ചെര്‍പുളശ്ശേരി മൂന്നാമത്തെ ഗോളടിച്ചപ്പോഴും കയ്യടിക്കാന്‍ തോന്നിയില്ല. മൊബൈലെടുത്ത് വെറൂതെ ഓരോന്നമര്‍ത്തിക്കൊണ്ടിരുന്നു. രണ്ടുമാസത്തെ അവധി കഴിയാറായി. തിരിച്ചുപോക്കാണ് ചിന്ത.
രാത്രി നേരത്തെ വീട്ടിലെത്തി. ഉറങ്ങുന്നതിനു മുമ്പ് റനീസിന് ഫോണ്‍ ചെയ്തു.
“നാളെ മിക്കവാറും നിലമ്പൂരില്‍ പോവണം.. ഇല്ലെങ്കില്‍ ഞാന്‍ കൂടെണ്ടാവും,,. വൈകുന്നേരം പുഴയില്‍ പോവാം”..
അവനും തിരക്കിലാണ്. നാട്ടിലായിരുന്നപ്പോള്‍ അവനായിരുന്നു സഹയാത്രികന്‍, പുഴയും കൊങ്ങന്‍ പാറയുമെല്ലാം ഞങ്ങള്‍ക്ക് മാത്രം ഉണ്ടായതാണെന്ന് തോന്നിയ കാലം.
ഉറക്കം വരാതായപ്പോള്‍ എം.ടി യുടെ കാലം വായിച്ച് കിടന്നു. സേതുവിന്റെ യാത്രകളില്‍ കൂടെ നടക്കുമ്പോള്‍ ഞാന്‍ എന്നെ തന്നെ വായിച്ചെടുത്തു. സ്കൂളും കോളേജും നാട്ടിലെ നടവഴികളും.. പഴമയുടെ ഓര്‍മ്മകളില്‍ മനസ്സും അറിയാതെ ഊറ്റം കോണ്ടു.
ചെരുപ്പ് വട്ടത്തില്‍ ചെത്തിയെടുത്ത് മുളം കോലില്‍ കുത്തിയുണ്ടാക്കുന്ന ഇരുചക്ര വണ്ടി, പഴയ പ്ലാസ്റ്റിക് കവറുകള്‍ ചുറ്റി മോടി കൂട്ടും.. തെങ്ങിന്‍ മടലില്‍ നിന്നും ചീന്തിയെടുത്ത പാന്തന്‍ കൊണ്ട് സ്റ്റെയറിങ്ങ്. കവുങ്ങിന്‍പോള കൊണ്ടുണ്ടാക്കുന്ന ബോഗികള്‍ക്കടിയില്‍ നാലോ ആറോ ചക്രം കൂടി വെച്ച് കല്ലും മണ്ണും ലോഡിങ് നടത്തും.. സിഗററ്റ് പാകയ്റ്റ് പൊളിച്ച് ‘K L 10 5555’ എന്നുകൂടി ഒരു നമ്പറിട്ടാല്‍ ബഹുകേമം. ഞങ്ങളെല്ലാവരും വണ്ടിമുതലാളിമാര്‍.. അന്ന്‍ ഷാഹുലിന് മാത്രമാണ് ഒരു സൈക്കിളുള്ളത്, ഒരു ട്രിപ്പ് കിട്ടാന്‍ വേണ്ടി എല്ലാവരും അവന്റെ കൂടെ കൂടും.
സ്വന്തമായ സൈക്കിളെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നത് പ്രി ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. നാലു വീടുകളില്‍ ട്യൂഷന്‍ പഠിപ്പിക്കണം. രാത്രി പത്തു മണിയാവും വീട്ടിലെത്താന്‍. പഴയ ഒരു സൈക്കിള്‍ വാങ്ങി.. പിന്നീട് എന്നോ കടം വാങ്ങിച്ചിരുന്ന ഇരുപത്തഞ്ച് രൂപക്ക് അനിയനത്
സ്വന്തമാക്കുകയാ‍യിരുന്നു.
പിന്നീട് ഡിഗ്രിക്ക് ചേര്‍ന്നപ്പോഴാണ് പുതിയ ഒരെണ്ണം വാങ്ങുന്നത്, അന്ന് ട്യൂഷന് പുറമെ രാവിലെ പത്ര വിതരണം കൂടിയായപ്പോള്‍ കാശിനത്ര മുട്ടും വന്നില്ല. ഗള്‍ഫിലോട്ട് കയറുമ്പോള്‍ അനിയനോട് പ്രത്യേകം പറഞ്ഞതാണ് അതു വില്‍ക്കരുതെന്ന്. എന്നിട്ടും വിറ്റു.
“ഇന്നലെ ലൈറ്റ് കെട്ത്താത്യാ ഓറങ്ങ്യേത് ല്ലെ....രാവിലെ ഉമ്മ വന്നു വിളിക്കുമ്പോള്‍ ഏറെ വൈകിയിരുന്നു..
സവറയിടാത്ത മേശപുറത്ത് പത്തിരിയും മീന്‍ കറിയും..
“ഒരു ടെയിനിങ്ങ് ടേവിള് മാങ്ങണം..” കാലുപൊട്ടിയ സ്റ്റൂള്‍ നീക്കി തന്ന് ഉമ്മ പറഞ്ഞു..
“ആ ഞാനവടെ ഹമീദാക്കാ‍ന്റെ ഫര്‍ണീച്ചറില്‍ ഏല്പിച്ചീനി.. ഇയാഴ്ച്ച കിട്ട്വായിരിക്കും..”
“ഓന്‍ ഇന്റെ സൈക്കിള് ആര്‍ക്കാ ബിറ്റത് ?
“അതാ അജ്ജപ്പന്റെ സിബു ബന്ന് കൊണ്ടോയി.. പയേത് എട്ക്ക്ണോട്ത്ത് കൊട്ക്കാനാന്നാ പറഞ്ഞത്..
കറിയില്‍ മുക്കിയ പത്തിരി കുറച്ച് നേരത്തേക്കവിടെതന്നെ വിശ്രമിച്ചു. മൂവായിരം രൂപ കൊടുത്തു വാങ്ങിയ എന്റെ പുന്നാര സൈക്കിള്‍ ആക്രിക്കടയിലെ തുരുമ്പിനിടയില്‍.. മനസ്സത് വിശ്വസിക്കാന്‍ തയ്യാറായില്ല..
“അന്റെ തുണീം കുപ്പാ‍യോം തിരുമ്പാനെങ്കിലും ഒരു കണ്ടം സാബൂന്‍ കോണ്ട്ന്നൂടെ..
പത്തുമണിക്കുള്ള കഞ്ഞിക്ക് വന്ന അനിയനോടാണ്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഞാന്‍ വാങ്ങിച്ചാലും ഈ പല്ലവി അവനോടു പറഞ്ഞില്ലെങ്കില്‍ ഉമ്മാക്ക് ഇരിപ്പുറക്കില്ല..
“ജ്ജ് ന്റെ സൈക്കിള് വിറ്റു ല്ലെ..
“ആ അതൊക്കെ തുര്മ്പെട്ത്ത് തൊടങ്ങീനീ..
“ന്നാലും ഞാനെത്ര കഷ്ടപ്പെട്ടാ അത് വാ‍ങ്ങീത് ന്നറിയോ??
“ഓ..... അന്റെ ഒടുക്കത്തൊരു നൊസ്റ്റാള്‍ജിയ.. ജ്ജാരാ വാത്സല്യത്തിലെ മമ്മുട്ട്യോ...?
ഉം.. ഒന്നമര്‍ത്തി മൂളി ഞാന്‍ കോലായിലോട്ടു നടന്നു..
ഉച്ച വെയിലിന്റെ ശൌര്യം കുറഞ്ഞപ്പോള്‍ റോഡിലേക്കിറങ്ങി. റനീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവന്‍ നിലമ്പൂരിലാണെന്നറിഞ്ഞു.
ലീവ് തീരാറായിരിക്കുന്നു, അവനിനി കൂടെ വരുമെന്നു ഉറപ്പില്ല,, എല്ലാവരും തിരക്കിലാണ്. കൊങ്ങന്‍ പാറയിലിരിക്കാനിനി കൂട്ടിനാരെയും കിട്ടിയെന്നു വരില്ല..
സൂര്യന്‍ ചുവന്നു തുടങ്ങിയപ്പോള്‍ ചെളി നനഞ്ഞുണങ്ങിയ വയല്‍ വരമ്പിലൂടെ നടന്നു. പാറയുടെ താഴ്വാരത്തായി ഒറ്റക്കിരുന്നു. ആരും ഈ വഴി വരാറില്ലെന്നു തോന്നുന്നു..
എന്റെ ഒടുക്കത്തെ നൊസ്റ്റാള്‍ജിയകളും സങ്കടങ്ങളും ആരോടെന്നില്ലാതെ പറഞ്ഞു, ആരും കേള്‍ക്കാനില്ലാത്തതിനാല്‍ ഭ്രാന്തനെന്നു മുദ്ര കുത്തപ്പെടില്ല..
വെയിലേറ്റ് കൂമ്പിയ വള്ളികള്‍ എന്നില്‍ നിന്നും കാതടച്ച പോലെ നിന്നു, കൂടണയാനൊരുങ്ങുന്ന കിളികള്‍ എന്നെ കളിയാക്കി ചിലച്ചു..കായ്ച്ചിട്ടില്ലാത്ത നെല്ലിമരങ്ങള്‍ക്കും ഗൃഹാതുരത്വം നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയും ഇങ്ങനെ പഴമയെ കൊതിക്കല്ലെ എന്ന് ഒരുപാട് തവണ മനസ്സില്‍ പറഞ്ഞു. വറ്റിത്തുടങ്ങിയ തെളിനീരുറവയില്‍ മുഖം കഴുകിയപ്പോള്‍ മനസ്സൊന്നു തണുത്തു.. സ്വയം മാറിയെന്ന് ആത്മഗതം ചെയ്ത് പാറപ്പുറത്ത് നീണ്ട് നിവര്‍ന്നു കിടന്നു..
മെല്ലെ വീശിയ ഇളംതെന്നലില്‍ മാത്രം നൊസ്റ്റാള്‍ജിയ മണത്തു.. രാവിലെ ആരോ വയറുഴിഞ്ഞ് ഇവിടെ വന്നിരിക്കണം.!!

Wednesday, February 25, 2009

ബാല്യം ചോദിച്ചു വാങ്ങിയ അനാഥത്വം

നാലു ഭാഗത്തേക്കും പരന്നു കിടക്കുന്ന നെല്പാടങ്ങളും, തെച്ചിക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചെങ്കാടി കുന്നും പറങ്കി മാവുകള്‍ ഇരുട്ടു നിറച്ച ശീലകുന്നും... ബാല്യത്തിന്റെ നിഷ്കളങ്കമായ അലച്ചിലുകള്‍ക്ക്‍ അതിരില്ലായിരുന്നു. കെട്ടുപന്തും പമ്പരവും, കള്ളിക്കായ ഈര്‍ക്കിലില്‍ കുത്തിയ ഇരുചക്രവണ്ടികളുമായി ഞങ്ങളുടെ പടയോട്ടം കാലത്തിന്റെ മാറ്റമനുസരിച്ചു ഇവിടെയെല്ലാം അരങ്ങേറികൊണ്ടിരുന്നു.. സ്കൂളിലേക്കും തിരിച്ചുമുള്ള കാല്‍നട യാത്രകളാണ്, ഇവയൊക്കെയും സമയത്തിനനുസരിച്ച് തരം തിരിക്കാനുള്ള യോഗ സമയമാക്കിയിരുന്നത്,, വീട്ടിലെ പായാരം പലതിനും പലപ്പോഴും തടസ്സമായിരുന്നെങ്കിലും ഒന്നിനും ഞാന്‍ ഒഴിവു പറയാറില്ലയിരുന്നു,,, കൂട്ടത്തിലുള്ളവര്‍ എന്നെപ്പോലെതന്നെ പായാരക്കാരായത് കൊണ്ട്, ഞങ്ങളുടെ ബഡ്ജറ്റ് എപ്പോഴും അത്തരത്തിലൊക്കെ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതാ‍ണ് സത്യം..
ക്ലാസില്‍ രണ്ടാമനായിരുന്ന എനിക്ക് പക്ഷെ പലപ്പോഴും പുസ്തകവും പേനയുമെല്ലാ‍ം കടം വങ്ങേണ്ടി വന്നു,, കൂട്ടുകാരനായ ബാബു പല‍പ്പോഴും ഇവയുടെയൊക്കെ ദാതാവായി,, ഓര്‍ഫനേജില്‍ താമസിക്കുന്ന അവനു ഇക്കാര്യങ്ങളില്‍ പണക്കാരനായത് കണ്ട് എന്റെ പക്വതയെത്തിയിട്ടില്ലാത്ത മനസ്സും ആഗ്രഹിച്ചുപോയി,,,, ഇവനെപ്പോലെയായെങ്കിലെന്ന്,, വീട്ടില്‍ രാത്രിവായനക്കുള്ള മണ്ണെണ്ണ വിളക്കിനു വേണ്ടി കാക്കയോടും പെങ്ങളൊടും അടിപിടി കൂടാത്ത ദിവസങ്ങള്‍ കുറവായിരുന്നു,, ക്ലാസില്‍ പരക്കുന്ന മണ്ണെണ്ണ-ഗന്ധത്തിന് ഉത്തരവാദി ഞാനും എന്റെ പുസ്തകവുമാവുമ്പോള്‍, രാത്രിയിലെ കറണ്ടുകട്ടും വോള്‍ട്ടേജ് കുറവുമായിരുന്നു അവനെപ്പോലെ പലര്‍ക്കും സംസാരവിഷയം..!!

അന്നൊരു രാത്രി സയന്‍സിലെ രാധാമണി ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോഴായിരുന്നു ഉപ്പയുടെ വര്‍ത്തമാനം ശ്രദ്ധിച്ചത്..നാട്ടിലെ പ്രമുഖരിലൊരാള്‍ ഉപ്പയുമായി ചര്‍ച ചെയ്റ്റതാണത്രെ.. ഉമ്മയുടെ പ്രതികരണം അനുകൂലമായിരുന്നില്ല,, മനസ്സില്ലാ മനസ്സോടെ ഉപ്പയും പറയുന്നത് കേട്ടു...
“ ആലോയ്ച്ച് നോക്കട്ടെ,, ഇപ്പൊ യതീംകാനയില്, നല്ല സുഖാന്നല്ലെ കേള്‍ക്കണത്,, നമ്മളെ മര്യത്തിന്റെ സാജീം മനാഫുക്കെ എത്രകാലായീ അബ്ടെ..”

ഉപ്പയുടെ പെങ്ങളാണ് മറിയം,, ഭര്‍ത്താവ് മരിച്ചതിനു ശേഷം രണ്ട് മക്കളെയും ഓര്‍ഫനേജില്‍ ആക്കിയിട്ട് അവരും ജോലി നോക്കുന്നു,,, ഏതായാലും കാര്യങ്ങള്‍ എന്റെ ആഗ്രഹത്തിലേക്ക് വരുന്നത് കണ്ടപ്പോല്‍ സമപ്രായക്കാരിയായ പെങ്ങളൊട് ചര്‍ച്ച ചെയ്തു,, ഗേള്‍സ് വിങ്ങ് വിദ്യാര്‍ഥിനികളുടെ കഥ കേട്ട് സങ്കടപ്പെടുന്ന അവള്‍ക്ക് വീട്ടിലിനി എന്തു സംഭവിച്ചാ‍ലും യതീംഖാനയിലോട്ട് പോവുന്നത് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.

ഏതായാലും അധികം ദിവസങ്ങളെടുക്കാതെ തന്നെ തീരുമാനമയി.. എന്റെ നിര്‍ബന്ധത്തിനും വീട്ടിലെ പ്രാരാബ്ദത്തിനും വഴങ്ങി ഞാനും പെങ്ങളും അനാഥകളാകാന്‍ വിധിക്കപ്പെട്ടു..

പുതിയൊരെണ്ണമുള്‍പ്പടെ മൂന്നു കൂട്ടം കുപ്പായങ്ങളും സോപ്പും ചകിരിയും ഉമിക്കരിയും പിന്നെ പത്തിരി ചാറ്റിലിട്ട പോലെയെന്നു പലരാലും വിശെഷിപ്പിക്കപ്പെട്ട കുറച്ചു പുസ്തകങ്ങളുമെല്ലാം തകരപ്പെട്ടിയിലാക്കുന്നതിനിടയില്‍ പമ്പരവും ചാട്ടും, സമ്പാദ്യമായ കുറെ ഗോലികളും വീടിന്റെ ഇടച്ചുവരില്‍ കയറ്റി വെച്ചു,, എന്തും സ്വന്തം പേരില്‍ അവകാശപ്പെടുന്ന അനിയന്‍ ഇതും നാളെമുതല്‍ സ്വന്തമാല്ക്കില്ലെന്ന് പറയാനൊക്കില്ലല്ലൊ..!

വീട്ടുകര്‍ക്കും അയല്‍ പക്കക്കാര്‍ക്കും സലാം ചൊല്ലി പാടവരമ്പത്തോട്ടിറങ്ങുമ്പോള്‍ മനസ്സില്‍ രക്ഷപ്പെടലിന്റെ ആനന്ദത്തിമര്‍പ്പായിരുന്നു,, കൂട്ടുകാരെ വിട്ടു പൊവുന്നതില്‍ കുറ്റബോധമോ സങ്കടമോ തോന്നിയില്ല,, ഇടവഴികളും മണ്‍ചെരുവുകളും കഴിഞ്ഞു ഓട്ടോയില്‍ കയറി വലിയൊരു ആമത്താഴിട്ടു പൂട്ടിയ ആ വലിയ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍ ഉപ്പ ഒരു നിമിഷം നിന്നു,,, എന്റെ കൈകളില്‍ മുറുകുന്ന ഉപ്പയുടെ കൈകളുടെ അര്‍ഥമോ മൌനമായ മനസ്സിന്റെ വേദനയോ എനിക്കു മനസ്സിലായിരുന്നില്ല.. പുതിയൊരു ലോകത്തേക്കുള്ള പാലായനത്തിലായിരുന്നു എന്റെ കുഞ്ഞു മനസ്സ്. അല്ലേലും ആറാമത്തെ മകളും ഏഴാമത്തെ മകനും ഉപ്പയുടെ സ്നേഹം ആശിച്ച പോലെ അനുഭവിച്ചിട്ടില്ല,, മീന്‍ കച്ചോടം കഴിഞ്ഞ് ക്ഷീണിതനായ മുഖവും ദേഷ്യം നിറയുന്ന ചുവന്ന കണ്ണുകളും കൊണ്ട് ഉള്ളിലെ സ്നേഹം പ്രകടമാക്കാന്‍ ഉപ്പാക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല..

ബാബുവിന്റെ കത്തിയില്‍ ഞാനാക്ര്`ഷടനായിട്ട് മാസങ്ങളായി,, ഇന്നിതാ ഞാനും അവനെപോലെ ഇവിടുത്തെ വെളുത്ത ട്യൂബിന്റെ വെളിച്ചവും പൈപ്പിന്റെ കീഴിലെ കുളിയും നേരത്തിനുള്ള ഭക്ഷണവും അനുഭവിക്കുകയാണ്.. രാത്രി വായിക്കാന്‍ നല്ല മൂഡായിരുന്നു,, നേരത്തെ എഴുനേറ്റ് കുളിക്കാനായി വരിനില്‍ക്കുമ്പോള്‍ പുതിയ കുട്ടിയെന്ന പരിഗണന എല്ലാവരും തന്നു,, ഷാജിയുടെ കുടുംബക്കാരനെന്ന സല്പേരും കുറച്ചൊന്നുമല്ല അനുഭവിച്ചത്,,, ഞാന്‍ സന്തോഷിക്കുകയായിരുന്നു,, സ്കൂളില്‍ ചെല്ലുമ്പോള്‍ പഴയ കൂട്ടുകാരെത്തും, അവരോടു വീമ്പു പറയും, മണ്ണെണ്ണ വിളക്ക് മാത്രം കണ്ടു വളര്‍ന്ന അവര്‍ക്കും ലൈറ്റും ഫാനും പൈപ്പിമെല്ലാം വലിയകാര്യങ്ങളായിരുന്നു,

മൂന്നാം ദിവസമായപ്പോഴേക്കും എന്റെ പുത്തന്‍ നഷ്ടപ്പെട്ടുകോണ്ടിരുന്നു,, രാവിലെ ക്യൂവില്‍ ഞാന്‍ സാധാരണക്കരനായി മാറി,, സോപും പേനയുമെല്ലാം പലപ്പോഴായി മോഷ്ടിക്കപ്പെട്ടു. തല്ലുകൂടിയിട്ടാണെങ്കിലും കിട്ടുന്ന മീന്‍ കഷ്ണത്തിന്റെ രുചി വരിനിന്നു വാങ്ങുന്ന ബിരിയാണിക്ക് കിട്ടിയില്ല...!! എവിടെ തിരിഞ്ഞാലും നിയമങ്ങള്‍ മാത്രമായി,,, എന്തിനുമേതിനും സമ്മതം കിട്ടേണ്ടി വന്നു,,, രാവിലെ പാട്ടു പാടിയൊന്ന് കക്കൂസിലിരിക്കാന്‍ പോലും സ്വൈര്യമില്ല.. വാതിലില്‍ മുട്ട് കേള്‍ക്കും..
നാട്ടിലെ ഓരോ പോക്കിരിത്തരങ്ങള്‍ കൂട്ടുകാര്‍ പൊടിപ്പും തുങ്ങലും വെച്ച് വിളമ്പുന്നത് കേട്ടപ്പോള്‍ ഗ്ര്ഹാതുരത്തത്തിന്റെ ഓര്‍മ്മകള്‍ മെല്ലെ തലപ്പൊക്കാന്‍ തുടങ്ങി,, തെങ്ങിന്‍ തോട്ടത്തില്‍ ക്രിക്കറ്റ് കളിച്ചതിന് ചീത്തവിളിച്ച ചെറിയോന്‍ കാക്കയെ കൂവിയാട്ടിയതെല്ലാം കേല്‍ക്കുമ്പോള്‍ കുരുത്തക്കേട് തിളക്കുന്ന എന്റെ മനസ്സിന് നഷ്ടബോധം തോന്നാതിരിക്കില്ലല്ലൊ..

മനസ്സ് അടങ്ങാതായി,, അപ്പവടി കൊണ്ടുള്ള ഉപ്പയുടെ അടിക്ക് പിത്ര്`വാത്സല്യത്തിന്റെ നോവായിരുന്നു എന്നു ബോധ്യപ്പെട്ടു.. ഓര്‍ഫനേജിലെ വാര്‍ഡന്‍ തല്ലുമ്പോള്‍ എന്തെന്നില്ലാത്ത അരിശവും അറപ്പും തോന്നുന്നു.. നല്ല കടുപ്പവും മധുരവുമുള്ള ചായയ്ക്ക് ഉമ്മയുടെ ചക്കരചായയുടെ മാധുര്യമില്ല.. രാത്രി എഴുതാനോ വായിക്കാനോ തോന്നുന്നില്ല,, ജനലഴികള്‍‍ പേടിപ്പെടുത്തുന്നു..ഒരാഴ്ച പിന്നിട്ടതെയുള്ളൂ,, ഓര്‍ഫനേജ് എന്നത് എനിക്കൊരു ജയിലാവാന്‍ തുടങ്ങിയിരുന്നു...
പിറ്റേന്നു മദ്രസ്സയില്‍ നിന്നും കൂട്ടുകാരനാണ് പരഞ്ഞത്,, “ഇന്നലെ അന്റെ പെങ്ങള്‍ ക്ലാസില് നൊലോളിച്ചിരിക്ക്ണ്”
എനിക്ക് കാര്യം പിടികിട്ടിയില്ല,, സ്കൂളിലെ ഇന്റര്‍വെല്ലിന് നേരെ അവളുടെ ക്ലാസിലെത്തി,, അവള്‍ അപ്പോഴും കരയുന്നു,, അയല്പക്കക്കാരുടെ ‘ബോബനും മോളിയും‘ പിരിഞ്ഞിട്ട് ഒരാഴ്ചായായിരിക്കുന്നു,, രാത്രിയിലെ ഉണ്ടാക്കി കഥയോ അടിപിടിയോ ഇപ്പോഴില്ല. അവളുടെ കരഞ്ഞു ചുവന്ന മുഖംകണ്ട് വല്ലാതായി...
“അവിട്യൊക്കെ ഇമ്മെം ബാപ്പെം ഒയ്ച്ചിട്ടോലാ... ഇച്ച് കൂടീ പോണം..” അവളുടെ തേങ്ങല്‍ കൂടി വന്നു.
എന്തു പറയണെമെന്നറിയാതെ ഞാനും വല്ലാതായി,, അല്ലേലും ഒരഞ്ചാംക്ലാസ്സുകാരന്‍ എന്തു ചെയ്യാന്‍... കൂടെ നടന്ന് വളപ്പൊട്ട് പെറുക്കലും മാങ്ങാ ഉപ്പുകൂട്ടി തിന്നലുമല്ലെ പഠിച്ചിട്ടുള്ളൂ,,,
പിറ്റേന്ന് വെള്ളിയാഴച്ച,, ബിരിയാണിയാണ്,, ഒന്നിലും ഒരു രസവുമില്ല,, ഉച്ചക്കു വരുമെന്നു പറഞ്ഞ ഉമ്മയെയും താത്തമരെയും കാത്തിരിക്കുകയാണ്.. 4 മണിയായപ്പോഴാണ് അവരെത്തിയത്.. പെങ്ങളുടെ അടുത്തു ആദ്യം പോയതു കാരണം എല്ലാവിവരങ്ങളും അവരുടടുത്തുണ്ട്,, അവരെകണ്ടതും ഞാനോടി ചെന്നു,,, ഉമ്മ ആദ്യമായി എന്റെ മുമ്പില്‍ കണ്ണ് നിറച്ചു,, ഒപ്പം വന്ന താത്തമാര്‍ക്ക് എന്തു പറയണമെന്നു അറിയില്ലായിരുന്നു,,,

“ഞങ്ങള് കുടീക്ക് പോരാ,, ഇബടെ മാണ്ടാ..” കരഞ്ഞാണ് ഞാ‍നത് മുഴുമിപ്പിച്ചത്...ഉപ്പാനോടു പറയാം എന്നു പറഞ്ഞ് അവരൊക്കെ ക്കൂടി സമാധാനിപ്പിച്ചു,,
അന്നു രാത്രി വല്ലാത്തോരു മാനസികാവസ്ഥയായിരുന്നു. ഉപ്പ സമ്മതിക്കുമോഎന്നറീയില്ല,,ഇല്ല സമ്മതിക്കില്ല, കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രതികരണം,, ഓര്‍ഫനേജില്‍ വിരുന്നുപാര്‍ത്തെന്ന ഇരട്ടപ്പേരാവും കളിക്കുമ്പോഴൊക്കെയും...ആകെ കടലിനും ചെകുത്താനും നടുക്ക് പെട്ട പോലെയായി.. പിന്നെ ഇവിടെതന്നെ നില്‍ക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചു,,വീട്ടിലെ തീരാപരാതികള്‍ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ പാടുപെട്ടു

രാവിലെ മദ്രസ്സയില്‍ ഇരിക്കുമ്പോള്‍ പുറത്ത് ഉപ്പ,,, ഞാനാകെ അല്‍ഭുതപ്പെട്ടു,, ചീത്തപറയാ‍നാണോ അതോ കൊണ്ടു പോവാനോ എന്നറിയില്ല,,, ഭയമായിരുന്നു മനസ്സില്‍...ക്ലാസില്‍ വന്ന മറ്റൊരു ഉസ്താദ് എന്നെ വിളിച്ചിറക്കി കോണ്ടു പോയി... അപ്പോഴേക്കും എല്ലാം തയ്യാറായിരുന്നു,,,

“ജ്ജ് ചെന്ന് പെട്ടിം കിറ്റുമൊക്കെ എടു ത്ത് ബാ”.. ഉപ്പയുടെ വാക്കുകളില്‍ അളവറ്റ വാത്സല്യം തോന്നി..
എല്ലാം എടുത്ത് ക്ലാസില്‍ ചെന്ന് പോവട്ടെ എന്നു പറഞിറങ്ങി,,,
അനാഥന്‍ വീണ്ടും സനാഥനാവുന്നു,, പട്ടിണിക്കും പായാരത്തിനും അപ്പുറത്ത് ഉപ്പയുടെയും ഉമ്മയുടെയും വാത്സല്യം തേടി വീണ്ടും വീട്ടിലേക്ക്,, ചെങ്കാടി കുന്നിന്റെ താഴവാരവും ചേറു കലങ്ങിക്കിടക്കുന്ന വയലുകളൊടും കളിപറയാന്‍,,,

വൈകീട്ട് കെട്ടു പന്തുമായി റാശിദ് കൂക്ക് വിടുമ്പോള്‍ ഞങ്ങളോരൊരുത്തരായി വീടുകളില്‍ നിന്നുമിറങ്ങിയോടി....അതിരുകളില്ലാതെ,, നിയമത്തിന്റെ വന്മതിലുകളില്ലാതെ